| Tuesday, 8th April 2025, 10:26 am

ആ സംഭവത്തിന് ശേഷം കരിയര്‍ തീര്‍ന്നെന്ന് കരുതി; അപ്പോഴാണ് അദ്ദേഹത്തിന്റെ കോള്‍ വരുന്നത്: സാഗര്‍ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സാഗര്‍ സൂര്യ. കഴിഞ്ഞ വര്‍ഷം ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലെ ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച സാഗര്‍ സൂര്യ ആയിരുന്നു. മലയാള സിനിമ പ്രേമികളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ പണിയിലൂടെ സാഗറിന് കഴിഞ്ഞു.

പണിക്ക് മുമ്പ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും സാഗര്‍ സൂര്യ പങ്കെടുത്തിരുന്നു. ഇപ്പോള്‍ റിയാലിറ്റി ഷോയിലേക്ക് പോയതിനെ കുറിച്ചും പണിയില്‍ അഭിനയിച്ചതിന്റെ കുറിച്ചും സംസാരിക്കുകയാണ് സാഗര്‍ സൂര്യ. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടാണ് താന്‍ റിയാലിറ്റി ഷോയില്‍ പോയതെന്നും റിയാലിറ്റി ഷോയിലേക്ക് പോയാല്‍ ഇനി സിനിമകള്‍ തേടിയെത്താന്‍ വഴിയില്ലെന്ന് തനിക്ക് തോന്നിയിരുന്നെന്നും സാഗര്‍ പറയുന്നു.

റിയാലിറ്റി ഷോയുടെ ഭാഗമായപ്പോള്‍ കരിയര്‍ തീര്‍ന്നുവെന്ന് കരുതേയെന്നും അപ്പോഴാണ് പണിയിലേക്ക് ജോജു ജോര്‍ജ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാഗര്‍ സൂര്യ.

‘ഞാന്‍ ശരിക്കും സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബിഗ് ബോസിന്റെ അകത്തേക്ക്. സിനിമ ചെയ്ത് നില്‍ക്കുമ്പോള്‍ പോലും എനിക്ക് നല്ല അവസരങ്ങള്‍ വന്നിരുന്നില്ല. അതുകൊണ്ട് ഇനി റിയാലിറ്റി ഷോയിലേക്ക് പോയാല്‍ ഇനി സിനിമകള്‍ തേടിയെത്താന്‍ വഴിയില്ല എന്നുതന്നെയായിരുന്നു എനിക്ക് തോന്നിയത്.

മുന്നോട്ട് ജീവിതം പോകണം, വീട്ടുകാരെ നോക്കണം എന്നൊരു ഘട്ടമെത്തിയപ്പോഴാണ് ഞാന്‍ റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. ആ സമയത്ത് എന്റെ കരിയര്‍ ഇനി ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ പൊതുവേ ഒരു പ്രശ്‌നത്തിലും ഇടപെടാത്ത ഒരാളാണ്. പക്ഷേ ഷോയ്ക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ സംസാരിക്കേണ്ടി വരും. എന്തെങ്കിലുമൊക്കെ പറയണ്ടേ, അല്ലെങ്കില്‍ ഞാന്‍ പുറത്തുപോകുമല്ലോ.

എന്നെ ചിലപ്പോള്‍ ആരെങ്കിലും തല്ലിയാല്‍, ‘ഒന്നുമില്ലെടാ നീ പൊക്കോ’ എന്ന് പറയുന്നയാളാണ് ഞാന്‍. ഞാന്‍ ആ ഷോയില്‍ പങ്കെടുക്കുമ്പോള്‍ തന്നെ എനിക്കറിയാം എന്റെ കരിയര്‍ തീര്‍ന്നുവെന്ന്. ഷോയില്‍ നിന്ന് പുറത്തുപോയപ്പോള്‍ ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ആ സമയത്താണ് എന്നെ ജോജു ചേട്ടന്‍ വിളിക്കുന്നത്. ഞാന്‍ ജോജു ചേട്ടന്റെ വലിയ ഫാനാണ്,’ സാഗര്‍ സൂര്യ പറയുന്നു.

Content Highlight: Sagar Surya Talks About His Life After Reality Show

We use cookies to give you the best possible experience. Learn more