| Thursday, 19th June 2025, 6:44 am

ഭരതനാട്യം തിയേറ്ററില്‍ ഹിറ്റാകാഞ്ഞപ്പോള്‍ ഡിപ്രഷനിലായി, സിനിമ ഫീല്‍ഡ് തന്നെ വിട്ടാലോ എന്നാലോചിച്ചിരുന്നു: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പ്, സായ് കുമാര്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. സൈജു കുറുപ്പ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രം തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാതെ പോയെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. ഭരതനാട്യം ഹിറ്റാകുമെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നെന്ന് സൈജു കുറുപ്പ് പറഞ്ഞു. സംവിധായകനോടും തന്റെ പങ്കാളിയോടും മാത്രമേ താന്‍ ഇക്കാര്യം പറഞ്ഞിരുന്നുള്ളൂവെന്നും മറ്റാരോടും ഇക്കാര്യം സംസാരിച്ചില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടത് തന്നെ തളര്‍ത്തിയെന്നും താനത് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. താന്‍ വല്ലാതെ ഡിപ്രഷനിലായെന്നും ഒരു കാര്യത്തോടും എക്‌സൈറ്റല്ലാത്ത അവസ്ഥയിലായെന്നും സൈജു കുറുപ്പ് പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

ഭരതനാട്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷ തന്നെയുണ്ടായിരുന്നു. പടം എന്തായാലും തിയേറ്ററില്‍ കൊളുത്തുമെന്ന് മനസില്‍ ഉറപ്പിച്ചു. അധികം ആളുകളോട് ഞാന്‍ ആ കാര്യം പറഞ്ഞില്ല. എന്റെ പാര്‍ട്ണര്‍ക്കും പിന്നെ പടത്തിന്റെ ഡയറക്ടര്‍ കൃഷ്ണദാസിനും മാത്രമേ അറിയുമായിരുന്നുള്ളൂ. പക്ഷേ, തിയേറ്ററില്‍ പടം വിചാരിച്ചത്ര വര്‍ക്കായില്ല. ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നേരെ ഓപ്പോസിറ്റ് നടന്നു.

അതോടെ ഞാന്‍ തളര്‍ന്നു. ഡിപ്രഷന്റെ അവസ്ഥയിലായി. ക്ലിനിക്കല്‍ ഡിപ്രഷനായിരുന്നില്ല. ആഗ്രഹിച്ച കാര്യം നടക്കാതെ വരുമ്പോള്‍ തളരില്ലേ, അതുപോലെയായിരുന്നു ഞാന്‍. ഒരു കാര്യത്തിനോടും എക്‌സൈറ്റ്‌മെന്റ് തോന്നാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ ഭാര്യ എന്നോട് ‘തിരിച്ച് കോര്‍പ്പറേറ്റ് ജോലി തന്നെ നോക്കിക്കൂടെ. ഒരു പടം വര്‍ക്കാകാതെ വന്നപ്പോള്‍ ഒരാഴ്ച ഡിപ്രസ്ഡ് ആയി ഇരിക്കുന്നത് ശരിയല്ല’ എന്ന് പറഞ്ഞു.

സിനിമ വിട്ടാലോ എന്ന് ഞാനും ചിന്തിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് മൂന്നാഴ്ച കഴിഞ്ഞ് പടം ഒ.ടി.ടിയിലെത്തുന്നതും പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നതും. ആ സമയത്ത് ഞാന്‍ എക്‌സൈറ്റഡായിരുന്നു. പക്ഷേ, പുറത്ത് ആരോടും കാണിക്കാതെ ഉള്ളില്‍ തന്നെ ആ സന്തോഷം കൊണ്ടുനടന്നു,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup saying he was very confident in Bharathanatyam movie

We use cookies to give you the best possible experience. Learn more