രഞ്ജി ട്രോഫിയില്‍ കേരളവും ചണ്ഡീഗഡും തമ്മിലുള്ള മത്സരം കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. നിലവില്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ 139 റണ്‍സിന് ഓള്‍ ഔട്ടായ കേരളത്തിന് മേല്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് ചണ്ഡീഗഡ് നേടിയത്.
മത്സരത്തില്‍ കേരളത്തിന് വേണ്ടി 41 റണ്‍സായിരുന്നു സൂപ്പര്‍ താരം സച്ചിന്‍ ബേബി നേടിയത്. ആറ് ബൗണ്ടറികള്‍ നേടിയ സച്ചിന്‍ രോഹിത് ധന്ദയുടെ പന്തിലാണ് പുറത്താകുന്നത്. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സച്ചിന് സാധിച്ചു.
രഞ്ജി ട്രോഫിയില്‍ 6,000 റണ്‍സ് പിന്നിടുന്ന ആദ്യ കേരള താരമെന്ന റെക്കോഡാണ് സച്ചിന്‍ ബേബി സ്വന്തമാക്കിയത്. വ്യാഴാഴ്ച ചണ്ഡീഗഡിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസമാണ് സച്ചിന്‍ അപൂര്‍വ നേട്ടം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത് ബാബ അപരാചിതിനാണ്. 107 പന്തില്‍ നിന്ന് 49 റണ്‍സ് നേടിയാണ് പുറത്തായത്. ഓപ്പണര്‍ അഭിഷേക് ജെ നായരെ ഒരു റണ്‍സിന് നഷ്ടമായപ്പോള്‍ ആകര്‍ഷ് 14 റണ്‍സിന് രോഹിത് ധന്ദയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.
അതേസമയം ചണ്ഡീഗഡിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് നാല് വിക്കറ്റ് നേടിയ നിഷങ്ക് ബിര്‍ളയാണ്. രോഹിത് ധന്ദ മൂന്നും ജഗ്ജിത് സിങ് രണ്ട് വിക്കറ്റും നേടി.
നിലവില്‍ ചണ്ഡീഗഡിന് വേണ്ടി ബാറ്റ് ചെയ്യുന്നത് 99 പന്തില്‍ 78 റണ്‍സ് നേടിയ അര്‍ജുന്‍ ആസാദും 51 റണ്‍സ് നേടിയ മനന്‍ വോഹ്രയുമാണ്.
Content Highlight: Sachin Baby Complete 6000 Runs In Ranji Trophy History