| Thursday, 27th March 2025, 5:48 pm

ആട് 3 ക്രിസ്തുമസ് റിലീസായിരിക്കും, രണ്ട് പാര്‍ട്ടില്‍ നിന്നും വ്യത്യസ്തമായ ഴോണര്‍ ആയിരിക്കും: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചത്. തുടര്‍ന്ന് ചെറുതും വലുതുമായ വേഷങ്ങളിലൂടെ സൈജു കുറുപ്പ് മലയാള സിനിമയുടെ ഭാഗമായി. ചില തമിഴ് സിനിമകളിലും സൈജു കുറുപ്പ് വേഷമിട്ടുണ്ട്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന കഥാപാത്രം സൈജു കുറുപ്പിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധ നേടിയ വേഷങ്ങളാണ്. ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും, രണ്ടാം ഭാഗം ഹിറ്റായ ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് ആട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രത്തില്‍ ജയസൂര്യ, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസിനെ കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. തന്റെ ഏറ്റവും പുതിയ ചിത്രമായ അഭിലാഷം മൂവിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആട് 3 യുടെ സ്‌ക്രിപ്റ്റ് എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും, 2025 ല്‍ ക്രിസ്മസ് റിലീസായിരിക്കുമെന്നും സൈജു കുറുപ്പ് പറയുന്നു. സിനിമയുടെ രണ്ട് ഭാഗങ്ങളില്‍ നിന്നും കുറച്ച് വ്യത്യസ്തമായിട്ടുള്ള ഴോണര്‍ ആയിരുക്കും മൂന്നാം ഭാഗത്തിന്റേതെന്നും അദ്ദേഹം പറയുന്നു. സിനിമ വളരെ രസകരമായിരിക്കുമെന്നും സൈജു കുറുപ്പ് കൂട്ടിചേര്‍ത്തു.

‘ആട് 3 സ്‌ക്രിപ്റ്റ് ഒക്കെ കംപ്ലീറ്റഡാണ്. ലൊക്കേഷന്‍സൊക്കെ ഓള്‍മോസ്റ്റ് ഫൈനലൈസ് ചെയ്തുകൊണ്ടിരിക്കുന്നു. പ്രിന്‍സ് ജോയിയുടെ സിനിമ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ആട് 3 ഉണ്ടാകും. ജയസൂര്യയും, വിനായകനും ആ പടത്തില്‍ ഉണ്ട്. ഏപ്രില്‍ ലാസ്റ്റ് വീക്ക് സിനിമയുടെ ഷൂട്ട് തുടങ്ങും. 2025 ല്‍ ഒരു ക്രിസ്മസ് റിലീസായിരിക്കും ആട് 3. സിനിമയുടെ രണ്ട് പാര്‍ട്ടിനെക്കാളും വ്യത്യസ്തമായിട്ടുള്ള ഒരു ഴോണറിലാണ്. കോമഡി തന്നെയാണ് പക്ഷേ ചെറിയൊരു ഴോണര്‍ വ്യത്യാസമുണ്ട്. അത്തരമൊരു രീതിയിലാണ് വരുന്നത്. സിനിമ തീര്‍ച്ചയായും ഹിലാരീസായിരിക്കും,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju kurp talks about  third part of Aadu movie

We use cookies to give you the best possible experience. Learn more