നാണക്കാരനായ ഞാന്‍ നടനാകണമെന്ന് എഴുതിയപ്പോള്‍ എല്ലാവരും കളിയാക്കി; എന്റെ ശ്രമങ്ങള്‍ വിജയിക്കാറുണ്ട്: സാഗര്‍ സൂര്യ
Malayalam Cinema
നാണക്കാരനായ ഞാന്‍ നടനാകണമെന്ന് എഴുതിയപ്പോള്‍ എല്ലാവരും കളിയാക്കി; എന്റെ ശ്രമങ്ങള്‍ വിജയിക്കാറുണ്ട്: സാഗര്‍ സൂര്യ
ഐറിന്‍ മരിയ ആന്റണി
Friday, 6th March 2026, 3:26 pm

ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് സാഗര്‍ സൂര്യ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെ പരിചിതനായി മാറിയ താരം ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

എന്നാല്‍ മനു വാര്യര്‍ സംവിധാനം ചെയ്ത 2021ല്‍ പുറത്തിറങ്ങിയ കുരുതി എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ജനഗണമന, കാപ്പ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ നടന് ബ്രേക്ക് ത്രൂ ആയത് പണി എന്ന ചിത്രമാണ്.

ഒടുവില്‍ പുറത്തിറങ്ങിയ പ്രകമ്പനത്തിലും മികച്ച പെര്‍ഫോമന്‍സാണ് സാഗര്‍ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ അഭിനയിക്കണമെന്ന് അതിയായ മോഹം കൊണ്ട് സിനിമയില്‍ ഏറെ പരിശ്രമിച്ചാണ് താന്‍ എത്തിയതെന്ന് നടന്‍ പറയുന്നു.

‘ഒരു കാര്യം നിന്നെക്കൊണ്ട് പറ്റില്ല എന്നു മറ്റുള്ളവര്‍ പറഞ്ഞാല്‍ എത്ര കഷ്ടപ്പെട്ടിട്ടായാലും അതിനുവേണ്ടി നിരന്തരം പരിശ്രമിക്കുന്നതാണ് എന്റെ രീതി. ചിലപ്പോള്‍ ഒരുപാടുകാലം എടുത്തേക്കാം. എന്നാലും എന്റെ ശ്രമങ്ങള്‍ വിജയിക്കാറുണ്ട്. തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്.

ആരാവാനാണ് ആഗ്രഹം എന്ന് ഒരു പേപ്പറില്‍ എഴുതിത്തരാന്‍ ഒരിക്കല്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു. എല്ലാവരും ഡോക്ടര്‍, എന്‍ജിനീയര്‍ എന്നൊക്കെ എഴുതിയപ്പോള്‍ ഞാന്‍ ആക്ടര്‍ എന്ന് എഴുതി. ക്ലാസിലെ ഏറ്റവും സയലന്റായ, ഷൈ ആയ ഞാന്‍ ആക്ടര്‍ എന്ന് എഴുതിയപ്പോള്‍ എല്ലാവരും ഒരുപാട് കളിയാക്കി,’ സാഗര്‍ സൂര്യ പറയുന്നു.

എന്നാല്‍ പിന്നെ അഭിനയിച്ചിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച് താന്‍ ഒരു സ്‌കൂള്‍ നാടകത്തില്‍ ചേര്‍ന്നുവെന്നും നടന്‍ പറയുന്നു. പ്രോപ്പര്‍ട്ടിയുമായി സ്റ്റേജിലേക്ക് വരുന്ന ഒരു രംഗം നാടകത്തിലുണ്ടായിരുന്നുവന്നെും അവിടെ ടെന്‍ഷന്‍ കാരണം താന്‍ ആ പ്രോപ്പര്‍ട്ടി എടുക്കാന്‍ മറന്നുപോയിയെന്നും സാഗര്‍ സൂര്യ പറയുന്നു. നാടകത്തിന് ഫസ്റ്റ് പ്രൈസ് കിട്ടാതിരുന്നത് താന്‍ കാരണമാണെന്നു പറഞ്ഞ് എല്ലാവരും തന്നെ അന്ന് കുറേ ചിത്ത പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജേഷ് പാണത്തൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ചെത്തിയ പ്രകമ്പനം മികച്ച അഭിപ്രായങ്ങള്‍ നേടുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തു. സിനിമയില്‍ പുണ്യാളന്‍ എന്ന കഥാപാത്രമായാണ് സാഗര്‍ സൂര്യ എത്തിയിരുന്നത്. ഗണപതി, അമീന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്.

Content Highlight: Sagar Surya says he was teased a lot for wanting to become an actor when he was young

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.