ഒരിക്കലും തകര്‍ക്കപ്പെടില്ല എന്ന് കരുതിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന ഐതിഹാസിക റെക്കോഡിന് ഭീഷണിയുമായാണ് മോഡേണ്‍ ഡേ ലെജന്‍ഡും ഇംഗ്ലണ്ടിന്റെ ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറുമായ ജോ റൂട്ട് ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഒന്നൊന്നായി മറികടന്നുകൊണ്ട് റൂട്ട് സച്ചിന്റെ നേട്ടത്തിലേക്ക് ഓടിയടുക്കുകയാണ്.
നിലവില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് റൂട്ട്. ഒറ്റ ഇന്നിങ്‌സില്‍ റിക്കി പോണ്ടിങ്, ജാക് കാല്ലിസ്, രാഹുല്‍ ദ്രാവിഡ് എന്നീ മൂന്ന് ഇതിഹാസങ്ങളെ ഒന്നിച്ച് മറികടന്നാണ് റൂട്ട് സച്ചിന് തൊട്ടുപിന്നിലെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ജോ റൂട്ടിനെ കുറിച്ചും താരത്തെ ആദ്യമായി കണ്ടതിനെ കുറിച്ചും സംസാരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. റെഡ്ഡിറ്റില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സച്ചിന്‍.
നാഗ്പൂരില്‍ റൂട്ടിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരത്തെ കണ്ടതിനെ കുറിച്ചും റൂട്ട് 13,000 റണ്‍സ് പിന്നിട്ടതിനെ കുറിച്ചുമായിരുന്നു ചോദ്യം.
‘ജോ റൂട്ടിനെ ആദ്യമായി കണ്ടപ്പോള്‍ എന്ത് തോന്നി? കൂടാതെ റൂട്ട് ഇപ്പോള്‍ 13,000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്, നിങ്ങള്‍ക്ക് തൊട്ടുപിന്നില്‍ രണ്ടാമതാണ്. താങ്കള്‍ റൂട്ടിനൊപ്പം കളിച്ചിട്ടുമുണ്ട്’ എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി,
‘13,000 റണ്‍സ് പിന്നിടുക എന്നത് വളരെ പ്രശംസനീയമായ നേട്ടമാണ്, അവനിപ്പോഴും മികച്ച രീതിയില്‍ മുമ്പോട്ട് കുതിക്കുന്നു. 2012ല്‍ നാഗ്പൂരില്‍ നടന്ന അവന്റെ അരങ്ങേറ്റ മത്സരത്തില്‍ റൂട്ടിനെ കണ്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ ഭാവി നായകനെയാണ് നമ്മിളിപ്പോള്‍ കാണുന്നതെന്ന് ഞാന്‍ എന്റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു.
വിക്കറ്റിന്റെ സ്വഭാവം കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് അവന്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തതുമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ആ നിമിഷം തന്നെ അവന്‍ വളരെ മികച്ച താരമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു,’ സച്ചിന്‍ പറഞ്ഞു.