ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഹീറോയാകുന്ന ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്: സൈജു കുറുപ്പ്
Malayalam Cinema
ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഹീറോയാകുന്ന ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്: സൈജു കുറുപ്പ്
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 18th April 2026, 3:30 pm

ആദ്യ ഭാഗം ദയനീയമായി പരാജയപ്പെട്ട ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഒരുക്കുക എന്നത് ലോകത്ത് എവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ല. എന്നാല്‍ ഇതിന് ചെക്ക് വെച്ചുകൊണ്ടാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിനും കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യത്തിനും രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആടിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ വമ്പന്‍ ഹിറ്റായപ്പോള്‍ ഇതേ പാത പിന്തുടരുകയാണ് ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം.

മോഹിനിയാട്ടം. Photo: IMDB

സൈജുകുറുപ്പ്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണവുമായി ബോക്‌സ് ഓഫീസില്‍ ദിനംപ്രതി അതിന്റെ ഗ്രാഫ് ഉയര്‍ത്തുകയാണ്. അറക്കല്‍ അബുവെന്ന കഥാപാത്രമായി ആട് 3യിലൂടെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ സൈജു കുറുപ്പ് മോഹിനിയാട്ടത്തിലൂടെയും തന്റെ ജൈത്രയാത്ര തുടരുകയാണ്.

ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നായകനായെത്തിയ ചിത്രത്തിന് ആദ്യമായി വലിയ സ്വീകാര്യത ലഭിച്ചതിനെക്കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘റിലീസ് ചെയ്ത ദിവസം മുതല്‍ സ്റ്റഡിയായിട്ടുള്ള പ്രോഗ്രസാണ് ടിക്കറ്റ് സെയില്‍സില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട് കാരണം ഇതാദ്യമായാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ഹീറോയായി അഭിനയിക്കുന്ന സിനിമയ്ക്ക് ഇത്രയും വലിയൊരു സ്വീകാര്യതയും വരവേല്പും കിട്ടുന്നത്. എന്നെ സംബന്ധിച്ച് ഇതെല്ലാം അത്ഭുതമാണ്. ആദ്യ ദിവസത്തെക്കാള്‍ തിയേറ്ററുകളും ഷോസും കൂട്ടിയിട്ടുണ്ട്.

ഞാന്‍ സഹതാരമായും അല്ലാതെയും അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു മുന്നേറ്റം കിട്ടുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ ഗ്രീന്‍ ഉള്ളത് മഞ്ഞയാകുന്നതും പിന്നീട് എല്ലാ ഷോകളും മഞ്ഞയാകുന്നതുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും എന്റെ ചിത്രങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വരില്ലെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. കാരണം 2019 മുതല്‍ ഞാന്‍ ഹീറോയായിട്ടുള്ള ചിത്രങ്ങളാണ് കൂടുതല്‍ ചെയതിട്ടുള്ളത്.

അതോടെ സഹതാരമായുള്ള വേഷങ്ങളും കുറഞ്ഞിരുന്നു. അങ്ങനെ വിളിച്ച് ചോദിച്ച് വാങ്ങിച്ച വേഷങ്ങളാണ് ഓസ്ലറിലേതെല്ലാം. ഊമയായിട്ട് നാല് സീനുകളില്‍ മാത്രമേ ഉള്ളൂവെങ്കിലും ഞാന്‍ സഹതാരമായിട്ട് അഭിനയിക്കാന്‍ റെഡിയാണെന്ന് ബാക്കിയുള്ളവരെ അറിയിക്കാന്‍ വേണ്ടിയായിരുന്നു ആ വേഷം ചെയ്തത്. നായകനായ ചില ചിത്രങ്ങള്‍ ഒ.ടി.ടി.യില്‍ ഹിറ്റായെങ്കിലും തിയേറ്ററില്‍ വര്‍ക്കായിരുന്നില്ല,’സൈജു കുറുപ്പ് പറഞ്ഞു.

സൈജു കുറുപ്പ്. Photo: TOI

പിന്നീട് സഹതാരമായും വേഷങ്ങളില്ലാത്ത സാഹചര്യത്തിലാണ് മോഹിനിയാട്ടത്തിന്റെ കഥ കേള്‍ക്കുന്നതെന്നും ഗംഭീര കഥയായിരുന്നെങ്കിലും ഭരതനാട്യം പോലെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ ഭയമുണ്ടായിരുന്നെന്നും താരം പറഞ്ഞു. എങ്കിലും തിയേറ്ററില്‍ ആള്‍ വന്നാല്‍ ഇത് വിജയിക്കുമെന്ന ഉറപ്പുണ്ടായിരുന്നെന്നും കഴിഞ്ഞ ഭാഗത്തിന് സംഭവിച്ച പാളിച്ചകള്‍ തിരുത്തി തിയേറ്ററിന് വേണ്ടിയാണ് മോഹനിയാട്ടം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Saiju Expresses his joy as Mohiniyattam gets good response

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.