എജ്ജാതി മനുഷ്യന്‍, 'ജഡേജ അടിച്ചുതകര്‍ക്കുമ്പോള്‍ അയാള്‍ സൗമ്യനായി ചിരിക്കുന്നു'; വില്യംസണിനെ വാനോളം പുകഴ്ത്തി സച്ചിന്‍
ICC WORLD CUP 2019
എജ്ജാതി മനുഷ്യന്‍, 'ജഡേജ അടിച്ചുതകര്‍ക്കുമ്പോള്‍ അയാള്‍ സൗമ്യനായി ചിരിക്കുന്നു'; വില്യംസണിനെ വാനോളം പുകഴ്ത്തി സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2019, 12:52 pm

മുംബൈ: ന്യൂസിലാന്റ് നായകന്‍ കെയ്ന്‍ വില്യംസണിനെ വാനോളം പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വില്യംസണിന്റെ ശാന്തമായ പ്രകൃതം അത്ഭുതപ്പെടുത്തുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

‘ശാന്തമായി നില്‍ക്കുക, അത് തുടരാന്‍ കഴിയുക എന്നതാണ് വില്യംസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സാഹചര്യത്തിലും അദ്ദേഹം നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുന്നില്ല. അദ്ദേഹത്തിന് ലോകകപ്പ് നേടാനാകാത്തത് നിര്‍ഭാഗ്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് അതൊന്നും പ്രകടമല്ല.’ സച്ചിന്‍ 100 എം.ബിയോട് പറഞ്ഞു.

വില്യംസണിന്റെ ക്യാപ്റ്റന്‍സിയേയും സച്ചിന്‍ അഭിനന്ദിച്ചു.

‘തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് വില്യംസണ്‍ കളിയെ സമീപിക്കുന്നത്. കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ അദ്ദേഹം ചെയ്യുന്ന ഫീല്‍ഡിംഗ് വിന്യാസം, ബൗളിംഗ് മാറ്റങ്ങള്‍ ഇവയെല്ലാം വിവരണാതീതമാണ്. സെമിയില്‍ ഒരുവശത്ത് ജഡേജ അടിച്ചുതകര്‍ക്കുമ്പോഴും അദ്ദേഹം ശാന്തമായി ചിരിച്ചുനില്‍ക്കുന്നു.’ -സച്ചിന്‍ പറഞ്ഞു.

സച്ചിന്‍ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനില്‍ നായകനായി ഇടം നേടിയത് വില്യംസണായിരുന്നു. 578 റണ്‍സായിരുന്നു വില്യംസണ്‍ ടൂര്‍ണ്ണമെന്റിലുടനീളം നേടിയത്.

WATCH THIS VIDEO: