മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത മികച്ച നടനാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.
‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ‘ആട്’ എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറി.
ഇപ്പോൾ ഏറ്റവും പുതിയ ‘ഭാരതനാട്ട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്. തമിഴിൽ ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ തന്റെ പേര് അനിരുദ്ധ് എന്ന് മാറ്റിയെന്നും , എന്നാൽ ആരും തന്നെ വിളിക്കാതെയായപ്പോൾ അത് വേണ്ടെന്ന് വെച്ചുവെന്നും തുറന്നുസംസാരിക്കുകയാണ് അദ്ദേഹം. ഷെഫ് നളന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പേര് മാറ്റിയാലെങ്കിലും ഒന്ന് രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് ‘അനിരുദ്ധ്’ എന്ന പേര് മാറ്റിയത്. പേരുമാറ്റം എല്ലാവരും അറിയാൻ വേണ്ടി ഒരു മാഗസിനിൽ റിപ്പോർട്ട് ചെയ്തതും താൻ പറഞ്ഞിട്ടാണ്. എന്നാൽ പിന്നീട് ആ തീരുമാനം വേണ്ടെന്നുവെക്കേണ്ടി വന്നുവെന്നും താൻ സ്വയം വിചാരിച്ച് വേണ്ടെന്നുവെച്ചതല്ല, മറിച്ച് ആരും തന്നെ ആ പേര് വിളിക്കുന്നില്ലായിരുന്നു എന്നതാണ് സത്യം എന്നും സൈജു പറയുന്നു. ഒരാളെങ്കിലും ആ പേര് വിളിക്കണ്ടേ? താൻ സ്വയം ആ പേര് വിളിച്ച് ശീലിച്ചാലല്ലേ മറ്റുള്ളവരും അത് വിളിക്കുകയുള്ളൂ എന്നും സൈജു തമാശയോടെ പറഞ്ഞു.
‘ഞാൻ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. അവിടെയുള്ളവരോടൊക്കെ എന്റെ പേര് അനിരുദ്ധ് എന്നാണ് പറഞ്ഞിരുന്നത്. അവർ ആ പേര് വിളിക്കുമായിരുന്നു, പക്ഷേ ഞാൻ വിളി കേൾക്കില്ലായിരുന്നു. കാരണം എന്നെയാണ് അവർ വിളിക്കുന്നതെന്ന് എനിക്ക് പെട്ടെന്ന് മനസിലാവില്ലായിരുന്നു.
എന്റെ പേര് അനിരുദ്ധ് ആണെന്ന് ഞാൻ പോലും ഉള്ളുകൊണ്ട് അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് മറ്റുള്ളവർ ആ പേര് വിളിക്കുക? നാട്ടുകാർക്ക് എന്നെ സൈജു കുറുപ്പായിട്ടാണ് അറിയാവുന്നത്. എങ്കിലും വ്യക്തിപരമായി എനിക്ക് ‘അനിരുദ്ധ്’ എന്ന പേര് ഒരുപാട് ഇഷ്ടമായിരുന്നു.’ സൈജു കുറുപ്പ് പറയുന്നു.
Content Highlight:Saiju Kurup talks about his brief name change to Anirudh