അനിരുദ്ധ് എന്ന് പേര് മാറ്റിയിട്ടും സിനിമയൊന്നും കിട്ടിയില്ല, ഇനിയിപ്പോ പേര് കാരണമാണോ സിനിമ കിട്ടാത്തത് എന്ന് കരുതി: സൈജു കുറുപ്പ്
Malayalam Cinema
അനിരുദ്ധ് എന്ന് പേര് മാറ്റിയിട്ടും സിനിമയൊന്നും കിട്ടിയില്ല, ഇനിയിപ്പോ പേര് കാരണമാണോ സിനിമ കിട്ടാത്തത് എന്ന് കരുതി: സൈജു കുറുപ്പ്
നന്ദന എം.സി
Thursday, 30th April 2026, 3:30 pm

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ സൈജു കുറുപ്പ്. അറയ്ക്കൽ അബു എന്ന ഒറ്റ കഥാപാത്രം മതി താരത്തെ മലയാളികൾക്ക് ഓർക്കാൻ. ക്യാരക്ടർ റോളുകളിലൂടെ അഭിനയജീവിതം ആരംഭിച്ച സൈജു കുറുപ്പ് ഇന്ന് മലയാള സിനിമയിൽ നായകനായും ഒരിടം നേടിയെടുത്തിരിക്കുകയാണ്. ഓരോ കഥാപാത്രത്തെയും തനതായ ശൈലിയിൽ അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് അദ്ദേഹം.

സൈജു കുറുപ്പ്, Photo: IMDb

തിയേറ്ററുകളിൽ ഗംഭീര പ്രതികരണത്തോടെ മുന്നേറുന്ന ‘മോഹിനിയാട്ടം’ സിനിമയിലൂടെ വീണ്ടും ശ്രദ്ധനേടുകയാണ് സൈജു കുറുപ്പ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ തന്റെ പേരിനെക്കുറിച്ചുള്ള രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് മനസുതുറന്നത്. ഒരു സമയത്ത് തന്റെ പേര് കാരണമാണ് സിനിമാവസരങ്ങൾ കുറയുന്നതെന്ന് താൻ കരുതിയിരുന്നുവെന്ന് താരം പറഞ്ഞു. അന്ന് പേര് മാറ്റിയ പലർക്കും സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതായി തോന്നിയതോടെ താനും പേര് മാറ്റാൻ തീരുമാനിച്ചുവെന്നാണ് സൈജു കുറുപ്പ് വെളിപ്പെടുത്തിയത്.

അതിനെ തുടർന്ന് ‘അനിരുദ്ധ്’ എന്ന പേരാക്കി മാറ്റിയെന്നും താരം പറഞ്ഞു. എന്നാൽ പേര് മാറ്റിയിട്ടും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെന്നും, സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

മോഹിനിയാട്ടം, Photo: IMDb

‘നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ചെയ്‌തുപോയതാണ്. സിനിമകൾ കിട്ടാതെയായപ്പോൾ ഇനിയിപ്പോ ഈ പേര് കാരണമാണോ എന്നൊരു തോന്നൽ വന്നു. ആ സമയത്ത് നടൻ സുനിൽ, നരേൻ എന്ന് പേരുമാറ്റി ‘ക്ലാസ്മേറ്റ്സും ചിത്തിരം പേശുതെടി’യും പോലെയുള്ള സിനിമകൾ വരുന്നത് അതിനുശേഷമാണ്. പേര് മാറ്റിയപ്പോഴേക്കും പുള്ളി രക്ഷപ്പെട്ടു. എങ്കിൽ പിന്നെ ഞാനും മാറ്റിയേക്കാം എന്നായി ഞാൻ അനിരുദ്ധ് എന്ന് പേര് മാറ്റി. പക്ഷേ, കാര്യമൊന്നും ഉണ്ടായില്ല.

നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ എന്നുകരുതി എഴുതിയതാണ് ആ തിരക്കഥ എനിക്കു വേണ്ടിത്തന്നെ എഴുതിയ സ്ക്രിപ്റ്റ്. അത് വിജയിക്കു മെന്നാണ് വിചാരിച്ചത്. പക്ഷേ ‘മൈ ഫാൻ രാമു’ എന്ന ആ സിനിമ രക്ഷപ്പെട്ടില്ല.

പിടിച്ചുനിൽക്കാൻ അങ്ങനെ പല അടവും പയറ്റി ദൈവം മറ്റൊന്നായിരുന്നു നിശ്ചയിച്ചിരുന്നത്. 47-ാം വയസ്സിൽ ഇവനൊരു ഹിറ്റ് കൊടുത്തേക്കാം എന്നായിരുന്നു പുള്ളിയുടെ തീരുമാനം. അതറിഞ്ഞിരുന്നെങ്കിൽ വേവലാതിപ്പെടാതെ സമാധാനമായി ഇരിക്കാമായിരുന്നു,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup is saying that he thought he wouldn’t get a chance in the film because of his name.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.