ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവില്‍ അസാധാരണത്വം: മന്ത്രി പി.രാജീവ്
Kerala
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവില്‍ അസാധാരണത്വം: മന്ത്രി പി.രാജീവ്
നിഷാന. വി.വി
Sunday, 22nd February 2026, 3:44 pm

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‍ഠരര്‍ രാജീവര്‍ക്ക് ജാമ്യം നല്‍കിയ കൊല്ലം വിജിലന്‍സ് കോടതി വിധിയില്‍ അസാധാരണത്വമുണ്ടെന്ന് വ്യവസായമന്ത്രിയും സി.പി.ഐ.എം നേതാവുമായ പി.രാജീവ്.

മറ്റ് കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസില്‍ സര്‍ക്കാര്‍ യാതൊരുവിധത്തിലുള്ള മേല്‍ നോട്ടവും വഹിക്കുന്നില്ല, ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ വേണോ വേണ്ടേയോ എന്ന കാര്യങ്ങളൊന്നു സര്‍ക്കാരിന്റ മുന്നിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതില്‍ അഭിപ്രായം പറയേണ്ട കാര്യം സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് മോണിറ്റര്‍ ചെയ്യുന്നത്. അവരുടെ മുന്നിലേയ്ക്കാണ് അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് വരുന്നത്.

സാധാരണ ഗതിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏറ്റവും ശരിയായ ദിശയിലാണ് അന്വേഷണം എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഒരു കീഴ് കോടതി ജാമ്യാപേക്ഷയുടെ പരിധിക്ക് പുറത്തേക്ക് പോയി കേസിന്റെ അവസാന വിധി പോലെ പരാമര്‍ശങ്ങള്‍ നടത്തുക എന്നത് പതിവുളളതല്ല.

സുപ്രീം കോടതിക്ക് നടത്താം. ഇവിടെ വിജിലന്‍സ് കോടതി സുപ്രീം കോടതിയുടെ രീതിക്ക് മാറിയോ എന്നൊരു സംശയം ഉത്തരവ് വായിക്കുമ്പോള്‍ സാധാരണ നിയമത്തേക്കുറിച്ച് പ്രാഥമിക ധാരണയുള്ള ആളുകള്‍ക്ക് തോന്നിയെന്നുവരാം,’ മന്ത്രി പറഞ്ഞു.

എസ്.ഐ.ടിയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് തോന്നിയാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് തീരുമാനിക്കാം. അതില്‍ ഇതുവരെ അഭിപ്രായം പറയേണ്ട സാഹചര്യം സര്‍ക്കാരിന് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന പരാമര്‍ശങ്ങളടക്കം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അറസ്റ്റ് ചെയ്ത് 41ാം ദിവസമായിരുന്നു തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

Content Highlight: Sabarimala gold theft; Order granting bail to Tantri is unusual: Minister P. Rajeev

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.