ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന് കര്‍ശന ഉപാധികളോടെ ജാമ്യം
Kerala
ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന് കര്‍ശന ഉപാധികളോടെ ജാമ്യം
രാഗേന്ദു. പി.ആര്‍
Friday, 23rd January 2026, 1:26 pm

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക കേസിലും കട്ടിളപാളി കേസിലുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

മുരാരി ബാബു അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നല്‍കിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസിലാണ് ജാമ്യം അനുവദിച്ചത്.

പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ കട്ടിളപാളി കേസില്‍ പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ തന്നെ തുടരും.

അതേസമയം കേസിലെ മറ്റു പ്രതികളായ എ. പത്മകുമാറിന്റെയും ഗോവര്‍ധന്റെയും ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ 14 ദിവസത്തെ റിമാന്‍ഡ് ഇന്ന് (വെള്ളി) അവസാനിക്കും. ജനുവരി 28ന് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കും.

സ്വർണക്കൊള്ളയിൽ അറസ്റ്റിലായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും കഴിഞ്ഞ ദിവസം  തള്ളിയിരുന്നു. 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്നായിരുന്നു എന്‍. വാസുവിന്റെ വാദം.

Content Highlight: Sabarimala gold robbery case: Murari Babu granted conditional bail

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.