ശബരിമല സ്വര്‍ണക്കൊള്ള: 21 ഇടങ്ങളില്‍ ഇ.ഡിയുടെ മിന്നല്‍ പരിശോധന
Kerala
ശബരിമല സ്വര്‍ണക്കൊള്ള: 21 ഇടങ്ങളില്‍ ഇ.ഡിയുടെ മിന്നല്‍ പരിശോധന
നിഷാന. വി.വി
Tuesday, 20th January 2026, 10:47 am

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ വ്യാപക റെയ്ഡ്. കേസിലെ പ്രതികളുടെ ഓഫീസുകളിലും വീടുകളിലുമുള്‍പ്പെടെ 21 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ നൂറംഗ സംഘമാണുള്ളത്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന് പേരിട്ടിരിക്കുന്ന റെയ്ഡില്‍ നാല് പേരടങ്ങുന്ന സംഘമായി തിരിഞ്ഞാണ് 21 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നത്.

ദേവസ്വം ബോര്‍ഡ് ആസ്ഥാനം, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസ്, ബെംഗളൂരുവിലെ ഗോവര്‍ദനന്റെ ജ്വല്ലറി, തുടങ്ങിയ ഇടങ്ങള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മൂരാരി ബാബു, എ. പത്മകുമാര്‍, എന്‍. വാസു, സ്വര്‍ണവ്യാപാരി ഗോവര്‍ദനന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

കൂടാതെ കെ.പി ശങ്കരദാസ്, എന്‍. വിജയകുമാര്‍, എസ്. ബൈജു എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. നിലവില്‍ തന്ത്രിയുടെ വീട്ടില്‍ ഇ.ഡി എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണക്കൊള്ളയിലൂടെ നേടിയ സ്വത്തുക്കളുടെ വിവരം തേടിയാണ് റെയ്ഡ് എന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കലിന്റെ പൂര്‍ണ വ്യാപ്തി കണ്ടെത്തുന്നതിനുമാണ് പരിശോധനയെന്നും ഇ.ഡി വ്യക്തമാക്കി.

ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ എസ്.ഐ.ടി സംഘം ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് ഇ.ഡി അന്വേഷിക്കുന്നത്.

Content Highlight: Sabarimala gold theft: ED conducts lightning raids at 21 locations

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.