ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം
Kerala
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം
യെലന കെ.വി
Thursday, 5th February 2026, 12:11 pm

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം.

90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍.

അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് പോറ്റി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസം കോടതി ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് വ്യാഴാഴ്ച അപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്.

ജനുവരി 21ന് ആയിരുന്നു പോറ്റിയ്ക്ക് ദ്വാരപാലകപാളി കേസില്‍ ജാമ്യം ലഭിച്ചത്.

ഇന്ന് കട്ടിളപാളി കേസില്‍ കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതോടെ പോറ്റി  ജയില്‍ മോചിതനാകും.

ഫെബ്രുവരി 11 ഒാടെ എന്‍ വാസു, പത്മകുമാര്‍ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്റ്റ് നടന്ന് 90 ദിവസം പൂര്‍ത്തിയാകും.

content highlight: Sabarimala gold theft case: Unnikrishnan Potty granted bail

 

 

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.