| Tuesday, 4th March 2025, 5:21 pm

വില്ലന്‍ വേഷം ചെയ്ത ടെററായി നില്‍ക്കുന്ന ഞാന്‍ ആ പടം കണ്ട് കരഞ്ഞെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ എന്ത് വിചാരിക്കും: സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സായ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ നായകനായും സഹനടനായും തിളങ്ങിയ സായ് കുമാര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി തിളങ്ങി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായ് കുമാര്‍.

തനിക്ക് കാണാന്‍ താത്പര്യമില്ലാത്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സായ് കുമാര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ആകാശദൂത് അത്തരത്തിലൊന്നാണെന്ന് സായ് കുമാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ ഉള്ളൊഴുക്കും കരച്ചില്‍ വരുന്ന സിനിമയായതിനാല്‍ കാണാന്‍ തോന്നിയിട്ടില്ലെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആകാശദൂത് എന്ന സിനിമ താന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും മാധവി മരിക്കുന്ന സീന്‍ ആയപ്പോഴേക്ക് തനിക്ക് പിന്നീട് കണ്ടിരിക്കാന്‍ പറ്റിയില്ലെന്നും സായ് കുമാര്‍ പറഞ്ഞു. താന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നും അന്ന് സിനിമകള്‍ക്ക് റെപ്രസന്റേറ്റീവുകള്‍ ഉണ്ടായിരുന്ന കാലമായിരുന്നെന്നും സായ് കുമാര്‍ പറയുന്നു.

എന്താണ് ഇറങ്ങിപ്പോകാന്‍ കാരണമെന്ന് ചോദിച്ചെന്നും ഒന്നുമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അത്രയും വില്ലന്‍ വേഷം ചെയ്ത താന്‍ ഒരു സിനിമ കണ്ട് കരഞ്ഞിട്ട് പകുതിക്ക് വെച്ച് ഇറങ്ങിപ്പോയെന്ന് ആളുകള്‍ കേട്ടാല്‍ എന്ത് കരുതുമെന്ന് വിചാരിച്ചെന്നും സായ് കുമാര്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആകാശദൂത് ഞാന്‍ ഇതുവരെ ഞാന്‍ കണ്ടിട്ടേയില്ല. കരയിപ്പിക്കുന്ന സിനിമകള്‍ കാണാന്‍ താത്പര്യമില്ല. ഈയടുത്ത് റിലീസായ ഉള്ളൊഴുക്ക് കാണാന്‍ തോന്നാത്തതും ആ ഒരു കാരണം കൊണ്ടാണ്. ആകാശദൂത് കാണാന്‍ തിയേറ്ററില്‍ പോയതായിരുന്നു. മുഴുവന്‍ കാണാന്‍ നിന്നില്ല. മാധവി മരിക്കുന്നതിന് മുമ്പേയുള്ള സീന്‍ ആയപ്പോഴേക്ക് ഞാന്‍ ഇറങ്ങി.

അന്നൊക്കെ തിയേറ്ററില്‍ റെപ്രസന്റേറ്റീവ് നില്‍ക്കുമായിരുന്നു. പടത്തിനെപ്പറ്റി റിപ്പോര്‍ട്ട് അറിയാന്‍. ഞാന്‍ ഇറങ്ങിയത് അയാള്‍ കണ്ടു. ‘എന്തുപറ്റി സാര്‍, പടം ഇഷ്ടമായില്ലേ’ എന്ന് ചോദിച്ചു. കരച്ചില്‍ സഹിക്കാന്‍ പറ്റാതെ ഇറങ്ങിയതാണെന്ന് പറയാന്‍ പറ്റുമോ, അന്നത്തെ ടെറര്‍ വില്ലനായി നില്‍ക്കുന്ന ഞാന്‍ അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ എന്ത് വിചാരിക്കും. ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങി,’ സായ് കുമാര്‍ പറയുന്നു.

Content Highlight: Sai Kumar saying he didn’t watch Aakashdoothu movie till now

We use cookies to give you the best possible experience. Learn more