ചെലവ് ഒന്നാം ഭാഗത്തേക്കാള്‍ കൂടുതലാണ്; മോഹിനിയാട്ടം പുതിയ സിനിമ പോലെ ആസ്വദിക്കാം: സൈജു കുറുപ്പ്
Malayalam Cinema
ചെലവ് ഒന്നാം ഭാഗത്തേക്കാള്‍ കൂടുതലാണ്; മോഹിനിയാട്ടം പുതിയ സിനിമ പോലെ ആസ്വദിക്കാം: സൈജു കുറുപ്പ്
ഐറിന്‍ മരിയ ആന്റണി
Monday, 6th April 2026, 7:58 am

2024ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഭരതനാട്യം. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഭരതനാട്യത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മോഹിനിയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വരികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സൈജു കുറുപ്പ്.

‘ആദ്യം വന്ന ഭരതനാട്യം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ്. തിയേറ്ററില്‍ പ്രതീ ക്ഷിച്ചപോലൊരു വിജയം ലഭിച്ചില്ലെങ്കിലും ഒ.ടി.ടിയില്‍ ബ്ലോക്ബസ്റ്റര്‍ പ്രതീതിയുണ്ടായി എന്നു പലരും വിശേഷിപ്പിച്ചു. 50 മില്യണ്‍ സ്ട്രീമിങ് മിനിറ്റുകള്‍ വെറും ഒമ്പത് ദിവസംകൊണ്ട് ലഭിച്ചു. 20 ദിവസം കൊണ്ട് 100 മില്യണും കടന്നു.

‘മോഹിനിയാട്ടം’ ക്രൈം ത്രില്ലര്‍ ഡാര്‍ക് ഹ്യൂമര്‍ സിനിമയാണ്. എല്ലാം നര്‍മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ വിരസതയുണ്ടാവില്ല. ‘ഭരതനാട്യം’ തിയേറ്ററില്‍ കാണാന്‍ പറ്റിയ സിനിമയല്ല, ഒ.ടി.ടിയിലേക്ക് നല്ലതായിരുന്നു എന്ന് പലരും പറഞ്ഞു. അതുപോലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് ‘മോഹിനിയാട്ടം’ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ സിനിമയുടെ ചെലവും ഒന്നാം ഭാഗത്തേക്കാള്‍ കൂടുതലാണ്,’ സൈജു കുറുപ്പ് പറയുന്നു.

രണ്ടാനമ്മയായി അഭിനയിക്കുന്ന ശ്രീജ രവിയുടെ കഥാപാത്രത്തെ അവരുടെ നാടായ കണ്ണൂരിലെ ശ്രീകണ്ഠാപുരത്തേക്ക് കൊണ്ടുവിടാന്‍ പോവുകയാണ് കഥയിലെന്നും മോഹിനി എന്നൊരു കഥാപാത്രവും സിനിമയിലുണ്ടെന്നും സൈജു കുറുപ്പ്.

ആ മോഹിനിയുടെ ആട്ടമാണ് ഇത്തവണ സിനിമയിലുടനീളമെന്നും അവര്‍ കാരണമുണ്ടാവുന്ന പ്രശ്‌നങ്ങളും അത് ജീവിതത്തെ തന്നെ ബാധിക്കുന്നതരത്തിലേക്ക് എത്തുന്നതുമാണ് പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരതനാട്യം എവിടെ അവസാനിച്ചോ അവിടന്നാണ് മോഹിനിയാട്ടം തുടങ്ങുന്നതെന്നും എന്നാല്‍, ഭരതനാട്യം കാണാത്തവര്‍ക്ക് മോഹിനിയാട്ടം പുതിയൊരു സിനിമപോലെ കണ്ടാസ്വദിക്കാന്‍ പറ്റുമെന്നും സൈജു കുറുപ്പ് പറഞ്ഞു.

സൈജു കുറുപ്പ് നായകനാകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ 150-ാമത്തെ സിനിമ കൂടിയാണ്. ചിത്രത്തില്‍ ജഗദീഷ്, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, സന്തോഷ് ഗുരുവായൂര്‍, നിസ്താര്‍ സേട്ട് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

-Content Highlight: Saiju Kurup says the film Mohiniyattam cost more than the first part

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.