ഓസ്‌ട്രേലിയയ്ക്ക് നിരവധി ബൗളര്‍മാരുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ മൂര്‍ച്ചയില്ല: സബാ കരീം
Sports News
ഓസ്‌ട്രേലിയയ്ക്ക് നിരവധി ബൗളര്‍മാരുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ മൂര്‍ച്ചയില്ല: സബാ കരീം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th October 2025, 2:02 pm

2025 വനിതാ ഏകദിനത്തിലെ സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്. ഒക്ടോബര്‍ 30ന് ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാഡമിയിലാണ് മത്സരം. നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കെതിരെ ഭീഷണിയുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സബാ കരീം പറയുന്നത്.

നോക്കൗട്ടില്‍ ഇന്ത്യ പൂര്‍ണ ശേഷിയുപയോഗിച്ച് കളിച്ചാല്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താമെന്ന് സബാ കരീം പറഞ്ഞു. മാത്രമല്ല ഓസ്‌ട്രേലിയയ്ക്ക് നിരവധി ബൗളര്‍മാരുണ്ടെങ്കിലും അവര്‍ക്ക് മൂര്‍ച്ചയില്ലെന്നും ഇന്ത്യയ്ക്ക് മാത്രമേ ഓസീസ് ബൗളര്‍മാരുടെ ബലഹീനത മുതലെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓസ്‌ട്രേലിയ മറ്റ് ടീമുകളെ അപേക്ഷിച്ച് ലീഡ് നേടിയിട്ടുണ്ട്, പക്ഷേ ഞാന്‍ അവരുടെ ഡ്രസ്സിങ് റൂമിലാണെങ്കില്‍, ഇന്ത്യയെ നേരിടുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാകും. പ്രത്യേകിച്ച് നോക്കൗട്ട് മത്സരത്തില്‍! ഇന്ത്യയ്ക്ക് ഓസ്‌ട്രേലിക്കെതിരെ ഭീഷണിയുയര്‍ത്താന്‍ കഴിയും.

ഇന്ത്യ അവരുടെ പൂര്‍ണ ശേഷി ഉപയോഗിച്ച് കളിച്ചാല്‍, ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയയ്ക്ക് നിരവധി ബൗളര്‍മാരുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ മൂര്‍ച്ചയില്ല, ഇന്ത്യയ്ക്ക് മാത്രമേ അത് മുതലെടുക്കാന്‍ കഴിയൂ. ഓസ്‌ട്രേലിയന്‍ ടീം തീര്‍ച്ചയായും ഇതിനെക്കുറിച്ച് ആശങ്കാകുലരായിരിക്കും,’ സബാ കരീം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

അതേസമയം ഓസ്‌ട്രേലിയക്കെതിരെയുള്ള സെമി ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റവാള്‍ പരിക്ക് മൂലം പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.  അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. നിലവില്‍ റവാളിന് പകരക്കാരിയായി ഇറങ്ങുന്നത് സൂപ്പര്‍ താരം ഷഫാലി വര്‍മയാണ്.

Content Highlight: Sabha Karim Talking About India Womens’s Team