ന്യൂദല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജികള്‍ പരിശോധിക്കാന്‍ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി.
എപ്രില്‍ 7 മുതല്‍ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കും.
മാര്‍ച്ച് 14നകം സംസ്ഥാന സര്‍ക്കാരിനടക്കമുള്ള ഹരജിക്കാര്‍ക്ക് നിലപാടറിയിക്കാമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി, തുടങ്ങിയവരാണ് വാദത്തിനുള്ള തിയതി നിശ്ചയിച്ചത്. എപ്രില്‍ 22 നകം വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്നും കോടതി അറിയിച്ചു.
പുനപരിശോധനാ ഹരജിക്കാരെയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം എപ്രില്‍ 7 മുതല്‍ 9 വരൊയയിരിക്കും കേള്‍ക്കുക. എന്നാല്‍ പുനപരിശോധനാ ഹരജികളെ എതിര്‍ക്കുന്നവരുടെ വാദം എപ്രില്‍ 14 മുതല്‍ 16 വരെയും കേള്‍ക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ബെഞ്ചിന്റെ അധ്യക്ഷന്‍.
കോടതിയെ സഹായിക്കാനായി അമിക്യസ് ക്യൂറിമാരായി കെ. പരമേശ്വരന്‍, ശിവം സിങ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഒമ്പതംഗ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ വിവരങ്ങള്‍ ചീഫ് ജസ്റ്റിസ് ഇന്ന് ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 സെപ്റ്റംബറിലായിരുന്നു എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി. ഇത് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച 67 ഹരജികളായിരിക്കും സുപ്രീം കോടതി പരിഗണിക്കുക.
2018 ലെ വിധി കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു.
2019 ജനുവരി 2 ന്, ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ രണ്ട് സ്ത്രീകള്‍ പൊലീസ് സംരക്ഷണയില്‍ ശബരിമലയില്‍ പ്രവേശിച്ചു. ഇതിനെത്തുടര്‍ന്ന് ‘ശുദ്ധീകരണ ചടങ്ങുകള്‍ക്കായി’ ക്ഷേത്രം താല്‍ക്കാലികമായി അടച്ചിട്ടിരുന്നു.
ലിംഗസമത്വത്തെയും കോടതി വിധിയെയും പിന്തുണച്ചുകൊണ്ട് കേരളത്തിലുടനീളം 3 ദശലക്ഷത്തിലധികം സ്ത്രീകള്‍ 620 കിലോമീറ്റര്‍ നീളത്തില്‍ വനിതാ മതിലിന്റെ ഭാഗമായി മനുഷ്യ ചങ്ങല തീര്‍ത്തിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.