ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് സാഗര്‍ സൂര്യ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പരിചിതനായി മാറിയ താരം ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.
മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതി എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സാഗറിന് പിന്നീട് ഒരു ബ്രേക്ക് ത്രൂ നേടികൊടുത്ത സിനിമയാണ് പണി. ജോജു ജോര്‍ജിന്റെ സംവിധാനത്തില്‍ എത്തിയ പണിയിലല്‍ ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് നടന്‍ എത്തിയത്. ഒടുവില്‍ പുറത്തിറങ്ങിയ പ്രകമ്പനത്തിലെ പുണ്യാളനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു.
ഇപ്പോഴിതാ പ്രകമ്പനം സിനിമയുടെ സംവിധായകന്‍ വിജേഷ് പാണത്തൂരിന് പുണ്യാളന്‍ എന്ന കഥാപാത്രം തന്നെവെച്ച് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെന്ന് സാഗര്‍ സൂര്യ പറയുന്നു.
‘പണിയിലെ ഡോണ്‍ സെബാസ്റ്റ്യന്‍ പോലൊരു വില്ലനില്‍നിന്ന് പുണ്യാളന്‍ എന്ന ഹ്യൂമര്‍ കഥാപാത്രത്തിലേക്ക് വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു കൗതുകമായിരിക്കും. പക്ഷേ, ക്ലിക്കായില്ലെങ്കില്‍ ഭയങ്കര പ്രശ്‌നമാവുകയും ചെയ്യും എന്ന തരത്തിലുള്ള വേഷമായിരുന്നു അത്. ചെയ്യുന്നത് ഒരു മീറ്റര്‍ കുറഞ്ഞാല്‍ സിനിമ തന്നെ പരാജയപ്പെട്ടേക്കാം. പക്ഷേ, റിലീസ് ചെയ്തപ്പോള്‍ പുണ്യാളനെ എല്ലാവര്‍ക്കും ഇഷ്ടമായി.
പണിയിലെ വില്ലന്‍ ഇമേജില്‍നിന്ന് പുറത്തുകടക്കാന്‍ അതിലൂടെ എനിക്ക് സാധിച്ചു. ഇവനെല്ലാം ചെയ്യാന്‍ പറ്റും എന്നുള്ള രീതിയില്‍ ജനങ്ങളില്‍ ഒരു വിശ്വാസം വന്നിട്ടുണ്ട്. അക്കാര്യത്തില്‍ സന്തോഷമുണ്ട്. പണി യിലെ കഥാപാത്രത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. കുറേ കഥകള്‍ കേട്ടു. പ്രകമ്പനത്തില്‍ മാത്രമാണ് രസകരമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയത്,’ സാഗര്‍ സൂര്യ പറയുന്നു.
വിജേഷേ് ഈ കഥ തന്നോട് പറയുമ്പോള്‍ പുണ്യാളന്‍ എന്ന കഥാപാത്രമായി അവരുടെ മനസിലുണ്ടായിരുന്നത് വേറെ ഒരു നടനായിരുന്നുവെന്നും പക്ഷേ, തനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും നടന്‍ പറയുന്നു.
ആ വേഷം ചെയ്‌തോട്ടേ എന്ന് താന്‍ ചോദിച്ചില്ലെന്നും ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ സിനിമയെപ്പറ്റി അന്വേഷിച്ച് താന്‍ സംവിധായകന് മെസേജ് അയച്ചുവെന്നും തുടങ്ങിയിട്ടില്ലെന്ന് മറുപടി ലഭിച്ചപ്പോള്‍ പുണ്യാളനെ അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് അവതരിപ്പിച്ചുവെന്നും സാഗര്‍ സൂര്യ കൂട്ടിച്ചേര്‍ത്തു.
Content Highlight: Sagar Surya on the movie Prakambanam and his character in the movie Pani