ഹൊറർ കോമഡി ചിത്രം എന്ന് പറഞ്ഞാൽ ഇതാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ‘പ്രകമ്പനം’ തിയേറ്ററിൽ മുന്നേറുന്നത് . യാതൊരു ഹൈപ്പും ഇല്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം, ലാഗ് ഒന്നുമില്ലാതെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുകയാണ്.
കോമഡിക്ക് കോമഡി, പ്രണയത്തിന് പ്രണയം, ഇടയ്ക്ക് ഹൊറർ എലമെന്റുകളും ചേർത്ത് എല്ലാ ഇമോഷൻസും ബാലൻസ് ചെയ്ത് അവതരിപ്പിക്കുന്ന ഒരു ഫുൾ പാക്ക്ഡ് എന്റർടെയ്നറാണ് ‘പ്രകമ്പനം’. ക്യാമ്പസ് ലൈഫും ഹോസ്റ്റൽ മോമെന്റ്സും വളരെ റിലേറ്റബിളായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം, ഹൊജോ ബോർഡ് സീൻ ഉൾപ്പെടെയുള്ള ഹൊറർ സീനുകളിലൂടെ ആ ഒരു ഹൊറർ കോമഡി മൂഡ് പൂർണമായി കാണിച്ച് തന്നു.
ഓരോ കഥാപാത്രത്തിന്റെയും അഭിനയവും ഡയലോഗ് ഡെലിവറിയും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഗണപതി, അമീൻ, ശീതൾ, അസീസ്, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ തുടങ്ങി മുഴുവൻ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ ചിത്രത്തിന്റെ മുഴുവൻ ഭാരവും ചുമന്നത് സാഗർ സൂര്യയുടെ ‘പുണ്യാളൻ’ എന്ന കഥാപാത്രമാണ്. അഴിഞ്ഞാട്ടം എന്ന് പറഞ്ഞാൽ ശരിക്കും ഒന്നൊന്നര അഴിഞ്ഞാട്ടം തന്നെയാണ് സാഗർ സൂര്യ സ്‌ക്രീനിൽ കാഴ്ചവെച്ചത്. പണി എന്ന ചിത്രത്തിലൂടെ വില്ലൻ ഷേഡിൽ കണ്ട സാഗർ സൂര്യ ഈ കഥാപാത്രത്തിലൂടെ നടത്തിയ മേക്കോവർ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതാണ്.
എല്ലാ കോളേജുകളിലും കാണുന്ന അലമ്പും ഉഴപ്പും നിറഞ്ഞ, എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരുത്തന്റെ കാർബൺ കോപ്പിയാണ് ‘പുണ്യാളൻ’ എന്ന കഥാപാത്രം. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ക്യാരക്ടർ കൺസിസ്റ്റൻസി കൃത്യമായി നിലനിർത്താൻ സാഗർ സൂര്യയ്ക്ക് സാധിച്ചു. സീരിയസ് റോളുകൾക്കൊപ്പം കോമഡി കഥാപാത്രങ്ങളും വിജയിപ്പിക്കാൻ തനിക്കാവുമെന്ന് മുൻപ് തെളിയിച്ചിട്ടുള്ള താരം, ‘പുണ്യാളൻ’ എന്ന വെറൈറ്റി കഥാപാത്രത്തിലൂടെ വീണ്ടും കൈയ്യടി നേടുകയാണ്.
ഒരു മീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പാളിപോകാമായിരുന്ന ഒരു കഥാപാത്രമായിരുന്നിട്ടും ഒട്ടും കൈവിടാതെയാണ് ആ കഥാപാത്രത്തെ സാഗർ അവതരിപ്പിച്ചത്. രണ്ട് ഷേഡുകൾ ഒരേ സമയം കൈകാര്യം ചെയ്ത്, മാനറിസങ്ങൾ കൃത്യമായി പിടിച്ചാണ് സാഗർ സൂര്യ അവതരിപ്പിച്ചത്. ‘സീൻ തൂക്കി’ എന്നതിലുപരി, സിനിമ മുഴുവൻ തന്നെ പുണ്യാളൻ തൂക്കി എന്നതാണ് സിനിമ കണ്ട ഓരോ പ്രേക്ഷക അഭിപ്രായവും.
നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായ കണ്ണൂരുകാരന്റെ വേഷത്തിൽ ഗണപതിയും ക്യാരക്ടർ സേഫായി കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ അൽ അമീൻ, സിനിമയിൽ തികച്ചും വേറിട്ടൊരു പെർഫോമൻസിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.
എല്ലാ പ്രായക്കാർക്കും തിയേറ്ററിൽ പോയി മനസ്സു തുറന്ന് ചിരിക്കാവുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റർടെയ്നർ തന്നെയാണ് ‘പ്രകമ്പനം’. ചെറിയ സസ്പെൻസും ഹൊറർ ടച്ചുമുണ്ടെങ്കിലും ചിത്രം മുഴുവനായി ഒരു ഫുൾ ഓൺ കോമഡി പടമായാണ് മുന്നേറുന്നത്. ചിത്രത്തിലെ പ്രേതങ്ങളും ഒരു ഒന്നൊന്നര ഐറ്റം തന്നെയാണ്.
ബിബിൻ അശോകിന്റെ സംഗീതവും ശങ്കർ ശർമ്മയുടെ ബാക്ക്ഗ്രൗണ്ട് സ്കോറും സിനിമയുടെ എനർജി കൂട്ടുന്ന ഘടകങ്ങളാണ്. ചിത്രത്തിന്റെ അവസാനം, രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നുവെച്ചാണ് ‘പ്രകമ്പനം’ അവസാനിക്കുന്നത്.
Content Highlight: Sagar Surya’s performance in the movie Prakambanam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.