ആദ്യതന്ത്രി കാമിനിമൂലവും, രണ്ടാമത്തെ തന്ത്രി സ്വർണം മോഷിടിച്ചതിലും അറസ്റ്റിലായി; ശബരിമല തിരികെ നൽകണം: മല അരയ മഹാസഭ
Kerala
ആദ്യതന്ത്രി കാമിനിമൂലവും, രണ്ടാമത്തെ തന്ത്രി സ്വർണം മോഷിടിച്ചതിലും അറസ്റ്റിലായി; ശബരിമല തിരികെ നൽകണം: മല അരയ മഹാസഭ
ശ്രീലക്ഷ്മി എ.വി.
Saturday, 10th January 2026, 7:44 pm

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ ഭരണാധികാരം സമുദായത്തിന് വിട്ടു നൽകണമെന്ന ആവശ്യവുമായി മല അരയ മഹാസഭ.

ആദ്യ തന്ത്രി കാമിനിമൂലവും രണ്ടാമത്തെ തന്ത്രി സ്വർണക്കൊള്ള കേസിലും അറസ്റ്റിലായെന്നും ശബരിമലയുടെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ് പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായ സാഹചര്യത്തിലാണ് ഭരണാധികാരം സമുദായത്തിന് വിട്ടു നൽകണമെന്ന ആവശ്യവുമായി മല അരയ മഹാസഭ രംഗത്തെത്തിയത്.

‘ശബരിമലയിലെ രണ്ടാമത്തെ തന്ത്രിയും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ആദ്യ തന്ത്രി കാമിനിമൂലവും രണ്ടാമത്തെ തന്ത്രി സ്വർണം മോഷ്ടിച്ചതിന്റെ പേരിലുമാണ് അറസ്റ്റിലായത്,’ പി.കെ സജീവ് പറഞ്ഞു.

വേലിതന്നെ വിളവ് തിന്നുകയാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും
കോടതി അതിശക്തമായാണ് വിഷയത്തിൽ നിലപാടെടുത്തതെന്നും ഈ അവസരത്തിൽ കോടതിയുടെ നിലപാടിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയെ സംരക്ഷിക്കുമെന്ന് കരുതിയ രണ്ടുവേലികളാണ് ഇപ്പോൾ ജയിലിൽ കിടക്കുന്നതെന്നും ശബരിമലയിലെ തന്ത്രിമാരും ദേവസ്വംബോർഡ് പ്രസിഡന്റുമാരുമാണ് ആ വേലികളെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കൽ മഹാദേവ ക്ഷേത്രം, പശ്ചിമ ദേവി ക്ഷേത്രം, വള്ളിയാങ്കാവ് ദേവി ക്ഷേത്രം എന്നിവ നിർമിച്ചതും ശബരിമല ക്ഷേത്രം നിർമിച്ചതും മല അരയ സമുദായമാണെന്നും താന്ത്രികാവകാശം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘സ്വർണ മോഷണ കേസിൽ ദേവസ്വം ബോർഡിന്റെ രണ്ടു പ്രസിഡന്റുമാരും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുകയാണ്. ശബരിമല ക്ഷേത്രം നിർമിച്ചത് മല അരയ സമുദായമാണ്. അത് മാത്രമല്ല നിലയ്ക്കൽ മഹാദേവ ക്ഷേത്രം, പശ്ചിമ ദേവി ക്ഷേത്രം, വള്ളിയാങ്കാവ് ദേവി ക്ഷേത്രം എന്നിവ നിർമിച്ചത് മല അരയ സമുദായമാണ്. ഈ അവസരത്തിൽ ശബരിമലയുടെ താന്ത്രികാവകാശം തിരികെ നൽകണം,’ പി.കെ സജീവ് പറഞ്ഞു.

Content Highlight: Sabarimala should be returned: Mala Araya Mahasabha

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.