| Wednesday, 28th May 2025, 9:54 am

എമ്പുരാന്‍ കാരണം തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല, ഒ.ടി.ടി റിലീസിന് പിന്നാലെ പ്രശംസകളേറ്റുവാങ്ങി അഭിലാഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈജു കുറുപ്പ് നായകനായി ഈ വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് അഭിലാഷം. ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രം എമ്പുരാനൊപ്പമാണ് തിയേറ്ററുകളിലെത്തിയത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വളരെ കുറച്ച് സ്‌ക്രീനുകള്‍ മാത്രമായിരുന്നു അഭിലാഷത്തിന് ലഭിച്ചത്.

എമ്പുരാന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രവിജയമായതിനാല്‍ അഭിലാഷത്തിന് തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ നിന്ന് കാണാന്‍ പറ്റാത്തവര്‍ ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

കണ്ടുശീലിച്ച പ്രണയകഥകളുടെ അതേ പാറ്റേണ്‍ തന്നെയാണ് അഭിലാഷത്തിന്റെ കഥയെങ്കിലും കഥ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. മനോഹരമായ സംഗീതത്തിനും ഫ്രെയിമുകള്‍ക്കുമൊപ്പം അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കൂടിയായപ്പോള്‍ ഹൃദ്യമായ സിനിമാനുഭവമായി അഭിലാഷം മാറി.

സ്‌കൂള്‍ കാലം തൊട്ട് തന്റെ സുഹൃത്തിനോട് തോന്നുന്ന പ്രണയം പറയാനാകാത്ത നായകന്റെ കഥയാണ് ചിത്രം പറയുന്നത്. അഭിലാഷ് എന്ന നായകനായി മികച്ച പ്രകടനമാണ് സൈജു കുറുപ്പ് കാഴ്ചവെച്ചത്. നായികയായെത്തിയ തന്‍വി റാമും മികച്ച പെര്‍ഫോമന്‍സായിരുന്നു. നവാസ് വള്ളിക്കുന്ന്, അര്‍ജുന്‍ അശോകന്‍, ബിനു പപ്പു എന്നിവരും അവരവരുടെ ഭാഗങ്ങള്‍ നന്നായി അവതരിപ്പിച്ചു.

സജാദ് കക്കു ഒരുക്കിയ ഫ്രെയിമുകളും അതിഗംഭീരമായിരുന്നു. മലപ്പുറത്തെ സാധാരണ ഗ്രാമത്തിന്റെ ഭംഗി അതിമനോഹരമായി ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീഹരിയുടെ സംഗീതം അവസാനത്തോടടുക്കുമ്പോള്‍ മനസിനെ സ്പര്‍ശിക്കുന്ന ഒന്നായി മാറി. ക്ലൈമാക്‌സിലെ പാട്ടിനെ പ്രശംസിച്ച് ഒരുപാട് പോസ്റ്റുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു.

ക്ലീഷേയും ക്രിഞ്ചുമാക്കാന്‍ സാധ്യതയുള്ള ഒരു കഥയെ മേക്കിങ് കൊണ്ട് നല്ലൊരു അനുഭവമാക്കാന്‍ സാധിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നായകവേഷങ്ങളില്‍ ഇതുവരെ ചെയ്തുവെച്ചതില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരുന്നു സൈജു കുറുപ്പ് ചെയ്തതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഒ.ടി.ടി റിലീസിന് ശേഷം സിനിമാപ്രേമികള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ പട്ടികയില്‍ അഭിലാഷവും ഇടംപിടിച്ചിരിക്കുകയാണ്.

Content Highlight: Saiju Kurup’s Abhilasham movie got appreciation after OTT Release

We use cookies to give you the best possible experience. Learn more