ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരമ്പര സമനിലയിലെത്തിച്ചാണ് ഇന്ത്യ തിളങ്ങിയത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് തണലായവര്‍ പടിയിറങ്ങിയിട്ടും ജസ്പ്രീത് ബുംറയുടെ മുഴുവന്‍ സമയ സേവനം ലഭിക്കാതിരുന്നിട്ടും ഇന്ത്യ ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ തലയുയര്‍ത്തി നിന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് ഇന്ത്യ സമനിലയിലെത്തിച്ചത്. അവസാന നിമിഷം വരെ ആരാധകരുടെ നെഞ്ചിടിപ്പിച്ച ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടികളേറ്റുവാങ്ങി.
മൂന്ന് മത്സരത്തിലാണ് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. താരത്തിന്റെ വര്‍ക്ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രണ്ട് മത്സരങ്ങളില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചത്.
ലീഡ്‌സിലെ ആദ്യ മത്സരത്തിലും ലോര്‍ഡ്‌സിലെ മൂന്നാം മത്സരത്തിലും മാഞ്ചസ്റ്ററിലെ നാലാം മത്സരത്തിലുമാണ് ബുംറ കളിച്ചത്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മാഞ്ചസ്റ്ററില്‍ മത്സരം സമനിലയിലും അവസാനിച്ചു.
ബുംറയില്ലാത്ത രണ്ട് മത്സരങ്ങളിലും (എഡ്ജ്ബാസ്റ്റണ്‍, ഓവല്‍) ഇന്ത്യ വിജയിച്ചതോടെ സൂപ്പര്‍ താരത്തിനെതിരെ ആരാധകര്‍ വിമര്‍ശനവുമുന്നയിച്ചിരുന്നു. ബുംറയില്ലാത്ത മത്സരങ്ങളില്‍ മാത്രം ഇന്ത്യ വിജയിക്കുന്നു എന്നായിരുന്നു ഇവരുടെ വിമര്‍ശനം.
ഇപ്പോള്‍ ബുംറയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇത് തീര്‍ത്തും യാദൃശ്ചികം മാത്രമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ബുംറ വളരെ മികച്ച രീതിയിലാണ് ആരംഭിച്ചത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അവന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. അവന്‍ രണ്ടാം ടെസ്റ്റ് കളിച്ചില്ല. എന്നാല്‍ മൂന്നാം മത്സരത്തിലും നാലാം ടെസ്റ്റിലും അവന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇതില്‍ ഒരിക്കല്‍ക്കൂടി അവന്‍ ഫൈഫര്‍ സ്വന്തമാക്കി,’ റെഡ്ഡിറ്റിലെ വീഡിയോ അനാലിസിസില്‍ സച്ചിന്‍ പറഞ്ഞു.
‘കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ട് മത്സരങ്ങളില്‍ അവന്‍ രണ്ട് തവണ ഫൈഫര്‍ വീഴ്ത്തി. ബുംറ കളിക്കാത്ത മത്സരത്തില്‍ ഇന്ത്യ വിജയിച്ചു എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചത് അത് തീര്‍ത്തും യാദൃശ്ചികത മാത്രമാണ്.
ബുംറയുടെ ബൗളിങ് മികവ് തീര്‍ത്തും അവിശ്വസനീയമാണ്. അവന്‍ ചെയ്തതെന്തോ, അത് ഏറെ മികച്ചതാണ്. അവന്‍ സ്ഥിരതയടെ മികച്ച പ്രകടനം നടത്തുന്നു. നിസ്സംശയം പറയാം, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പമാണ് ഞാന്‍ അവനെയും ചേര്‍ത്തുവെക്കുന്നത്,’ സച്ചിന്‍ പറഞ്ഞു.