ശബരിമല സ്വര്‍ണക്കൊള്ള; എന്‍. വിജയകുമാര്‍ അറസ്റ്റില്‍
Kerala
ശബരിമല സ്വര്‍ണക്കൊള്ള; എന്‍. വിജയകുമാര്‍ അറസ്റ്റില്‍
രാഗേന്ദു. പി.ആര്‍
Monday, 29th December 2025, 2:20 pm

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ അറസ്റ്റില്‍. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.

വിജയകുമാറിന് എസ്.ഐ.ടി നേരത്തെ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.

കേസില്‍ നേരത്തെ അറസ്റ്റിലായ എ. പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമായിരുന്നു വിജയകുമാര്‍. പത്മകുമാറിന് മുമ്പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്നാണ് കണ്ടെത്തല്‍.

സ്വര്‍ണപ്പാളി കൈമാറിയതില്‍ കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.

ഇതോടെ ഭരണസമിതിയില്‍ അംഗമായിരുന്ന കെ.പി. ശങ്കരദാസിനെതിരെയും അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോര്‍ഡ് ശബരിമലയില്‍ നടപ്പാക്കിയതെന്നായിരുന്നു കെ.പി. ശങ്കരദാസിന്റെ മൊഴി. സി.പി.ഐയുടെ നോമിനിയായിരുന്നു ശങ്കരദാസ്.

ഇവര്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. പക്ഷപാതമില്ലാതെ അന്വേഷണം നടക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേസിലെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയേയും ജ്വല്ലറി ഉടമ ബെല്ലാരി ഗോവര്‍ധനേയും ഡിസംബര്‍ 19ന് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.

Content Highlight: Sabarimala gold theft; N. Vijayakumar arrested

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.