മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ വൻ പരാജയമായി മാറിയ ചിത്രമാണ് ആട്. എന്നാൽ ചരിത്രം മാറ്റിക്കുറിക്കുകയായിരുന്നു ആടിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും. ഇപ്പോളിതാ അഞ്ച് ദിവസം പിന്നിടുമ്പോൾ ആട് ത്രീയുടെ കളക്ഷൻ 82 കോടിയോളമാണ്. ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള വിജയമാണ് ഷാജിപാപ്പനും പിള്ളേരും നേടിയെടുത്തത്.
ആട്, Photo; IMDb
ചിത്രത്തിൽ നിരവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും, ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു. പ്രത്യേകിച്ച്, അധികം ഡയലോഗുകളൊന്നുമില്ലാതെ തന്റെ ബോഡി മാനറിസവും സ്ക്രീൻ പ്രസൻസും കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായ സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കൽ അബു.
സിനിമ മുഴുവൻ ശ്രദ്ധേയമായ സംഭാഷണങ്ങൾ ഇല്ലാതെയും ശക്തമായ പ്രകടനം കാഴ്ചവെക്കാനാകുമെന്ന് തെളിയിച്ച കഥാപാത്രമാണ് അബുവിന്റേത്. ഇപ്പോൾ അറക്കൽ അബു എന്ന കഥാപാത്രത്തെക്കുറിച്ച് തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സൈജു കുറുപ്പ്.
‘അറക്കൽ അബുവിന്റെ റോൾ ഇങ്ങോട്ട് വന്നതല്ല, ഞാൻ തന്നെയാണ് ഒരു അവസരം ചോദിച്ച് വിജയിയെ സമീപിച്ചത്. വിജയ് അത് മിഥുനോട് പറഞ്ഞു. തുടർന്ന് മിഥുനെ വിളിച്ച് ചാൻസ് ചോദിച്ചെങ്കിലും ആദ്യം അദ്ദേഹം എന്നെ റിജക്ട് ചെയ്തു.
അറക്കൽ അബു, Photo: IMDb
എന്നാൽ ഒരാഴ്ച കഴിഞ്ഞ് മിഥുൻ തന്നെയാണ് വീണ്ടും വിളിച്ച്, ‘ചേട്ടാ, ഒരു പരിപാടിയുണ്ട്. അറക്കൽ അബു എന്നാണ് കഥാപാത്രത്തിന്റെ പേര് എറണാകുളത്ത് വരുമ്പോൾ ഒന്ന് കേട്ട് നോക്കൂ,’ എന്ന് പറഞ്ഞു.
അങ്ങനെ ഞാൻ എറണാകുളത്ത് മിഥുന്റെ ഫ്ലാറ്റിൽ പോയപ്പോൾ, അദ്ദേഹം കഥാപാത്രത്തിന്റെ ഒരു രൂപം വിശദീകരിച്ചു. പിന്നീട് എന്റെ സീനുകളും അയച്ചു. സീനുകൾ വായിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എനിക്ക് വളരെ കുറച്ച് ഡയലോഗുകളാണ് ഉണ്ടായിരുന്നത്.
ഒരു നടനെന്ന നിലയിൽ ഡയലോഗുകൾ കുറവാണെങ്കിൽ ടെൻഷനാണ്. ‘എനിക്ക് ഒന്നും ചെയ്യാനില്ലല്ലോ’ എന്നൊരു തോന്നൽ. അതേസമയം, രണ്ട് പേജ് ഡയലോഗ് കിട്ടിയാൽ അതും പേടിയാണ്.
എല്ലാ സീനിലും എനിക്ക് ഒരു ഡയലോഗ് മാത്രമാണെന്ന് കണ്ടപ്പോൾ, അത് പറഞ്ഞ് പരാതി പറയാനും കഴിഞ്ഞില്ല. കാരണം, ആദ്യം തന്നെ ഞാൻ അവസരം ചോദിച്ച് പോയതായിരുന്നു. വേറെ വഴി ഇല്ലായിരുന്നു. കിട്ടിയ അവസരം മികച്ച രീതിയിൽ ചെയ്യുക എന്നതാണ് അന്നത്തെ എന്റെ മനസിലുണ്ടായിരുന്നത്,’ സൈജു കുറുപ്പ് പറഞ്ഞു.
ഫസ്റ്റ് ഷൂട്ടിന്റെ സമയം അറക്കൽ അബുവിന്റെ വിഷ്വൽസ് കണ്ടപ്പോൾ ആശ്വാസമായെന്നും ഇതൊരു വമ്പൻ ക്യാരക്ടർ ആയിരിക്കുമെന്ന് ഉറപ്പിച്ചെന്നും താരം പറഞ്ഞു.
‘ഫസ്റ്റ് ഡേ ഷൂട്ടിൽ ഞാൻ ബിവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി വരുന്നതും, വാൾ കത്തി കൊണ്ട് പുറം ചൊറിയുന്ന സ്ലോ മോഷൻ ഷോട്ടുമാണ് ഉണ്ടായിരുന്നത്. സ്ക്രിപ്റ്റിൽ ഞാൻ ബിവറേജിൽ നിന്ന് സാധനം വാങ്ങി വരുന്നതായി മാത്രമേ എഴുതിയിരുന്നുള്ളു.
എന്നാൽ ആ ഷോട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അപ്പോഴാണ് എനിക്ക് മനസിലായത് ഒരു പത്ത് ഡയലോഗിന് തുല്യമാണ് ആ ഒരു ഷോട്ടെന്ന്. അത്രയും ബിൽഡപ്പ് ഉള്ള ഒരു കഥാപാത്രമാണത്,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Saiju Kurup talks about his character in the movie Aadu
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.