| Thursday, 19th June 2025, 6:45 pm

'മമ്മൂക്കയുടെ അച്ഛനായിട്ട് അഭിനയിക്കാമോ' എന്ന് അദ്ദേഹം ചോദിച്ചു; അതിന് ഞാൻ കൊടുത്ത മറുപടി: സായി കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സായി കുമാർ. 1977ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സായി കുമാർ അഭിനയജീവിതം ആരംഭിക്കുന്നത്. 1989ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയോടെ സായി കുമാറിന് പ്രേക്ഷകശ്രദ്ധ ലഭിക്കുകയും പിന്നീട് മലയാള സിനിമയിൽ സജീവമാകുകയും ചെയ്തു. ഇപ്പോൾ രാജമാണിക്യം സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് സായി കുമാർ.

തന്നെ ആ വേഷത്തിലേക്ക് വിളിച്ചത് ആന്റോ ജോസഫാണെന്നും വിളിച്ചപ്പോള്‍ വഴക്ക് പറയുമോ എന്നാണ് തന്നോട് ചോദിച്ചതെന്നും സായി കുമാര്‍ പറയുന്നു. ഒരു കാര്യം ചോദിക്കാനാണെന്നും രാജമാണിക്യത്തിലെ ഒരു വേഷം ചെയ്യാമോ എന്നു ചോദിച്ചുവെന്നും സായി കുമാര്‍ പറഞ്ഞു.

അതിനാണോ വഴക്ക് പറയുമോ എന്ന് താന്‍ അവനോട് ചോദിച്ചെന്നും മമ്മൂക്കയുടെ അച്ഛനായിട്ടാണ് വേഷമെന്ന് അവന്‍ തന്നോട് പറഞ്ഞെന്നും സായി കുമാര്‍ പറയുന്നു.

അതിനെന്താ പൈസ തരുമോ എന്നാണ് താന്‍ ചോദിച്ചതെന്നും സായി കുമാര്‍ വ്യക്തമാക്കി.

അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും അപ്പോള്‍ ഡാ എന്ന് വിളിച്ചാല്‍ വരുമല്ലോ എന്നും അല്ലാതെ മമ്മൂട്ടിയുടെ അടുത്ത് പോയി അങ്ങനെ വിളിക്കാന്‍ പറ്റുമോ എന്നും സായി കുമാര്‍ പറയുന്നു.

അവരുടെ അച്ഛനാകുക എന്നുപറഞ്ഞാല്‍ സുഖമാണെന്നും സായി കുമാര്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയാണ് സായി കുമാര്‍.

‘എന്നെ വിളിച്ചത് ആന്റോ ജോസഫാണ്. ‘ചേട്ടാ ഞാന്‍ ആന്റോ ജോസഫാണ്. ചേട്ടന്‍ വഴക്ക് പറയുമോ’ എന്നാണ് ആന്റോ എന്നോട് ചോദിച്ചത്.

‘എന്തിനാണ് ഞാന്‍ വഴക്ക് പറയുന്നത്’ ഞാന്‍ ചോദിച്ചു.

‘ഒരു കാര്യം ചോദിക്കാനാണ്’ ആന്റോ പറഞ്ഞു.

‘എന്താ കാര്യം’ ഞാന്‍ ചോദിച്ചു.

‘അതേയ് രാജമാണിക്യത്തില്‍ ഒരു ക്യരക്ടര്‍ ചെയ്യാമോ’ ആന്റോ ചോദിച്ചു.

‘അതിനാണോ നീ വഴക്ക് പറയുമോ എന്ന് ചോദിച്ചത്’ ഞാന്‍ അവനോട് ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു ‘മമ്മൂക്കയുടെ അച്ഛനായിട്ടാണ്’ എന്ന്.

‘അതിനെന്താ, പൈസ തരുമോ’ എന്ന് ഞാന്‍ ചോദിച്ചു. ‘ആ ഓക്കെ’ എന്ന് അവനും പറഞ്ഞു. അങ്ങനത്തെ വേഷങ്ങള്‍ എനിക്കിഷ്ടമാണ്. അപ്പോഴെങ്കിലും ഡാ ഇങ്ങു വാ എന്ന് വിളിച്ചാല്‍ വരും. എന്റെ മകനാണല്ലോ… അല്ലാതെ മമ്മൂക്കയുടെ അടുത്ത് പോയി ഡാ എന്ന് വിളിക്കാന്‍ പറ്റുമോ? അതുമാത്രമല്ല അവരുടെയൊക്കെ അച്ഛനാകുക എന്നുപറഞ്ഞാല്‍ ഒരു സുഖമല്ലേ…’ സായി കുമാര്‍ പറയുന്നു.

രാജമാണിക്യം

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, റഹ്‌മാന്‍, മനോജ്. കെ. ജയന്‍, സായി കുമാര്‍, പത്മപ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് രാജമാണിക്യം. വലിയ വീട്ടില്‍ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിറാജ് വലിയ വീട്ടില്‍ ആണ് നിര്‍മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് ടി.എ. ഷാഹിദ് ആണ്. 2005 നവംബര്‍ മൂന്നിന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.

Content highlight: Sai Kuamr talking about Rajamanikyam Movie

We use cookies to give you the best possible experience. Learn more