സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയം നേടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മത്സരം നവംബര്‍ 22ന് ഗുവാഹത്തിയിലാണ് ആരംഭിക്കുക.
എന്നാല്‍ പ്രോട്ടിയാസിനെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്‍ രണ്ടാം ടെസ്റ്റിലും ഉണ്ടാകില്ലെന്നാണ് റെവ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നല്‍കിയേക്കാം.
ഇതോടെ ഗില്ലിന് പകരം ആരാവും ടീമില്‍ ഇടം നേടുക എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം സായ് സുദര്‍ശനാണ് ഗില്ലിന് പകരം ഓപ്പണിങ് പൊസിഷനില്‍ എത്തുകയെന്നാണ് സൂചന. 2025ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ താരമാണ് സായ്.
ഇതുവരെ അഞ്ച് മത്സരങ്ങളിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 273 റണ്‍സാണ് സായി നേടിയത്. 87 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം നേടിയത്. 30.3 എന്ന ആവറേജും 45.4 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറികളാണ് താരത്തിനുള്ളത്.
അതേസമയം ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റാണ് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായത്. നാല് റണ്‍സ് നേടി ക്രീസില്‍ തുടരവെയാണ് ഗില്ലിന് പരുക്ക് പറ്റിയത്. ഗില്‍ മത്സരത്തിലെ നിര്‍ണായകമായ രണ്ടാം ഇന്നിങ്സിലും ബാറ്റ് ചെയ്തില്ലായിരുന്നു. നിലവില്‍ താരം പുനരധിവാസത്തിലാണ്.
ആദ്യ മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.