ഇബ്രാഹിംകുഞ്ഞ് എറണാകുളത്തിന്റെ മതേതര മുഖം; അനുശോചനമറിയിച്ച് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
Kerala
ഇബ്രാഹിംകുഞ്ഞ് എറണാകുളത്തിന്റെ മതേതര മുഖം; അനുശോചനമറിയിച്ച് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
രാഗേന്ദു. പി.ആര്‍
Tuesday, 6th January 2026, 5:00 pm

കോഴിക്കോട്: മുന്‍ മന്ത്രിയും എം.എല്‍.എയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

ഇബ്രാഹിംകുഞ്ഞിന്റെ വിയോഗം അങ്ങേയറ്റം വേദനയോടെയാണ് കേട്ടതെന്നും സത്യത്തില്‍ അദ്ദേഹം മനുഷ്യരുടെ ഹൃദയത്തിലേക്ക് സ്‌നേഹപാലം പണിത വ്യക്തിയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇപ്പോഴും ചിരിച്ച മുഖത്തോടെയാണ് ഇബ്രാഹിംകുഞ്ഞിനെ കാണാന്‍ കഴിഞ്ഞിരുന്നത്. രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ഉപരി ഇബ്രാഹിംകുഞ്ഞ് ഒരു മനുഷ്യസ്‌നേഹിയായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നു. കളമശ്ശേരിയില്‍ നിന്നും മട്ടാഞ്ചേരിയില്‍ നിന്നും മത്സരിച്ചാണ് അദ്ദേഹം എം.എല്‍.എയായത്. യു.ഡി.എഫിലെ മന്ത്രിയുമായിരുന്നു. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നല്‍കിയത് വളറെ കനപ്പെട്ട സംഭാവനകള്‍ ആയിരുന്നുവെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

വി.കെ. ഇബ്രാഹിംകുഞ്ഞ്

കേരളത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ പ്രത്യേകിച്ച് യു.ഡി.എഫിന് അല്ലെങ്കില്‍ ലീഗിന് സ്വാധീനമുള്ള മേഖലയില്‍ എത്തുമ്പോള്‍, ഇബ്രാഹിംകുഞ്ഞ് ഉണ്ടാക്കിത്തന്ന പാലമാണിതെന്നെല്ലാം പലരും പറയാറുണ്ട്. രാഷ്ട്രീയം നോക്കാതെ വികസനം നടപ്പാക്കുന്നതിലാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് താത്പര്യപ്പെട്ടിരുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിന്റെ മരണത്തില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും അനുശോചനം അറിയിച്ചു.

ഇന്ന് (ചൊവ്വ) രാവിലെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അപ്പോള്‍ ആരോഗ്യനില കുറച്ച് തൃപ്തികരമായിരുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള രാഷ്ട്രീയത്തിന്റെ വികസനത്തില്‍ ഇബ്രാഹിംകുഞ്ഞ് വലിയ പങ്കാണ് വഹിച്ചത്. വളരെ പ്രായോഗികമായി വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. മുതിര്‍ന്ന നേതാക്കളെല്ലാം അദ്ദേഹത്തിന്റെ ഈ കഴിവിനെ കുറിച്ച് പറയാറുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും തന്റെ എളിമ കൊണ്ട് ചെറുത്തുതോല്‍പ്പിച്ച വ്യക്തിയായിരുന്നു ഇബ്രാഹിംകുഞ്ഞെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlight: Sadik ali Thangal and Kunhalikutty express condolences on the death of Ebrahim Kunju

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.