| Friday, 28th July 2023, 9:09 am

എമ്പുരാനിൽ ഉണ്ടെന്നാണ് രാജു പറഞ്ഞത്; ലൂസിഫറിൽ ആദ്യം അഭിനയിക്കുന്നില്ലെന്ന് പറഞ്ഞതാണ്: സായ് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിൻറെ രണ്ടാം ഭാഗമായ എമ്പുരാനിലും തന്റെ കഥാപാത്രം ഉണ്ടാകുമെന്ന് നടൻ സായ് കുമാർ. ലൂസിഫറിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ തനിക്ക് കാലിന് സുഖമില്ലാത്തതുകൊണ്ട് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞെന്നും എന്നാൽ തനിക്കുവേണ്ടി കഥാപാത്രത്തെ
കാലിന് സുഖമില്ലാത്ത ആളാക്കി അവതരിപ്പിക്കാമെന്നും പൃഥ്വിരാജ് പറഞ്ഞെന്ന് സായ് കുമാർ പറഞ്ഞു. മൂവി മാന് ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമ്പുരാൻ എന്ന ചിത്രത്തിൽ തന്റെ കഥാപാത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എമ്പുരാനിൽ ഞാനും ഉണ്ടെന്നാണ് രാജു പറഞ്ഞത്. രാജു ആദ്യമായി അഭിനയിച്ച നന്ദനം സിനിമയിൽ ഞാൻ ഉണ്ട്, പിന്നെ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും ഞാൻ ഉണ്ട്. അതൊക്കെ സന്തോഷമുള്ള കാര്യമാണ്.

ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് അഭിനയിക്കുന്നില്ലെന്ന്. കാരണം എനിക്ക് കാലിന് നല്ല വേദനയായിരുന്നു. സിദ്ദു പനക്കൽ ആയിരുന്നു എന്നെ വിളിച്ചത്. ചെയ്യുന്നില്ലെന്ന് തീരുമാനിക്കാൻ കാരണം, രാജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. വയ്യാതിരിക്കുന്ന ഞാൻ ചെന്ന് ഇനി അത് കുളമാക്കണ്ട എന്ന് ചിന്തിച്ചു. അതുകൊണ്ട് കാലിന് വയ്യാത്തതുകൊണ്ടാണ് വരാത്തതെന്ന് അറിയിക്കണമെന്ന് പുള്ളിയോട് ഞാൻ പറഞ്ഞു.

പിന്നീട് വീണ്ടും കോൾ വന്നു അതിൽ രാജു ആയിരുന്നു. എന്താ ചേട്ടാ പടത്തിൽ അഭിനയിക്കാത്തതെന്ന് രാജു ചോദിച്ചു. ഞാൻ പറഞ്ഞു കാലിന് വയ്യാത്തതുകൊണ്ടാണെന്ന്. ചേട്ടനിപ്പോൾ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നടക്കാം, അത്രയേയുള്ളുവെന്ന്. എങ്കിൽ അതായിരിക്കും എന്റെ കഥാപാത്രം, അതല്ല ഇപ്പോൾ വീൽ ചെയറിൽ ആണ് ഇരിക്കുന്നതെങ്കിൽ അതാണ്‌ എന്റെ കഥാപാത്രം. ഇനിയിപ്പോൾ വടി കുത്തിയാണ് നടക്കുന്നതെങ്കിൽ നമ്മുടെ കഥാപാത്രത്തെ അങ്ങനെയുമാക്കാമെന്ന് രാജു പറഞ്ഞു. അപ്പോൾ നമ്മൾ ഈ പടം ചെയ്യുന്നു എന്ന് പറഞ്ഞിട്ടാണ് ഫോൺ വെച്ചത്. പിന്നെ രാജുവിനോട് ഞാൻ എന്ത് പറയാനാ,’ സായ് കുമാർ പറഞ്ഞു.

Content highlights: Sai Kumar on Lucifer movie and Prithviraj

We use cookies to give you the best possible experience. Learn more