'ഡയമണ്ട് ബാലമുരുകനല്ല, ടെയ്‌ലര്‍ ബാലമുരുകന്‍'; ഡി. മണിക്ക് സിം എടുത്ത് നല്‍കിയെന്ന് വെളിപ്പെടുത്തല്‍
Kerala
'ഡയമണ്ട് ബാലമുരുകനല്ല, ടെയ്‌ലര്‍ ബാലമുരുകന്‍'; ഡി. മണിക്ക് സിം എടുത്ത് നല്‍കിയെന്ന് വെളിപ്പെടുത്തല്‍
രാഗേന്ദു. പി.ആര്‍
Saturday, 27th December 2025, 3:46 pm

പന്തളം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി ബാലമുരുകന്‍. ഡി. മണിയ്ക്ക് സിം എടുത്ത് നല്‍കിയത് താനെന്ന് ബാലമുരുകന്‍ സമ്മതിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് ബാലമുരുകന്റെ വെളിപ്പെടുത്തല്‍.

അഞ്ച് വര്‍ഷത്തോളം ഡി. മണിയുമായി ചേര്‍ന്ന് സ്ഥലമിടപാടുകള്‍ നടത്തിയിരുന്നു. അക്കാലയളവില്‍ മണി ആവശ്യപ്പെട്ടത് പ്രകാരമാണ് സിം എടുത്ത് നല്‍കിയതെന്നും ബാലമുരുകന്‍ പറഞ്ഞു. താന്‍ നിരപരാധിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഡി. മണിയെ തേടി പ്രത്യേക അന്വേഷണ സംഘം ആദ്യം എത്തിയത് ബാലമുരുകന്റെ വീട്ടിലാണ്. രണ്ടരമണിക്കൂര്‍ സമയം എസ്.ഐ.ടി വീട്ടില്‍ പരിശോധന നടത്തിയെന്നും ബാലമുരുകന്‍ പറഞ്ഞു.

ശബരിമലയില്‍ അല്ലാതെ കേരളത്തില്‍ എവിടെയും പോയിട്ടില്ല. അമ്മ മരിച്ചതുകൊണ്ടാണ് ഈ വര്‍ഷം മാലയിടാതിരുന്നത്. തയ്യല്‍ കട നടത്തി ജീവിക്കുന്ന ആളാണ് ഞാന്‍. വിഷമം താങ്ങാനാകുന്നില്ല. സിം എടുത്ത് കൊടുത്തപ്പോള്‍ ഇത്രയും പ്രശ്‌നമാകുമെന്ന് കരുതിയില്ല. പൊലീസിന്റെ നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 30ന് തിരുവനന്തപുരത്തെത്തി മൊഴി രേഖപ്പെടുത്തുമെന്നും ബാലമുരുകന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും വിദേശ വ്യാപാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടിയുടെ അന്വേഷണം ഡി. മണിയിലേക്ക് എത്തിയത്. ഡി. മണി തന്നെയാണ് ബാലമുരുകനെന്നും ഇയാള്‍ ദിണ്ടിഗല്‍ സ്വദേശിയാണെന്നും പൊലീസിന് സംശയമുണ്ടായിരുന്നു.

ഡി. മണിയുടെ പേര് ‘ഡയമണ്ട് മണി’ അല്ലെങ്കില്‍ ‘ദിണ്ടിഗല്‍ ബാലമുരുകന്‍’ എന്നാകാമെന്നും ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദിണ്ടിഗലില്‍ എത്തിയ എസ്.ഐ.ടി ബാലമുരുകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ച് കേട്ടുകേള്‍വി മാത്രമേ ഉള്ളുവെന്നാണ് മണിയുടെ മൊഴി. തങ്ങള്‍ക്ക് പരസ്പരം അറിയില്ലെന്നാണ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി. മണിയും മൊഴി നല്‍കിയിരിക്കുന്നത്.

തന്നെ വേട്ടയാടരുതെന്നും കേരളത്തില്‍ തനിക്ക് ഒരു ബിസിനസുമില്ലെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: Sabarimala gold case; Balamurugan admitted that he took the SIM card and gave it to D.Mani

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.