| Tuesday, 26th August 2025, 11:51 am

അവനെ കണ്ട നിമിഷം തന്നെ ആ കാര്യമെനിക്ക് ഉറപ്പായിരുന്നു; റൂട്ടിനെ കുറിച്ച് സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരിക്കലും തകര്‍ക്കപ്പെടില്ല എന്ന് കരുതിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന ഐതിഹാസിക റെക്കോഡിന് ഭീഷണിയുമായാണ് മോഡേണ്‍ ഡേ ലെജന്‍ഡും ഇംഗ്ലണ്ടിന്റെ ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറുമായ ജോ റൂട്ട് ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഒന്നൊന്നായി മറികടന്നുകൊണ്ട് റൂട്ട് സച്ചിന്റെ നേട്ടത്തിലേക്ക് ഓടിയടുക്കുകയാണ്.

നിലവില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് റൂട്ട്. ഒറ്റ ഇന്നിങ്‌സില്‍ റിക്കി പോണ്ടിങ്, ജാക് കാല്ലിസ്, രാഹുല്‍ ദ്രാവിഡ് എന്നീ മൂന്ന് ഇതിഹാസങ്ങളെ ഒന്നിച്ച് മറികടന്നാണ് റൂട്ട് സച്ചിന് തൊട്ടുപിന്നിലെത്തിയിരിക്കുന്നത്.

ഇപ്പോള്‍ ജോ റൂട്ടിനെ കുറിച്ചും താരത്തെ ആദ്യമായി കണ്ടതിനെ കുറിച്ചും സംസാരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. റെഡ്ഡിറ്റില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സച്ചിന്‍.

നാഗ്പൂരില്‍ റൂട്ടിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരത്തെ കണ്ടതിനെ കുറിച്ചും റൂട്ട് 13,000 റണ്‍സ് പിന്നിട്ടതിനെ കുറിച്ചുമായിരുന്നു ചോദ്യം.

‘ജോ റൂട്ടിനെ ആദ്യമായി കണ്ടപ്പോള്‍ എന്ത് തോന്നി? കൂടാതെ റൂട്ട് ഇപ്പോള്‍ 13,000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്, നിങ്ങള്‍ക്ക് തൊട്ടുപിന്നില്‍ രണ്ടാമതാണ്. താങ്കള്‍ റൂട്ടിനൊപ്പം കളിച്ചിട്ടുമുണ്ട്’ എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി,

‘13,000 റണ്‍സ് പിന്നിടുക എന്നത് വളരെ പ്രശംസനീയമായ നേട്ടമാണ്, അവനിപ്പോഴും മികച്ച രീതിയില്‍ മുമ്പോട്ട് കുതിക്കുന്നു. 2012ല്‍ നാഗ്പൂരില്‍ നടന്ന അവന്റെ അരങ്ങേറ്റ മത്സരത്തില്‍ റൂട്ടിനെ കണ്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ ഭാവി നായകനെയാണ് നമ്മിളിപ്പോള്‍ കാണുന്നതെന്ന് ഞാന്‍ എന്റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു.

വിക്കറ്റിന്റെ സ്വഭാവം കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് അവന്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തതുമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ആ നിമിഷം തന്നെ അവന്‍ വളരെ മികച്ച താരമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു,’ സച്ചിന്‍ പറഞ്ഞു.

2012 ഡിസംബര്‍ 13നാണ് റൂട്ട് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡ് വരവറിയിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ 229 പന്ത് നേരിട്ട് 73 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 20 റണ്‍സും താരം സ്വന്തമാക്കി.

നിലവില്‍ 158 മത്സരത്തിലെ 288 ഇന്നിങ്‌സില്‍ നിന്നുമായി 13,543 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. 51.29 ശരാശരിയില്‍ സ്‌കോര്‍ ചെയ്യുന്ന റൂട്ട് 39 അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921

ജോ റൂട്ട് – ഇംഗ്ലണ്ട് – 288 – 13,543384*

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 287 – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക, ഐ.സി.സി – – 280 – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ, ഐ.സി.സി – 286 – 13,288

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472

Content Highlight: Sachin Tendulkar praises Joe Root

We use cookies to give you the best possible experience. Learn more