ഇന്ത്യന്‍ സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ദംഗല്‍, ചിച്ചോരെ തുടങ്ങിയ സിനിമകളൊരുക്കിയ നിതേഷ് തിവാരിയാണ് രാമായണത്തിന് ഇത്തവണ ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് രാമായണ ഒരുങ്ങുന്നത്. 4000 കോടി ചെലവഴിച്ച് ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം റിലീസിന് തയാറെടുക്കുകയാണ്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് മുംബൈയില്‍ നടന്നിരുന്നു. പ്രത്യേകം ക്ഷണിച്ച ആളുകളുടെ മുന്നില്‍ എക്‌സ്‌ക്ലൂസീവായി ട്രെയ്‌ലര്‍ അവതരിപ്പിച്ചു. രാമായണയിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രണ്‍ബീര്‍ കപൂര്‍, യഷ്, സായ് പല്ലവി, രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍, സണ്ണി ഡിയോള്‍ തുടങ്ങി താരനിബിഡമായ ചടങ്ങായിരുന്നു അത്.

ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇതിനിടയില്‍ നായികയായ സായ് പല്ലവിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. ചടങ്ങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ എല്ലാ താരങ്ങളുടെയും ഫോട്ടോ എടുക്കുകയായിരുന്നു. ഇതില്‍ നായികയായ സായ് പല്ലവിയെ പലരും ഫോക്കസ് ചെയ്യുകയും രാകുല്‍ പ്രീതിനെ അധികം ആളുകള്‍ മൈന്‍ഡ് ചെയ്യാതെ പോവുന്നതും ഗുഡുംബ സാഥി എന്ന എക്‌സ് പേജ് വിമര്‍ശിച്ചു.

‘ഈ ചപ്രിയെ അല്ലാതെ വേറെ ആരെയും സീതയാക്കാന്‍ കിട്ടിയില്ലേ’ എന്നാണ് വീഡിയോയില്‍ ചോദിക്കുന്നത്. ശൂര്‍പണഖയായി വേഷമിടുന്ന രാകുല്‍ പ്രീതിന് ഇതിലും ഭംഗിയുണ്ടെന്ന് ഇയാള്‍ പറയുന്നുണ്ട്. ഈ പോസ്റ്റിനെ അനുകൂലിച്ച് ചിലര്‍ കമന്റും പങ്കുവെക്കുന്നുണ്ട്. ഒഡീസിയിലേത് പോലെ കഥാപാത്രത്തിന് ചേരാത്ത കാസ്റ്റിങ്ങാണ് നടത്തുന്നതെന്നാണ് ചില കമന്റുകള്‍.

ഇതാദ്യമായല്ല രാമായണയില്‍ കാസ്റ്റ് ചെയ്തതിന്റെ പേരില്‍ സായ് പല്ലവിക്ക് നേരെ സൈബര്‍ അറ്റാക്ക് നടക്കുന്നത്. പഴയൊരു ഫോട്ടോയില്‍ തട്ടമിട്ട് നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സായ് പല്ലവി മുസ്‌ലിം അനുഭാവിയാണെന്നും സീതാ ദേവിയായി ഇവര്‍ ശരിയാകില്ലെന്നുമെല്ലാം വലതുപക്ഷ പേജുകള്‍ അഭിപ്രായപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.

ഏക് ദിന്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ഹിന്ദിയില്‍ സംസാരിക്കത്തതും ചിലരെ ചൊടിപ്പിച്ചു. ഹിന്ദി സംസാരിക്കാനറിയാത്ത നടിയെ സീതയായി കാസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നായിരുന്നു ചോദ്യം. രാമായണയുടെ ട്രെയ്‌ലര്‍ ലോഞ്ചിലും സായ് പല്ലവി ഹിന്ദിയെക്കാള്‍ കൂടുതല്‍ ഇംഗ്ലീഷിലാണ് സംസാരിച്ചതെന്നും ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ദീപാവലിക്ക് രാമായണയുടെ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തും.

Content Highlight: Sai Pallavi in Ramayana trailer launch getting cyber attack