മലയാള ചലച്ചിത്ര രംഗത്ത് മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയ്യപ്പെട്ട നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളാണെങ്കിലും ഗൗരവം നിറഞ്ഞ വേഷമാണെങ്കിലും അവ അനായാസേന കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം. 2005ൽ മയൂഖം എന്ന സിനിമയാണ് നടന്റെ ആദ്യ ചിത്രം. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. അബു എന്ന കോമഡി നിറഞ്ഞ ഗുണ്ടാ വേഷം ട്രോളുകളിലൂടെയും മറ്റും ഇപ്പോഴും ഹിറ്റാണ്.
ആയിഷ, ഇ.ഡി. എന്നീ സിനിമകൾക്ക് ശേഷം അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റയാണ് നടന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് ഒറിജിനൽസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഇപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ മയൂഖമാണെന്നും മോഹിനിയാട്ടത്തിലൂടെയാണ് ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് കിട്ടിയതെന്നും പറയുകയാണ് നടൻ.
‘ആദ്യമായിട്ട് എനിക്ക് ഒരു ബോക്സ് ഓഫീസ് ഹിറ്റ് കിട്ടിയത് മോഹിനിയാട്ടത്തിലൂടെയാണ്. ഭരതനാട്യം, അഭിലാഷമൊക്കെ ഒ.ടി.ടി. ഹിറ്റുകളാണ്. ബോക്സ് ഓഫീസിൽ ഹിറ്റാവാൻ ഞാൻ കാത്തിരുന്ന സിനിമയാണ് മോഹിനിയാട്ടം.
ആട് .Photo.Screen Grab/Facebook.com
അതേസമയം മോഹിനിയാട്ടവും ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയും നോക്കുമ്പോൾ ആടാണ് എനിക്ക് ഇഷ്ടം. കാരണം, മോഹിനിയാട്ടത്തിലേക്ക് ഞാൻ എത്താൻ കാരണം ആടാണ്. പക്ഷേ എപ്പോഴും എനിക്ക് പ്രിയപ്പെട്ട സിനിമ മയൂഖമാണ്. ആദ്യത്തെ പടമാണത്, അതുകൊണ്ട് ആദ്യത്തെ കൊച്ചിനെ പോലെയാണ് എനിക്ക്,’ സൈജു പറഞ്ഞു.
തനിക്ക് പണ്ട് സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത് നടി ശ്രീദേവിയോട് പ്രേമം തോന്നിയിരുന്നുവെന്നും ആ സമയത്തൊന്നും താൻ സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റിയൊന്നും ആലോചിച്ചിരുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
‘ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ജൻബാസ് എന്ന് പറഞ്ഞ ശ്രീദേവി ഡബിൾ റോൾ അഭിനയിച്ച ഒരു പടം വന്നിരുന്നു. ഭയങ്കര ടാലന്റ് ആണല്ലോ ശ്രീദേവിക്ക്. ആ സിനിമ കണ്ടു കഴിഞ്ഞാൽ നമ്മൾ എന്തായാലും അവരുമായി പ്രേമത്തിലാകും. ഞാൻ ആക്ച്വലി സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റി അപ്പോൾ ചിന്തിച്ചിട്ടേ ഇല്ല. കാരണം ഞാൻ ബോംബയിൽ ആയിരുന്നില്ല.
ബോംബേ നമുക്ക് അത്യാവശ്യം നല്ല ദൂരമായിരുന്നു. അവിടെ എന്തായാലും പരിചയക്കാരേയില്ല. സിനിമയിൽ ഒരു രീതിയിലുള്ള പരിചയക്കാരും ഇല്ല. ഇവിടെയും റിലേറ്റീവ്സ് ആയിട്ടും ആരും പരിചയക്കാരില്ല. അതുകൊണ്ട് അഭിനയത്തിനെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല. സിനിമയിൽ വന്ന് എനിക്ക് ആദ്യം കിട്ടിയ പ്രതിഫലം 25000 രൂപയാണ്. ആട് 2ന് ശേഷമാണ് എനിക്ക് ഒരു സെവൻ ഡിജിറ്റ് ഫിഗർ സാലറിയായിട്ട് കിട്ടാൻ തുടങ്ങിയത്’, താരം പറഞ്ഞു.
Content Highlight: Saiju Kurup stated that the movie was a box office hit and that he only began earning a seven-digit salary after Aadu 2.