ഒരു മലയുടെ മുകളിൽ പോയി ഒരു ചായക്കട തുടങ്ങിയാലും നല്ല ആഹാരം കൊടുത്താൽ നിങ്ങളെ തേടി മലയുടെ മുകളിലും ആളുകൾ വരും. അതല്ലാത്ത എത്ര തിരക്കുള്ള സിറ്റിയിൽ തുടങ്ങിയിട്ട് മോശം ആഹാരം കൊടുത്താൽ ആരും വരില്ല
അലുവക്കും കോയിബിരിയാണിക്കും മിൽക്ക് സർബത്തിനുമെല്ലാം പേരുകേട്ട കോഴിക്കോടിന്റെ മണ്ണിൽ പതിറ്റാണ്ടുകളായി രുചി പകരുന്ന ഹോട്ടൽ ശൃംഖലയുടെ നെടുംതൂണായി ഒരു സ്ത്രീ. തന്റെ പിതാവ് സാഗർ ഹംസക്ക വിളമ്പിയ അതേ രുചിയോടെ ഇന്നും ഭക്ഷണം കൊടുക്കുന്ന കാലിക്കറ്റ് പരിവാർ റെസ്റ്റോറന്റ് ആരംഭിച്ച സഫിയയെ കുറിച്ചറിയാം. പരിവാറിന് പുറമെ വീട്ടുരുചി നാവിൽ എത്തിക്കുന്ന വാത്താസ് എന്ന ബ്രാൻഡ് ആരംഭിച്ച സംരംഭക കൂടിയാണ് സഫിയ. സഫിയയും പങ്കാളി സലാമും ഡൂൾന്യൂസിനോട് സംസാരിക്കുന്നു.
സ്ത്രീകൾ അധികം കടന്നുവരാത്ത, വന്നാലും വിജയിക്കാൻ സാധ്യത വളരെ കുറവുള്ള ഹോട്ടൽ മേഖലയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
സഫിയ: എന്റെ വാപ്പച്ചി തുടങ്ങിവെച്ചതാണ് ഇത്. ചെറുപ്പം മുതലേ കണ്ടുവളർന്നത് ഇതായതുകൊണ്ടും അതിനോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. പിന്നെ ഭർത്താവും മക്കളും ഒക്കെ കൂടെ ഉണ്ടല്ലോ, അതിന്റെ ഒരു ധൈര്യത്തിലാണ് എല്ലാം ചെയ്യുന്നത്.
കോഴിക്കോടിലെ രുചി കൊമേഴ്ഷ്യലായി ആളുകൾക്ക് പരിചയപ്പെടുത്തിയത് താങ്കളുടെ പിതാവ് സാഗർ ഹംസക്കയാണല്ലോ, ഇതിന്റെയെല്ലാം തുടക്കത്തെ കുറിച്ച്?
സലാം: 1963ൽ പതിമംഗലത്ത് ചെറിയൊരു ചായ കടയിൽ നിന്നായിരുന്നു ഇതിന്റെയൊക്കെ തുടക്കം. കപ്പി പീട്യ എന്നാണ് പറയുക. പൂളയും (കപ്പ) കഞ്ഞിയും മീനുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോൾ പതിമംഗലത്തെ കടയുടെ നേരെ ഓപ്പോസിറ്റുള്ള കടയിലേക്ക് മാറി. അതും കഴിഞ്ഞാണ് കുന്ദമംഗലത്തേക്ക് മാറുന്നത്. ആ കടയിലേക്ക് മാറിയതിന് ശേഷമാണ് കൈകൊണ്ടു പരത്തുന്ന പത്തിരി വിൽക്കാൻ തുടങ്ങുന്നത്. ആദ്യമായി പത്തിരി കൊമേഴ്ഷ്യലൈസ് ചെയ്തത് വാപ്പയാണ്. പത്തിരിയും അയ്കൂറ പൊരിച്ചതും.
കുന്ദമംഗലത്ത് വേറെ ഒരാൾ നടത്തിക്കൊണ്ടിരുന്ന കട ഏറ്റെടുക്കുകയും അതിന് പരിവാർ എന്ന പേര് വെക്കുകയുമായിരുന്നു. അങ്ങനെയാണ് പരിവാറായി മാറുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ ബ്രാൻഡ് പരിവാർ ആണ്. അതിന് ശേഷമാണ് സാഗർ തുടങ്ങുന്നത്.
ആദ്യമായി പത്തിരി കൊമേഴ്ഷ്യലൈസ് ചെയ്തത് വാപ്പയാണ്
സഫിയ: എന്റെ വാപ്പച്ചിക്ക് ആദ്യം കൂലിപ്പണി ആയിരുന്നു. 1000 തേങ്ങവരെ അദ്ദേഹം ഒരു ദിവസം പൊളിക്കുമായിരുന്നു. അന്ന് ഞങ്ങളുടെ കുടുംബത്തിൽ കുറച്ചെങ്കിലും സാമ്പത്തികമായിട്ട് മെച്ചമുണ്ടെന്ന് പറയുന്നത് വാപ്പച്ചിയുടെ ചേട്ടൻ, സുലൈമാൻ മൂത്താപ്പക്കായിരുന്നു. മൂത്താപ്പ ലോറി ഡ്രൈവർ ആയിരുന്നു. അദ്ദേഹമാണ് വാപ്പച്ചിക്ക് ആദ്യമായി കച്ചവടം ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത്. ഒരു കടയൊക്കെ ശരിയാക്കികൊടുത്ത് ആദ്യത്തെ ദിവസം വിൽക്കാനുള്ള പൂളയും (കപ്പ) മീനും വരെ വാങ്ങി നൽകിയത് മൂത്താപ്പയായിരുന്നു. പിന്നെ മരിക്കുന്ന വരെ രണ്ടാളും ഒന്നിച്ചായിരുന്നു.
സ്വന്തമായി തുടങ്ങിയ സംരംഭമാണല്ലോ വാത്താസ്, അതിനെ കുറിച്ച്?
സഫിയ: ഞാൻ ഉണ്ടാക്കുന്ന ഫുഡ് നല്ല രുചിയാണെന്ന് എല്ലാവരും പറയാറുണ്ട്. എന്റെ മക്കളും ഭർത്താവും സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ എന്നോട് എപ്പോഴും പറയും. കുട്ടികളൊക്കെ ചെറുതായിരുന്നപ്പോൾ സ്വന്തമായും എന്തെങ്കിലും തുടങ്ങുന്നതിന് അതിന്റേതായ പരിമിതികളുണ്ടല്ലോ, അങ്ങനെ അവരൊക്കെ വലുതായപ്പോൾ സലാംക്ക (പങ്കാളി) ഇനിയെങ്കിലും എന്തെങ്കിലും ആരംഭിക്കാൻ പറഞ്ഞു. അച്ചാറിൽ നിന്ന് തുടങ്ങാനും അദ്ദേഹം തന്നെയാണ് പറഞ്ഞത്. തുടക്കത്തിൽ നല്ല പേടി ഉണ്ടായിരുന്നു. വിജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലലോ. എന്നാലും നല്ലത് കൊടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അച്ചാറിൽ തന്നെ വിനാഗിരി ഒഴികെ വേറെ ഒരു പ്രിസർവേറ്റിവും നമ്മൾ ചേർക്കാറില്ല. ആളുകൾക്ക് ഇഷ്ടമാകുമോ എന്ന ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു.
പിന്നെ എന്റെ വാപ്പച്ചി ചെയ്തതുപോലെ അത്രയും വൃത്തിയിലും വെടിപ്പിലുമാണ് ഞാനും ചെയ്യുന്നത്. നമ്മൾ കഴിക്കുന്നതിനേക്കാളും കൂടുതൽ നന്നാക്കിയിട്ട് വേണം മറ്റുള്ളവർക്ക് കൊടുക്കാൻ എന്നാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്തുനിന്ന് പഠിച്ച കാര്യം. കോഴിക്കോടുള്ള ബി.ഇ.എം സ്കൂളിലാണ് എട്ടാം ക്ലാസ് തൊട്ട് ഞാൻ പഠിച്ചത്. അവിടുന്ന് ക്ലാസ് കഴിഞ്ഞാൽ ഞാൻ നേരെ വാപ്പച്ചിയുടെ കടയിലേക്ക് പോകും. തിരിച്ച് അദ്ദേഹത്തോടൊപ്പമാണ് വീട്ടിലേക്ക് പോകുക. അടുക്കളയിലാണ് ഞാൻ ഇരിക്കാറുള്ളത്. അവിടെ ഓരോ കാര്യങ്ങൾ ചെയ്യുന്നതൊക്കെ നോക്കികൊണ്ടിരിക്കും. എന്തെങ്കിലും ഒരു മിസ്റ്റേക്ക് വന്നാൽ മൊത്തം സാധനവും കളഞ്ഞിട്ട് ആദ്യം മുതൽ ഉണ്ടാക്കുകയാണ് വാപ്പച്ചി ചെയ്യുക.
നമ്മൾ കഴിക്കുന്നതിനേക്കാളും കൂടുതൽ നന്നാക്കിയിട്ട് വേണം മറ്റുള്ളവർക്ക് കൊടുക്കാൻ
എന്റെ ഉമ്മയും നന്നായി പാചകം ചെയ്യുമായിരുന്നു. പുറത്തുനിന്ന് പലഹാരങ്ങൾ ഒന്നും വാങ്ങി കഴിക്കാൻ സമ്മതിക്കില്ലായിരുന്നു. ഉമ്മ തന്നെ അവിലോസ് പൊടിയും അവലുമൊക്കെ ഉണ്ടാക്കി തരും. അവിലോസ് പൊടിയെ ഞങ്ങൾ പൂരംപൊടി എന്നാണ് പറയുക. അങ്ങനെയാണ് ‘വാത്താസ്’ൽ പൂരംപൊടിയും ഉൾപ്പെടുത്തിയത്. പിന്നെ എന്റെ ആങ്ങളയാണ് പുഡിങ് കൂടി ചെയ്യാൻ പറഞ്ഞത്.
അങ്ങനെ ആദ്യം അച്ചാർ, പിന്നെ പൂരംപൊടി, പുഡിങ്, ജ്യൂസ് തുടങ്ങിയവയും ചെയ്തു. ഇത്രയും വലിയൊരു ലെവലിലേക്ക് ഇത് മാറ്റണം എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. കുടുംബക്കാർക്കും അടുത്തുള്ളവർക്കും കൊടുക്കണം എന്നാണ് കരുതിയിരുന്നത്. ഇപ്പോൾ ആളുകൾ വന്ന് വാങ്ങിച്ചുകൊണ്ടു പോകുന്നത് കാണുമ്പോൾ വളരെ സന്തോഷം. ആദ്യം സാഗർ ഹോട്ടലിലാണ് നമ്മുടെ പ്രൊഡക്ട് വെച്ചത്. ഓരോ ആളുകളും അത് വാങ്ങി ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്. എത്ര വയ്യെങ്കിലും ഇത് ഉണ്ടാക്കണമല്ലോ എന്ന് ഓർക്കുമ്പോൾ എന്റെ മൂഡൊക്കെ താനേ ശരിയാകും.
ഓരോ ആളുകളും അത് വാങ്ങി ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്
സലാം: ഇപ്പോൾ അഞ്ച് വർഷമായി ‘വാത്താസ്’ തുടങ്ങിയിട്ട്. കൊറോണകാലത്താണ് തുടങ്ങുന്നത്. അതിനും മുമ്പ് ഉണ്ടെങ്കിലും പുറത്തേക്ക് കൊടുക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായിട്ടേയുള്ളു. എന്റെ റെസ്റ്റോറന്റായ പരിവാറിൽ വാത്താസിന്റെ പ്രൊഡക്ട്സ് ഉണ്ട്. മേത്തോട്ടുതാഴത്തും വാത്താസിന് സെപ്പറേറ്റ് ഷോപ് ഉണ്ട്. പിന്നെ സ്വിഗ്ഗിയിൽ അവൈലബിളാണ്. ഞങ്ങളുടെ റെസ്റ്റോറന്റിന് പുറമെ വയനാട്ടിലും കോഴിക്കോടുമായി പതിനഞ്ചിലേറെ റെസ്റ്റോറന്റുകളിൽ ഞങ്ങൾ പുഡിങ് കൊടുക്കുന്നുണ്ട്.
ഞങ്ങൾക്ക് നാല് മക്കളാണ്. മൂത്ത ആളാണ് വാത്താസ് ഇത്രയും വലുതാക്കിയത്. രണ്ടാമത്തെ ആളാണ് ഡിസൈങ്ങിനും മറ്റുമൊക്കെ ചെയ്തത്. രണ്ടാമത്തെയും മൂന്നാമത്തെയും ആളുകളാണ് ഇവിടുത്തെ വാത്താസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.
വാത്തസ് എന്ന പേരിന് പുറകിൽ?
സഫിയ: സഫിയ എന്നാണ് എന്റെ പേര്. എന്നാൽ വാവ എന്നാണ് അടുപ്പമുള്ളവർ വിളിക്കാറുള്ളത്. ഇത്താത്ത ചുരുങ്ങി വാവയും ചേർന്ന് ‘വാത്ത’ ആയി. അങ്ങനെ ഇത് തുടങ്ങിയപ്പോൾ ‘വാത്താസ്’ എന്ന പേരുവെച്ചു.
വാത്താസിലൂടെ വീട്ടമ്മമാർക്ക് തൊഴിൽ കൊടുക്കുന്നുണ്ടെന്ന് കേട്ടല്ലോ?
സഫിയ: നമുക്ക് നാല് പേരോളം സഹായത്തിനായുണ്ട്. ഡെലിവറിക്കും മറ്റുമായി പുറത്തൊരാൾ ഉണ്ട്. അദ്ദേഹം ഒഴികെ ബാക്കിയെല്ലാവരും സ്ത്രീകളാണ്. വീട്ടിലാണ് ഇതുവരെയും വാത്താസിന്റെ പ്രൊഡക്ഷൻ നടന്നുകൊണ്ടിരുന്നത്. ഇപ്പോൾ 2200 സ്ക്വയർ ഫീറ്റുള്ള ഒരു ചെറിയ ഫാക്ടറിപോലെ തുടങ്ങാൻ പോകുന്നു. അതിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
വാത്താസിൽ ബീറ്റ്‌റൂട്ട്, വെളുത്തുള്ളി, ഡേറ്റ്സ് , മീൻ, കൂന്തൽ, ചെമ്മീൻ, കല്ലുമ്മക്കായ, ബീഫ്, ചിക്കൻ തുടങ്ങിയ അച്ചാറുകളും കൂടാതെ പുഡിങ്, ജ്യുസ് എന്നിവയുമുണ്ട്.
വാത്താസിൽ എന്തൊക്കെ പ്രൊഡക്ട്സ് ആണ് ഇപ്പോൾ ലഭ്യമായത്?
സഫിയ: മൂന്ന് തരത്തിലുള്ള പൂരംപൊടിയുണ്ട് (അവിലോസ്). ഒന്ന് നോർമൽ പൂരംപൊടി. സാധാരണ എല്ലാ വീടുകളും ഉണ്ടാകുന്നതുപോലെയുള്ള പരമ്പരാഗതമായ രീതിയിലുള്ളത്. രണ്ടാമത്തേത് കുറച്ചുകൂടി റിച്ച് ആയിട്ടുള്ള പൂരംപൊടി. സാധാരണ പഞ്ചസാരയുള്ള പൂരംപൊടിയാണല്ലോ. എന്നാൽ ശർക്കരയും നട്സും ഒക്കെ ഇട്ടിട്ടുള്ള സ്പെഷ്യൽ പൂരംപൊടിയാണ് വാത്താസിലെ മറ്റൊരു പ്രൊഡക്ട്. സ്പെഷ്യൽ പൂരംപൊടി എന്നാണ് അതിനെ പറയുന്നത്. പിന്നെ മധുര അരിപൊടി എന്ന് പറഞ്ഞിട്ട് വേറെ ഒന്നും. അരിയും ജീരകവും ശർക്കരയും ചേർത്തിട്ടുള്ളതാണ് അത്.
പിന്നെ ഒമ്പത് തരം അച്ചാറുകൾ ഉണ്ട്. മൂന്ന് വെജും ആറ് നോൺ വെജും. ബീറ്റ്‌റൂട്ട്, വെളുത്തുള്ളി, ഡേറ്റ്സ് തുടങ്ങിയവയാണ് വെജിൽ വരുന്നത്. മീൻ, കൂന്തൽ, ചെമ്മീൻ, കല്ലുമ്മക്കായ, ബീഫ്, ചിക്കൻ തുടങ്ങിയ അച്ചാറുകളാണ് നോൺ വെജിൽ ഉള്ളത്. ഇവ കൂടാതെ പുഡിങ്, ജ്യുസ് എന്നിവയുമുണ്ട്.
സഫിയ: ഞാൻ പറഞ്ഞിരുന്നല്ലോ ക്ലാസ് കഴിഞ്ഞാൽ ഞാൻ സാഗറിൽ പോയി ഇരിക്കുമായിരുന്നു. ഉച്ചക്കൊക്കെ സാഗറിൽ നിന്നാണ് എനിക്ക് ഭക്ഷണം കൊണ്ടുവരാറുള്ളത്. ഒരു ദിവസം ഞാൻ ഹോട്ടലിൽ പോയപ്പോൾ അവിടെ മീൻ കറി വെച്ചിട്ടുണ്ടായിരുന്നു. അത് കുറച്ച് അടിയിൽ പിടിച്ചിട്ടുണ്ട്. വേറെ ആരാണെങ്കിലും അതിൽ നിന്ന് മീൻ എടുത്ത് മാറ്റും. എന്നാൽ വാപ്പച്ചി ആ കറി മുഴുവനും മറിച്ച് കളഞ്ഞു. എന്നിട്ട് വേറെ കറി ഉണ്ടാക്കി. ഇന്ന് അങ്ങനെ ചെയ്തില്ലെങ്കിൽ നാളെയും പണിക്കാർ ഇതേ മിസ്റ്റേക്ക് തന്നെ ചെയ്യും എന്നാണ് വാപ്പച്ചി അന്ന് പറഞ്ഞത്. എല്ലാ കാര്യത്തിലും അത്രയും ശ്രദ്ധ കൊടുത്ത ഒരു വ്യക്തിയായിരുന്നു. സമയത്തിനെല്ലാം അത്രയും പ്രാധാന്യം കൊടുക്കുമായിരുന്നു.
സലാം: ഓരോ കാര്യവും നമ്മൾ തന്നെ മുന്നിൽ നിന്ന് നോക്കി ചെയ്യണം എന്ന പോളിസിയായിരുന്നു വാപ്പച്ചിക്ക്. അതേ കാര്യം തന്നെയാണ് ഞാനും ഇപ്പോൾ ചെയ്യുന്നത്. ഒരു കസ്റ്റമർ ആദ്യത്തെ തവണ വരുമ്പോൾ ഞാൻ മുന്നിൽ നിന്ന് സ്വീകരിച്ചാൽ അവർക്ക് സന്തോഷമാകും. അടുത്ത തവണയും അവർ വരാൻ അത് കാരണമാകും. ഓരോ കസ്റ്റമറിനെയും നമ്മുടെ വീട്ടിലേക്ക് ഒരാൾ എങ്ങനെയാണ് വരുന്നത് അതുപോലെ സ്വീകരിക്കണം. ആ കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയും ഇല്ല.
ഓരോ കസ്റ്റമറിനെയും നമ്മുടെ വീട്ടിലേക്ക് ഒരാൾ എങ്ങനെയാണ് വരുന്നത് അതുപോലെ സ്വീകരിക്കണം. ആ കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയും ഇല്ല.
വാപ്പ കട തുടങ്ങുമ്പോൾ ഒറ്റക്കായിരുന്നു അതോ ആരെങ്കിലും സഹായത്തിനുണ്ടായിരുന്നോ?
സഫിയ: വാപ്പയെ സഹായിക്കാനായി എന്റെ മൂത്താപ്പ സുലൈമാനും അമ്മാവൻ മരക്കാരും ഉണ്ടായിരുന്നു. അവരെ കൂടാതെ വാപ്പയുടെ പെങ്ങളുടെ മകനായ ഖാദറും അനിയൻ ആലിയും ഉണ്ടായിരുന്നു. പെങ്ങളുടെ മക്കളും ജേഷ്ഠന്റെ മക്കളും ഒക്കെ സഹായത്തിനായി ഉണ്ടായിരുന്നു.
ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് മക്കൾക്ക് വാപ്പച്ചി എന്തെങ്കിലും ഉപദേശം തന്നിട്ടുണ്ടോ?
സഫിയ: എനിക്ക് അങ്ങനെ ഉപദേശമൊന്നും തന്നിട്ടില്ല. പക്ഷെ ആൺമക്കളോട് പറഞ്ഞിട്ടുണ്ട്, നിങ്ങൾ എവിടെ പോയി തുടങ്ങിയാലും നല്ല ഭക്ഷണം കൊടുത്താൽ അത് വിജയിക്കുമെന്ന്. ഒരു മലയുടെ മുകളിൽ പോയി ഒരു ചായക്കട തുടങ്ങിയാലും നല്ല ആഹാരം കൊടുത്താൽ നിങ്ങളെ തേടി മലയുടെ മുകളിലും ആളുകൾ വരും. അതല്ലാത്ത നല്ല തിരക്കുള്ള സിറ്റിയിൽ തുടങ്ങിയിട്ട് മോശം ആഹാരം കൊടുത്താൽ ആരും വരില്ല എന്നൊക്കെ വാപ്പച്ചി ഇപ്പോഴും പറയുമായിരുന്നു.
അതുപോലതന്നെ വൃത്തിയുടെ കാര്യവും. അതിലും വാപ്പാച്ചി നല്ല കർക്കശക്കാരനായിരുന്നു. ഇന്ന് ഉണ്ടാക്കിയ ഭക്ഷണം ഇന്ന് മാത്രമേ വിളമ്പാവു, നാളെ അത് കൊടുക്കരുത്. ഗവൺമെന്റ് നിരോധിക്കുന്നതിലും എത്രയോ മുമ്പ് നമ്മുടെ കടയിൽ നിന്ന് ഫുഡ് കളർ ഒഴിവാക്കിയ ആളാണ് വാപ്പച്ചി. പാലിൽ മഞ്ഞപ്പൊടി മിക്സ് ചെയ്താണ് അദ്ദേഹം ബിരിയാണിക്കൊക്കെ കളർ കൊടുത്തിരുന്നത്. അതും പൊടികളൊക്കെ വീട്ടിൽ പൊടിക്കുന്നതായിരുന്നു. ഇപ്പോഴും അത് തന്നെയാണ് ഞങ്ങളും ഫോളോ ചെയ്യുന്നത്. ഏറ്റവും നല്ല ആഹാരം ആളുകൾക്ക് കൊടുക്കണമെന്ന് വാപ്പച്ചിക്ക് നിർബന്ധമുണ്ട്.
ഗവൺമെന്റ് നിരോധിക്കുന്നതിലും എത്രയോ മുമ്പ് നമ്മുടെ കടയിൽ നിന്ന് ഫുഡ് കളർ ഒഴിവാക്കിയ ആളാണ് വാപ്പച്ചി. ഏറ്റവും നല്ല ആഹാരം ആളുകൾക്ക് കൊടുക്കണമെന്ന് വാപ്പച്ചിക്ക് നിർബന്ധമുണ്ട്.
ഇവിടുത്തെ മെനു എങ്ങനെയാണ് തീരുമാനിക്കുന്നത്? കടയുടെ തുടക്കം മുതലുള്ള മെനു ആണോ ഇപ്പോഴും ഉള്ളത്? ഏറ്റവും ഫെയ്മസ് ആയ ഡിഷ്?
സലാം: കോഴിക്കോടിന്റെ ഫുഡ് കൾച്ചർ ഇങ്ങനെ മാറുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു വാപ്പ സാഗർ ഹംസക്ക. ഈ അടുത്ത് ഒരു അഭിമുഖത്തിൽ ഫുഡ് വ്ലോഗർ മൃണാൾ, സാഗർ ഹംസക്കയാണ് കോഴിക്കോടിനെ ഇപ്പോഴത്തെ ഫുഡ് കൾച്ചറിലേക്ക് കൊണ്ടുവന്നതെന്ന് പറഞ്ഞിരുന്നു. ഇവരുടെ (സഫിയ) വാപ്പ കൊണ്ടുവന്ന മെനു തന്നെയാണ് നമ്മൾ ഇവിടെയും ഫോളോ ചെയ്യുന്നുണ്ട്. പത്തിരി കൊമേഷ്യൻ ആക്കുന്നത് അദ്ദേഹമാണ്. ചിക്കൻ ഡ്രൈ ഫ്രൈ, സ്പ്രിങ് ചിക്കൻ, പത്തിരിയും പരിവാർ സ്പെഷ്യൽ ചിക്കൻ കറിയും, സഫിയയുടെ സ്വന്തം റെസിപിയാണ് ആ ചിക്കൻ കറി. പിന്നെ ആസിഫ് അലി പ്രോൺസ് കറി ഉണ്ട്. മുരിങ്ങാക്കോലും ചെമ്മീനും മാങ്ങയുമൊക്കെ ഇട്ടിട്ടുള്ള കറിയാണത്.
സാഗർ ഹംസക്കയാണ് കോഴിക്കോടിനെ ഇപ്പോഴത്തെ ഫുഡ് കൾച്ചറിലേക്ക് കൊണ്ടുവന്നതെന്ന് വ്ലോഗർ മൃണാൾ പറഞ്ഞിരുന്നു
ഹോട്ടലിൽ ഹൈജീൻ എങ്ങനെയാണ് മൈന്റൈൻ ചെയ്യുന്നത്?
സലാം: ഡ്യൂട്ടിക്ക് മുമ്പ് എന്നും മാനേജേർസിന്റെ മീറ്റിങ് വിളിക്കും. അന്ന് ചെയ്യേണ്ട എല്ലാ കാര്യങ്ങളെ കുറിച്ചും പറയും. പിന്നെ ഏറ്റവും പ്രധാനം നമ്മൾ തന്നെ എല്ലാം നോക്കുന്നതാണ്. എല്ലാ കാര്യങ്ങളും കൃത്യമായും വൃത്തിയോടെയുമാണോ നടക്കുന്നത് എന്ന് നമ്മൾ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ഹൈജീനിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും നടത്തില്ല.
സ്ത്രീ ഒരു സംരംഭം തുടങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന, നേരിട്ട വെല്ലുവിളികൾ എന്തെല്ലാമാണ്?
സഫിയ: വീട്ടിൽ നിന്ന് എല്ലാവരുടെയും സപ്പോർട്ട് ഉള്ളതുകൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല. പക്ഷെ പേടി ഉണ്ടായിരുന്നു. എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. പഴയ കാലഘട്ടമൊന്നുമല്ല. ഇപ്പോൾ ആളുകൾക്ക് ധാരാളം ഓപ്ഷൻസ് ഉണ്ട്. പണ്ടൊക്കെ വയനാട്ടിൽ നിന്ന് കോഴിക്കോടിലേക്ക് വരുന്ന വഴിക്ക് ആഹരം കഴിക്കാൻ കുന്ദമംഗലത്തുള്ള പരിവാർ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് അങ്ങനെയല്ല. ആളുകൾക്ക് ഒപ്ഷൻസ് കൂടുതലുണ്ട്. ഇത്രയും മൾട്ടി കുസീൻ റെസ്റ്റോറന്റുകളുടെ ഇടയിൽ നമ്മുടേത് വിജയിപ്പിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇതുപോലെതന്നെയാണ് അച്ചാറിന്റെയും പുഡിങ്ങിന്റെയുമെല്ലാം കാര്യത്തിലേജ്ക്ക് വരുമ്പോൾ. എത്രയോ അച്ചാർ കമ്പനികൾ നമുക്ക് ചുറ്റും ഉണ്ട്. അതിൽ നമ്മുടേത് തന്നെ ആളുകൾ തെരഞ്ഞ് പിടിച്ച് വാങ്ങണമെങ്കിൽ നമ്മൾ അത്രയും നല്ലത് അവർക്ക് കൊടുക്കണം. ഏറ്റവും വലിയ വെല്ലുവിളി എന്നുപറയുന്നത് കോമ്പറ്റീഷൻ തന്നെയാണ്.
കോഴിക്കോടുപോലെ ഫുഡ് കൾച്ചറിൽ അത്രയും റിച്ച് ആയ സ്ഥലത്ത് വർഷങ്ങളായി യാതൊരു കോട്ടവും തട്ടാതെ ഹോട്ടൽ ശൃംഖലകൾ കൊണ്ടുപോകുന്നതിനുള്ള സീക്രെട്ട്?
സലാം: സീക്രെട്ട് ഒന്നുമില്ല. ഞങ്ങൾ തന്നെയാണ് ഇത് മാനേജ് ചെയ്യുന്നത്. ഞങ്ങൾ എപ്പോഴും റെസ്റ്റോറന്റിൽ ഉണ്ടാകും. ആഹാരം അത്രയും രുചിയിലും വൃത്തിയിലും കൊടുക്കുന്നതുകൊണ്ടാണ് ആളുകൾ പിന്നെയും പിന്നെയും നമ്മുടെ അടുത്തേക്ക് തന്നെ കഴിക്കാനായി വരുന്നത്. പിന്നെ എല്ലാ റെസ്റ്റോറന്റുകളിലും പരാതികളുണ്ടാകും. അത് പരിഹരിക്കുന്നതിലാണ് അതിന്റെ മർമ്മം ഇരിക്കുന്നത്. കസ്റ്റമർ ആഹാരത്തിൽ ഒരു പരാതി പറഞ്ഞാൽ അത് ആരാണോ ഉണ്ടാക്കിയത്, കറക്റ്റായി ആ പരാതി അവന്റെ അടുത്ത് തന്നെ എത്തും. എന്നാൽ മാത്രമേ അവന് അത് അടുത്തതവണ പരിഹരിക്കാൻ കഴിയുകയുള്ളു. അങ്ങനെയാകുമ്പോൾ നാളെ ആ പരാതി ഉണ്ടാകില്ല. കൺസിസ്റ്റൻസി എന്ന് പറയുന്ന ഒരു സംഭവം ഉണ്ടല്ലോ, ഇന്ന് ഒരാൾ വന്ന് ആഹാരം കഴിച്ച് അടുത്ത തവണ വരുമ്പോഴും അതിന്റെ രുചികൊണ്ട് വീണ്ടും ഓർഡർ ചെയ്യുമ്പോൾ അതേ രുചിയിൽ തന്നെ കൊടുക്കാൻ കഴിയണം.
നൂറ് ആളുകൾ വന്നാൽ നൂറ് പേർക്കും ഒരുപോലെ എല്ലാം ഇഷ്ടപ്പെടണമെന്നില്ല. ഓരോരുത്തരുടെയും പ്രിഫറൻസ് വേറെ രീതിയിലായിരിക്കും. അവിടെയെല്ലാം നമ്മൾ നോക്കുന്നത് വരുന്ന നൂറ് പേരെയും പ്രീതിപ്പെടുത്താനാണ്.
മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കോഴിക്കോടിൽ ആഹാരം വിളമ്പുമ്പോഴുള്ള നേട്ടവും വെല്ലുവിളിയും?
സലാം: കോഴിക്കോട് എല്ലാവരും ആഹാര പ്രിയരാണ്. അവരെ പ്രീതിപ്പെടുത്താൽ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷെ നല്ല ഭക്ഷണം കൊടുത്താൽ പിന്നെ അവർ നമ്മുടെ കൂടെയുണ്ടാകും.
Content Highlight: Safiya talks about the history of Calicut’s legendary restaurant ‘Calicut Parivar’