| Sunday, 2nd February 2025, 3:24 pm

പ്രേമത്തിന്റെ റീമേക്കില്‍ എന്നെ വിളിച്ചതായിരുന്നു, ചെയ്യാത്തതിന്റെ കാരണം അതാണ്: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്‍ പോളിയോടൊപ്പം ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി അല്‍ഫോണ്‍സ് അണിയിച്ചൊരുക്കിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. 60 കോടിയോളമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

പ്രേമം എന്ന പേരില്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. നാഗചൈതന്യയെ നായകനാക്കി ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രം തെലുങ്കില്‍ ശരാശരി വിജയത്തില്‍ മാത്രം ഒതുങ്ങിപ്പോയി. മലയാളത്തില്‍ സായ് പല്ലവി ചെയ്ത വേഷം തെലുങ്കില്‍ അവതരിപ്പിച്ചത് ശ്രുതി ഹാസനായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിലേക്ക് സംവിധായകന്‍ തന്നെ വിളിച്ചിരുന്നെന്ന് പറയുകയാണ് സായ് പല്ലവി.

സംവിധായകന്‍ ചന്ദു തന്നോട് റീമേക്കില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചെന്നും എന്നാല്‍ തനിക്ക് റീമേക്ക് ചെയ്യാന്‍ താത്പര്യമില്ലെന്ന് മറുപടി നല്‍കിയെന്നും സായ് പല്ലവി പറഞ്ഞു. തനിക്ക് മാത്രമല്ല, നിവന്‍ പോളി, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരോട് റീമേക്ക് ചെയ്യാമോ എന്ന് ചോദിച്ചാലും പറ്റില്ലെന്നേ മറുപടി പറയുള്ളൂവെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

പ്രേമത്തിന്റെ സെറ്റില്‍ യാതൊരു തയാറെടുപ്പുമില്ലാതെയാണ് ഓരോ സീനും ചെയ്തതെന്നും അതിന്റെ ഭംഗിയാണ് ചിത്രത്തില്‍ കാണാന്‍ സാധിച്ചതെന്നും സായ് പല്ലവി പറഞ്ഞു. എന്നാല്‍ റീമേക്ക് ചെയ്യുമ്പോള്‍ അതേ കാര്യങ്ങള്‍ മലയാളത്തിലെ അതേ ഫീലിങ്ങോടെയും ചാര്‍മിങ്ങോടെയും റീക്രിയേറ്റ് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.

‘പ്രേമത്തിന്റെ റീമേക്കിലേക്ക് എന്നെ വിളിച്ചിരുന്നു. സംവിധായകന്‍ ചന്ദു മൊണ്ടേട്ടിയാണ് എന്നെ വിളിച്ചത്. ‘തെലുങ്കില്‍ അതേ കഥാപാത്രം തന്നെയാണ്, ചെയ്യാമോ’ എന്ന് ചോദിച്ചു. എനിക്ക് റീമേക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് മറുപടി പറഞ്ഞു. എനിക്ക് മാത്രമല്ല, നിവിനോടോ അല്‍ഫോണ്‍സിനോടോ ഇതേ ചോദ്യം ചോദിച്ചാലും ഇതേ മറുപടി തന്നെയാകും അവര്‍ പറയുക.

കാരണം, പ്രേമത്തിന്റെ സെറ്റില്‍ യാതൊരു തയാറെടുപ്പുമില്ലാതെയാണ് ഓരോ സീനും ചെയ്തത്. എന്താണോ ആ സീനിലുള്ളത് അതിനെ നാച്ചുറലായി പ്രസന്റ് ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ആ സീനുകളെല്ലാം വര്‍ക്കായത്. ഒരു മാജിക്കാണ് അത്. അതേ മാജിക് വീണ്ടും റിപ്പീറ്റ് ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്ക് വേണ്ട രീതിയിലുള്ള ചാര്‍മിങ്ങും ഫീലിങ്ങും റീമേക്കില്‍ റീക്രിയേറ്റ് ചെയ്യാന്‍ എനിക്ക് പറ്റില്ല,’ സായ് പല്ലവി പറഞ്ഞു.

Content Highlight: Sai Pallavi says that she refused to act in Telugu remake of Premam

Latest Stories

We use cookies to give you the best possible experience. Learn more