നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സായി കുമാര്‍. കെ.പി.എ.സിയിലെ തിരക്കുള്ള നടനായി നാടകരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിങ്ങില്‍ സായി കുമാര്‍ അഭിനയിക്കുന്നത്.
ചിത്രം വമ്പന്‍ ഹിറ്റായതോടെ സായ് കുമാര്‍ തിരക്കുള്ള നടനായി മാറുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും ചുവട് മാറ്റിയ സായി കുമാര്‍ മറ്റ് ക്യാരക്റ്റര്‍ റോളുകളിലൂടെയും മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമായി മാറി.
ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടന്‍ പ്രേം നസീറിനെ കുറിച്ച് സംസാരിക്കുകയാണ് സായികുമാര്‍. തനിക്ക് നസീര്‍ ഒരു ദിസം കയ്യില്‍ നൂറുരൂപ തന്നുവെന്നും പൈസ തന്നിട്ട് അങ്കിളിനെ പോലെയാകണം എന്ന് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. എന്തിന് വേണ്ടിയാണെന്ന് തനിക്കറിയില്ലെന്നും അതിന് ശേഷം എല്ലാ മാസവും സ്ഥിരമായി നസീര്‍ നൂറ് രൂപ മണി ഓര്‍ഡര്‍ അയക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ താന്‍ ആരുടെയടുത്തും ഈ വിവരം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മരിക്കുന്നതിന്റെ കുറച്ച് മാസങ്ങള്‍ മുമ്പ് വരെ പൈസ അയക്കുമായിരുന്നുവെന്നും സായികുമാര്‍ പറഞ്ഞു. സിനിമാ ദി ക്യൂവിനോട് സംസാരിക്കുകയായിരുന്നു സായി കുമാര്‍.
‘ഒരു വിഷു ദിനത്തിലോ ഒന്നാം തീയ്യതിയോ നസീര്‍ സാര്‍ എന്റെയടുത്തേക്ക് വന്ന് ഒരു നൂറ് രൂപ തന്നു. പഴയ വലിയ നൂറുരൂപയാണ് തന്നത്. അത് എന്റെ കയ്യിലുണ്ടായിരുന്നു പിന്നീട് നഷ്ടപ്പെട്ടു. എന്നിട്ട് എന്റെ അടുത്ത് പറഞ്ഞു ‘അങ്കിളിനെ പോലെയാകണം’ എന്ന്. അതിന് ശേഷം എല്ലാ മാസവും ഒന്നാം തീയതി നൂറ് രൂപ വെച്ച് എനിക്ക് തരുമായിരുന്നു.
പോസ്റ്റ് ഓഫീസില്‍ പോകുമ്പോള്‍ നൂറ് രൂപ അവിടെ ഉണ്ടാകും. മണി ഓര്‍ഡര്‍. പക്ഷേ ഇത്ര കൃത്യമായിട്ട് എല്ലാ മാസവും സായികുമാറിന് നൂറ് രൂപ അയക്കാന്‍ ഇദ്ദേഹത്തിന് എവിടുന്നാണ് സമയം എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്ത് രീതിയിലാണ് അദ്ദേഹം ബാങ്കുമായി ഇത് സംസാരിച്ചത് എന്ന് എനിക്കറിയില്ല. അച്ഛനൊന്നും ഈ കാര്യം അറിയില്ല. അച്ഛനറിഞ്ഞാല്‍ പൈസ നമ്മുടെ കയ്യില്‍ നിന്ന് അങ്ങോട്ട് പോകില്ലേ ( ചിരി).
അന്നൊക്കെ നൂറ് രൂപ കയ്യിലുണ്ടെന്ന് പറഞ്ഞാല്‍ രാജാവാണ്. 25 രൂപക്ക് ഷൂ ഒക്കെ കിട്ടുന്ന സമയമാണ്. അച്ഛനോടും അമ്മയോടും ഒന്നും പൈസ കിട്ടുന്ന കാര്യം പറഞ്ഞിട്ടില്ല. വളരെ ലെയ്റ്റ് ആയിട്ടാണ് പറഞ്ഞത് (ചിരി). അദ്ദേഹം മരിക്കുന്നതിന്റെ രണ്ടുമൂന്ന് മാസം മുമ്പാണ് അത് നിന്നത്. അതുവരെ റെഗുലര്‍ ആയി അയക്കുമായിരുന്നു,’ സായികുമാര്‍ പറഞ്ഞു.
Content Highlight: Sai Kumar talks about Prem Nasir