ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആറാം വിക്കറ്റും നഷ്ടം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് സൂപ്പര്‍ താരം സായ് സുദര്‍ശന്റെ വിക്കറ്റാണ് ഒടുവില്‍ നഷ്ടപ്പെട്ടത്.
139 പന്തില്‍ 14 റണ്‍സുമായി ക്രീസില്‍ ഉറച്ചുനിന്ന താരത്തെ സേനുരന്‍ മുത്തുസാമിയാണ് പുറത്താക്കിയത്. ഏയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. പരാജയം മുമ്പില്‍ കാണുന്ന ഇന്ത്യയുടെ മൂര്‍ദ്ധാവിലേറ്റ പ്രഹരമായിരുന്നു സായ് സുദര്‍ശന്റെ മടക്കം.
The resistance of Sai Sudharasan ends – 14 runs from 139 balls, fought so hard on Day 4 & Day 5. 🫡 pic.twitter.com/fzF7W7GINr
പുറത്തായെങ്കിലും ഒരു നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഒരു ഹോം ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക് റേറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സായ് സുദര്‍ശന്‍ ഒന്നാമതെത്തി. ക്രീസില്‍ ഉറച്ചുനിന്ന്, ടെസ്റ്റില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്നെ കളിച്ചതോടെയാണ് താരത്തിന്റെ പേരില്‍ ഏറ്റവും ചെറിയ സ്‌ട്രൈക് റേറ്റിന്റെ നേട്ടം പിറവിയെടുത്തത്.
ഗുവാഹത്തി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് കുല്‍ദീപ് യാദവ് ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. 134 പന്ത് നേരിട്ട് 13 റണ്‍സാണ് താരം സ്വന്തമാക്കിയത്. 14.17 ആയിരുന്നു താരത്തിന്റെ പ്രഹരശേഷി. ഇപ്പോള്‍ കുല്‍ദീപിനെ വെട്ടി സായ് ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ 52 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 102 എന്ന നിലയിലാണ്. 55 പന്തില്‍ 30 റണ്‍സുമായി രവീന്ദ്ര ജഡേജയും 14 പന്തില്‍ അഞ്ച് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
Content Highlight: Sai Sudarshan set the record of least strike rate by Indian batter at a home Test innings