കൊച്ചി: എൻ.ഡി.എയ്‌ക്കൊപ്പം സഹകരിക്കാൻ കഴിയാത്തവരോട് ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു ജേക്കബ് പാർട്ടിയിൽ നിന്നും രാജിവെക്കാനാവശ്യപ്പെട്ടതായി എം.എൽ.എ അഡ്വക്കേറ്റ് പി.വി ശ്രീനിജിൻ.
ട്വന്റി 20 യുടെ ഏതെങ്കിലും പഞ്ചായത്ത് മെമ്പർമാർക്ക് സാബുവിന്റെ വർഗീയ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെങ്കിൽ ധൈര്യമായി തന്നെ സമീപിക്കാമെന്നും നിയമപരമായ സഹായങ്ങൾ താനും പാർട്ടിയും ചെയ്തുതരുമെന്നും ശ്രീനിജിൻ പറഞ്ഞു.
സാബു ജേക്കബ് വർഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്‌തെന്നും ചേരേണ്ടവർ ചേർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി ഈ നാടിനെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒരു നാടിനെ തന്നെ ഒറ്റിക്കൊടുത്താണ് കൂട്ടുചേർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി നിരന്തരം സാബു ജേക്കബ് എന്ന വ്യക്തി മുന്നോട്ട് വച്ച രാഷ്ട്രീയ കാപട്യങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടേയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരെ പറ്റിച്ച് സാബു ജേക്കബ് കുറച്ച് പഞ്ചായത്തുകള്‍ സി.എസ്.ആർ ഫണ്ടിന്‍റെ മറവില്‍ ഭരിച്ചു. മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളെ മോശക്കാരായി ചിത്രീകരിച്ചു. ചില ഓണ്‍ലെെന്‍ ചാനലുകളെ വിലക്കെടുത്ത് വ്യക്തിപരമായി തന്നെയും തന്‍റെ പ്രസ്ഥാനത്തേയും അപമാനിച്ചുകൊണ്ടിരുന്നെന്നും ശ്രീനിജിൻ പറഞ്ഞു.
ഇന്ത്യയില്‍ ബിസിനസുമായി നിലനില്‍ക്കണമെങ്കില്‍ സാബു ജേക്കബിന് കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പി.യുടെയും സഹായം ആവശ്യമാണെന്നും അതിനാലാണ് നിലവിലെ കൂടുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റി 20 യുടെ രാഷ്ട്രീയ നീക്കം തികച്ചും വ്യക്തിപരമായ സാബു ജേക്കബിന്റെ കച്ചവട നീക്കമാണ്. അദ്ദേഹത്തിന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയ പ്രസ്ഥാനം കൊണ്ടുനടക്കുന്നതെന്ന കാര്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ പറയുന്നുണ്ട്. അതിപ്പോൾ തെളിഞ്ഞിരിക്കുകയാണ്,’ ശ്രീനിജിൻ മാധ്യമങ്ങളോട് പറഞ്ഞു.
സാബു ജേക്കബിന്റെ ബിസിനസ് താത്പര്യത്തിന് വേണ്ടി ട്വന്റി 20 പാർട്ടിയിലെ പ്രവർത്തകരെ വഞ്ചിച്ചുകൊണ്ട് ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു ട്വന്റി 20 എൻ.ഡി.എ മുന്നണിയുമായി ചേരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്വന്റി 20 അധ്യക്ഷൻ സാബു ജേക്കബുമായി ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്.
Content Highlight: Sabu Jacob tells those who do not cooperate with NDA to resign; PV Sreenijin says members can come and see him