കൊടുങ്കാറ്റായി സായ് സുദര്‍ശന്‍; ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വീണ്ടും വെടിക്കെട്ട്!
Cricket
കൊടുങ്കാറ്റായി സായ് സുദര്‍ശന്‍; ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വീണ്ടും വെടിക്കെട്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th December 2025, 9:16 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ മൂന്ന് വിക്കറ്റിന് തമിഴ്‌നാട് പരാജയപ്പെടുത്തിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗരാഷ്ട്ര ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു തമിഴ്‌നാട്.

തമിഴ്‌നാടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സായ് സുദര്‍ശനാണ്. 55 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് താരം സൂപ്പര്‍ പ്രകടനം പുറത്തെടുത്തത്. 183.64 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഇന്ത്യന്‍ ടീമില്‍ താരത്തിന്റെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും കരുതുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തിയ താരം ഇനി ടി-20യിലും അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന 2026 ടി-20 ലോകകപ്പിന് മുന്നോടിയായി സായ് മികച്ച പ്രകടനം തുടര്‍ന്നാല്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും താരത്തെ പരിഗണിക്കേണ്ടി വരും.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 302 റണ്‍സാണ് സായ് നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്. ഏകദിനത്തില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച സായ് രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 127 റണ്‍സാണ് നേടിയത്. അവസരം ലഭിച്ചാല്‍ ടി-20യിലും സായ് തിളങ്ങിയേക്കും. 2025ലെ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയതിന് പിന്നാലെയാണ് സായിയെ ഇന്ത്യന്‍ ടീമില്‍ എടുത്തത്.

അതേസമയം മത്സരത്തില്‍ തമിഴ്‌നാടിന് വേണ്ടി 30 റണ്‍സ് നേടി സണ്ണി സന്ധു രണ്ടാം ടോപ് സ്‌കോററായി. സൗരാഷ്ട്രയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ജയദേവ് ഉനദ്കട്ടാണ്. മൂന്ന് വിക്കറ്റാണ് താരം നേടിയത്.

ബാറ്റിങ്ങില്‍ സൗരാഷ്ട്ര ഓപ്പണര്‍ വിശ്വരാജ് ജഡേജ 39 പന്തില്‍ 70 റണ്‍സ് നേടി. സമ്മര്‍ ഗജ്ജാര്‍ 66 റണ്‍സും സ്വന്തമാക്കി. തമിഴ്‌നാടിന് വേണ്ടി ആര്‍. സിലമ്പരസന്‍ മൂന്ന് വിക്കറ്റ് നേടി.

Content Highlight: Sai Sudharsan In Great Performance Against Sourashtra In Syed Mushtaq Ali Trophy