ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നു; പ്രകമ്പനത്തില്‍ ആദ്യം ചെയ്യാനിരുന്നത് മറ്റൊരു കഥാപാത്രം: സാഗര്‍ സൂര്യ
Malayalam Cinema
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നു; പ്രകമ്പനത്തില്‍ ആദ്യം ചെയ്യാനിരുന്നത് മറ്റൊരു കഥാപാത്രം: സാഗര്‍ സൂര്യ
ഐറിന്‍ മരിയ ആന്റണി
Saturday, 7th March 2026, 7:32 am

ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് സാഗര്‍ സൂര്യ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പരിചിതനായി മാറിയ താരം ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതി എന്ന സിനിമയിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് നിരവധി സിനിമകളില്‍ ഭാഗമായ സാഗറിന് ഒരു ബ്രേക്ക് ത്രൂ നേടികൊടുത്ത സിനിമയാണ് പണി. ജോജു ജോര്‍ജിന്റെ സംവിധാനത്തില്‍ 2024ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ ഡോണ്‍ സെബാസ്റ്റിയന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് നടന്‍ എത്തിയത്.

കമല്‍ഹാസന്‍ ഉള്‍പ്പെടുള്ള താരങ്ങള്‍ സിനിമയിലെ സാഗറിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ പ്രകമ്പനത്തിലെ പുണ്യാളന്‍ എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ പ്രകമ്പനത്തില്‍ ആദ്യം മറ്റൊരു കഥാപാത്രം ചെയ്യാനായിരുന്നു തന്നെ വിളിച്ചതെന്ന് സാഗര്‍ സൂര്യ പറയുന്നു.

‘പിന്നീടാണ് പുണ്യാളന്റെ വേഷം കിട്ടിയത്. ‘പണി’യിലെ കൊടും വില്ലനില്‍നിന്ന് ഫുള്‍ കോമ ഡിയിലേക്കുള്ള മാറ്റമായിരുന്നു ഈ സിനിമ. സിനിമ ഹിറ്റായി. അഭിനയം കണ്ട് പലരും വളരെ നന്നായിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞു. സിനിമയുടെ ഷോ സ്റ്റീലര്‍ എന്നും ചിലര്‍ വിശേഷിപ്പിച്ചു കാണുമ്പോള്‍ വളരെ സന്തോഷം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്.

കലയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പശ്ചാത്തലത്തില്‍നിന്ന്, പണ്ട് സ്‌കൂളില്‍ ടീച്ചര്‍ക്ക് എഴുതിക്കൊടുത്തതുപോലെ ഒരു ആക്ടര്‍  ആവാന്‍ പറ്റിയില്ലേ! ഒരേ ഒരു സങ്കടം എന്റെ വിജയം കാണാന്‍ അമ്മ ഇല്ലല്ലോ എന്നുള്ളതാണ്. ആറു വര്‍ഷം കൂടി അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഏറെ സന്തോഷിച്ചേനെ, എനിക്കു പറ്റിയ ഒരു പെണ്‍ കുട്ടിയെ കണ്ടുപിടിച്ച് എന്റെ കല്യാണം വരെ അമ്മയിപ്പോള്‍ നടത്തി യിട്ടുണ്ടാകുമായിരുന്നു,’ സാഗര്‍ സൂര്യ പറയുന്നു.

താനും അച്ഛനും അനിയനും മാത്രമുള്ള ഒരു ആണ്‍വീടാണ് ഇപ്പോള്‍ തങ്ങളുടേതെന്നും അമ്മയുടെ അസാന്നിധ്യം മാത്രമാണ് ഇപ്പോഴത്തെ ഒരേ ഒരു സങ്കടമെന്നും സാഗര്‍ സൂര്യ പറയുന്നു. അമ്മയുടെ അസുഖം കാരണവും താന്‍ വലിയ സങ്കടത്തിലായിരുന്നുവെന്നും ഹൃദയവാല്‍വിന് ഒരു അപൂര്‍വ അസുഖമായിരുന്നു അമ്മയ്ത്ത്, വാതസംബന്ധമായ അസുഖവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദനകൊണ്ട് അമ്മ പിടയുന്നത് കണ്‍മുന്നില്‍ പല തവണ കാണേണ്ടിവന്നിട്ടുണ്ടെന്നും സാഗര്‍ സൂര്യ പറഞ്ഞു.

 

Content Highlight: Sagar Surya on the movie Prakambanam and his character in it

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.