INTERVIEW: പ്രേമചന്ദ്രന്റേത് വര്‍ഗീയ ധ്രുവീകരണത്തിനായുള്ള കള്ളക്കഥ; നിയമനടപടി സ്വീകരിക്കും: ബിന്ദു അമ്മിണി
Interview
INTERVIEW: പ്രേമചന്ദ്രന്റേത് വര്‍ഗീയ ധ്രുവീകരണത്തിനായുള്ള കള്ളക്കഥ; നിയമനടപടി സ്വീകരിക്കും: ബിന്ദു അമ്മിണി
ആര്യ. പി
Tuesday, 21st October 2025, 10:42 am
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം മല ചവിട്ടിയ ആദ്യ വനിതകളില്‍ ഒരാളാണ് ബിന്ദു അമ്മിണി. ശബരിമല പ്രവേശനം നടന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തനിക്കെതിരെ നടത്തുന്ന ഹേറ്റ് കാമ്പയിനുകളെ കുറിച്ചും കേരളത്തിന്റെ നവോത്ഥാന ചിന്തകള്‍ എവിടെ എത്തി നില്‍ക്കുന്നെന്നും ഡൂള്‍ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ആര്യ.പിയുമായി ബിന്ദു അമ്മിണി സംസാരിക്കുന്നു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിച്ച ആദ്യ വനിതകളില്‍ ഒരാളെന്ന നിലയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, കേരളത്തിലെ നവോത്ഥാന ചിന്തകളെയും, പൊതുവിടങ്ങളിലെ സ്ത്രീ-പുരുഷ തുല്യത, സ്ത്രീ സ്വാതന്ത്ര്യം എന്നിവയുടെ ഇപ്പോഴത്തെ അവസ്ഥയെയും താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? നമ്മള്‍ യഥാര്‍ത്ഥത്തില്‍ മുന്നോട്ട് പോയോ, അതോ പിന്നോട്ട് പോവുകയാണോ?

സത്യസന്ധമായി പറഞ്ഞാല്‍, നവോത്ഥാന മൂല്യങ്ങളുടെയും സ്ത്രീ തുല്യതയുടെയും കാര്യത്തില്‍ നമ്മള്‍ ഒരുപാട് കാതം മുന്നോട്ട് പോയി എന്ന് പറയാനാവില്ല. നമ്മള്‍ ഇപ്പോഴും ആ ലക്ഷ്യത്തിലേക്കെത്താന്‍ വേണ്ടിയുള്ള നിരന്തരമായ ശ്രമത്തിലാണ്.

അതിനായി കേരളത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ചരിത്രപരമായി നോക്കിയാല്‍, ലോകം മുഴുവന്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പല രാജ്യങ്ങളും ജനാധിപത്യ സംവിധാനങ്ങളിലേക്കും റിപ്പബ്ലിക്കന്‍ ആശയങ്ങളിലേക്കും മാറി.

സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ലോകം ഒരുപാട് മുന്നോട്ട് വന്നു. ആഗോളതലത്തിലുണ്ടായ ഈ മാറ്റങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയില്‍ ഇന്ത്യയിലും കേരളത്തിലും പുരോഗതിയുണ്ടായി. എന്നാല്‍, ആശങ്കാജനകമായ കാര്യം, നാം ആര്‍ജ്ജിച്ചെടുത്ത ആ മാറ്റങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്ന ഒരു പ്രവണതയാണ് സമീപകാലത്തായി കാണുന്നത്. ഇത് ഒട്ടും ആശാവഹമല്ല.

നമ്മുടെ ഭരണഘടന പൂര്‍ണ്ണമായും കുറ്റമറ്റതാണെന്ന് ആരും അവകാശപ്പെടുന്നില്ല, അതിന് അപൂര്‍ണ്ണതകളുണ്ട്. അതുകൊണ്ടാണ് കാലാനുസൃതമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും അതില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ഇപ്പോള്‍ നടക്കുന്ന ഭേദഗതികള്‍ പലതും പുരോഗമനപരമായ ദിശയിലല്ല. മറിച്ച്, സംവരണം പോലുള്ള അടിസ്ഥാന അവകാശങ്ങളെപ്പോലും റദ്ദ് ചെയ്യുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും വേണ്ടിയാണ് ഭരണഘടനയെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നത്.

എങ്കിലും, യുവാക്കളിലും പുതിയ തലമുറയിലും നമുക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒരു വിഭാഗം ആളുകളുണ്ട്. സമൂഹത്തില്‍ പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കുറച്ച് ആളുകള്‍ ഉണ്ടെങ്കിലും, അത്തരം നിലപാടുകള്‍ക്കൊന്നും ശാശ്വതമായ നിലനില്‍പ്പില്ല. വളരെ നെഗറ്റീവ് ആയ ഇത്തരം ഇടപെടലുകള്‍ക്ക് കാലം തീര്‍ച്ചയായും കണക്ക് ചോദിക്കുക തന്നെ ചെയ്യും. ലോകം മുന്നോട്ട് തന്നെ പോകും, അത് വളരെ പോസിറ്റീവ് ആയ ദിശയിലായിരിക്കും.

ശബരിമല വിഷയം മാത്രമല്ല, രാജ്യത്തെ പല വിഷയങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ടിട്ടുള്ളത് വളരെ ദൂരൂഹമായ ഉദ്ദേശ്യങ്ങളോടെയാണ്. അവരുടെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അവര്‍ ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്നത്. ഇന്ന് രാജ്യത്ത് സ്ത്രീകളുടെ തുല്യതയുടെ പ്രശ്നം മാത്രമല്ല, മറ്റ് ഗൗരവതരമായ പല പ്രതിസന്ധികളും നമ്മള്‍ നേരിടുന്നുണ്ട്.

ബിന്ദു അമ്മിണി

ആ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും, സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടിയുള്ള സമരത്തെപ്പോലും വഴിതെറ്റിക്കാനും ശ്രമം നടക്കുന്നു. ഇതിനെയെല്ലാം മതധ്രുവീകരണവുമായും വര്‍ഗീയതയുമായും കൂട്ടിക്കെട്ടി, തീവ്രമായ നിലപാടുകളിലൂടെ മുതലെടുപ്പ് നടത്താനുള്ള ഒരു സാഹചര്യമാണ് നിലവിലുള്ളത്.

യഥാര്‍ത്ഥത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ നിരവധി അടിസ്ഥാന പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്നങ്ങളെയൊന്നും കാണാതെ, അതില്‍ ക്രിയാത്മകമായി ഇടപെടാതെ, ഇങ്ങനെ കലക്കുവെള്ളത്തില്‍ മീന്‍ പിടിച്ച് എങ്ങനെയെങ്കിലും അധികാരം നിലനിര്‍ത്തുക എന്ന തന്ത്രമാണ് പലരും പയറ്റുന്നത്.

ആക്ടിവിസ്റ്റുകളും രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ച് ഇതിനെതിരെ ശക്തമായി മുന്നോട്ട് വരേണ്ടതാണ്. പക്ഷെ നമുക്കറിയാം, നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് അത്തരമൊരു ഐക്യനിര ഉണ്ടാവില്ല.

കാരണം, പവര്‍ പൊളിറ്റിക്‌സും വോട്ട് ബാങ്കുമാണ് അവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ നിരാശാജനകമായ ഒരു സാഹചര്യമാണിത്. ഇത്തരം ഒരു അവസ്ഥയില്‍, പുതിയ ചിന്താഗതികളുള്ള ആളുകളും പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്. അല്ലാതെ മറ്റൊരു ഓപ്ഷന്‍ നമ്മുടെ മുന്‍പില്‍ കാണുന്നില്ല.

ശബരിമല യുവതി പ്രവേശനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ആ ഒരു മുന്നേറ്റം കേവലം ഒരു ക്ഷേത്രപ്രവേശനത്തിനപ്പുറം, സാമൂഹിക തുല്യതയ്ക്കുവേണ്ടിയുള്ള വലിയൊരു സമരമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ആ പ്രതീക്ഷിച്ച സാമൂഹികമാറ്റം എത്രത്തോളം യാഥാര്‍ത്ഥ്യമായി? ആ സമരം ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്?

ശബരിമല വിഷയത്തെ കേവലം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ട ഒരു കാര്യമായിട്ടല്ല നമ്മള്‍ കാണേണ്ടത്. ഒരുകാലത്ത് പൊതുവഴികളിലൂടെ നടക്കാനോ, ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ അവകാശമില്ലാതിരുന്ന, തൊട്ടുകൂടായ്മയും തീണ്ടലും പോലുള്ള അനാചാരങ്ങള്‍ നിലനിന്നിരുന്ന ഒരു നാടായിരുന്നു നമ്മുടേത്.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെയും സനാതന ധര്‍മ്മത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ച് കണ്ടിരുന്ന ഒരു സാമൂഹിക ക്രമമായിരുന്നു അത്. ആ ചരിത്രപരമായ പശ്ചാത്തലത്തില്‍ വേണം ശബരിമല യുവതി പ്രവേശനത്തെയും വിലയിരുത്താന്‍. അന്ന് ക്ഷേത്രപ്രവേശനത്തിനായുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തത് വിശ്വാസ സമൂഹത്തിന്റെ മാത്രം മുന്‍കൈയിലല്ല, മറിച്ച് നിരീശ്വരവാദികള്‍  ഉള്‍പ്പെടെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പോരാട്ടത്തിന്റെ ഫലമായാണ്.

അതിനാല്‍, ഈ സമരത്തെ ഏതെങ്കിലും ഒരു പ്രത്യേക മതത്തെ പരിഷ്‌കരിക്കാനുള്ള ശ്രമമായല്ല, മറിച്ച് നവോത്ഥാന മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് എല്ലാ മനുഷ്യര്‍ക്കും തുല്യമായി ജീവിക്കാനുള്ള പൗരാവകാശത്തിനായുള്ള സമരമായാണ് കാണേണ്ടത്.

ഇത് തികച്ചും തുല്യതയില്‍ ഊന്നിയ ഒരു സമരമാണ്. അതുകൊണ്ട് ശബരിമല യുവതി പ്രവേശനത്തെ വിശ്വാസത്തിന്റെ ചട്ടക്കൂടില്‍ തളച്ചിടാതെ, ഭരണഘടനാപരമായ തുല്യതയുടെ പ്രശ്നമായിട്ടാണ് നാം സമീപിക്കേണ്ടത്.

ശബരിമല പ്രവേശനത്തെത്തുടര്‍ന്ന് വ്യക്തിജീവിതത്തില്‍ താങ്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് കേരളം വിട്ടുപോകാന്‍ പോലും നിര്‍ബന്ധിതയായി. ആ പ്രതിസന്ധി ഘട്ടങ്ങളെയും, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന അതിജീവനത്തിനായുള്ള പോരാട്ടങ്ങളെയും എങ്ങനെയാണ് ഓര്‍ത്തെടുക്കുന്നത്? ഒരു വ്യക്തി എന്ന നിലയില്‍ അത് താങ്കളെ എത്രത്തോളം ബാധിച്ചു?

പ്രതിസന്ധികള്‍ എന്ന് പറഞ്ഞാല്‍, ഞാന്‍ ഇപ്പോഴും ഒരു സ്ട്രഗിളിങ് പീരിയഡില്‍ തന്നെയാണ്. എന്റെ ജീവിതം ഇപ്പോഴും പ്രതിസന്ധികളിലൂടെ തന്നെയാണ് കടന്നുപോകുന്നത്.
സത്യത്തില്‍, എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതം ഒരുതരം സമരത്തിലൂടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. അത് ഞാന്‍ മാത്രമല്ല.

ഞാന്‍ കേരളം വിട്ടു എന്നതുകൊണ്ട് ഒരുപക്ഷേ എനിക്ക് കുറച്ച് പ്രശ്നങ്ങള്‍ കൂടുതലായിരിക്കാം. എന്നാലും, എല്ലാ മനുഷ്യരും വിവിധ തരത്തിലുള്ള സമരങ്ങളിലൂടെയും അതിജീവന ശ്രമങ്ങളിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കണമെങ്കില്‍ അത്തരമൊരു സമരത്തിലൂടെ കടന്നുപോയാലേ സാധിക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം.

അറിഞ്ഞുകൊണ്ടോ അറിയാതെയോ ആളുകള്‍ ഏതെങ്കിലും രാഷ്ട്രീയ നിലപാടുകളില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ മാറിനിന്നാല്‍ പോലും, നമ്മളെല്ലാവരും ഈ വലിയ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമാണ്.

ഈ സിസ്റ്റം എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെയെല്ലാം ജീവിതം മുന്നോട്ട് പോകുന്നത്. നമ്മുടെ നിത്യജീവിതത്തിലെ വിലക്കയറ്റം മുതല്‍ എല്ലാം അതിന്റെ ഭാഗമാണ്. രാഷ്ട്രീയമായ തീരുമാനങ്ങള്‍ നമ്മെ പൂര്‍ണ്ണമായും പൊതിഞ്ഞുകൊണ്ടാണ് ഇരിക്കുന്നത്.

അതുകൊണ്ട്, ഈ വ്യവസ്ഥിതിക്കെതിരെ നമ്മള്‍ ഒരു ചെറുവിരല്‍ അനക്കുന്നത് പോലും വലിയൊരു സമരത്തിന്റെ ഭാഗമാണ്. അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാവരും ഈ സിസ്റ്റത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ റെസിസ്റ്റ് ചെയ്താണ് (പ്രതിരോധിച്ചാണ്) ജീവിക്കുന്നത്.

ഞാന്‍ ഒറ്റയ്ക്ക് എന്തെങ്കിലും മഹത്തായ കാര്യം ചെയ്തു എന്ന അര്‍ത്ഥത്തിലല്ല ഇത് പറയുന്നത്. എന്നെപ്പോലെ തന്നെ എല്ലാ സാധാരണ മനുഷ്യരും ഒരു റെസിസ്റ്റന്‍സിന്റെ പാതയിലാണ്.
നാടുവിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷെ നമുക്കെല്ലാറ്റിനും മുകളിലാണ് നമ്മുടെ ആത്മാഭിമാനം. ആ ആത്മാഭിമാനം മുറുകെ പിടിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.

സ്വപ്രയത്നം കൊണ്ട് വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും ഇടം നേടിയ ഒരാളാണ് താങ്കള്‍. എന്നിട്ടും, ശബരിമല പ്രവേശനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന്, കോണ്‍ഗ്രസില്‍ നിന്ന്, താങ്കള്‍ നിരന്തരമായ വേട്ടയാടല്‍ നേരിടുകയാണ്. കഴിഞ്ഞ ദിവസം എന്‍.കെ പ്രേമചന്ദ്രന്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. എന്തുകൊണ്ടാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും താങ്കളെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്നത്? ഈ നിരന്തരമായ ഹേറ്റ് ക്യാമ്പയിനുകളെ താങ്കള്‍ എങ്ങനെയാണ് രാഷ്ട്രീയമായി വിലയിരുത്തുന്നത്?

എന്‍.കെ പ്രേമചന്ദ്രനെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങള്‍, അവര്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിലെ മുഴുവന്‍ ആളുകളുടെയും അഭിപ്രായമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ പ്രേമചന്ദ്രന്റെയോ, അല്ലെങ്കില്‍ യു.ഡി.എഫിലെ തന്നെ മറ്റൊരു നേതാവായ വി.ഡി സതീശന്റെയോ അഭിപ്രായമാണ് ആ പാര്‍ട്ടികള്‍ക്കുള്ളിലെ എല്ലാ പ്രവര്‍ത്തകരുടേതും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, പുരോഗമനപരമായ നിലപാടുകളുള്ള ധാരാളം യുവജനങ്ങള്‍ അവര്‍ക്കിടയിലുമുണ്ട്. കാലക്രമേണ, അവര്‍ തന്നെ ഇത്തരം നേതാക്കളെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം തീര്‍ച്ചയായും വരും.

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ്, ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അതിന്റെ ആദ്യകാല നവോത്ഥാന, പുരോഗമന നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തുടങ്ങിയതെന്ന് വിമര്‍ശനമുണ്ട്. ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചിരുന്ന താങ്കള്‍, ഈ രാഷ്ട്രീയമായ നിലപാട് മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ആദ്യ
ഘട്ടത്തില്‍ സ്വീകരിച്ച സമീപനത്തെ ഞാന്‍ സ്വാഗതം ചെയ്തിരുന്നു. അത് വളരെ പോസിറ്റീവ് ആയ ഒരു നിലപാടായാണ് ഞാന്‍ കണ്ടത്. എന്നാല്‍, പിന്നീട് അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രം ആ നിലപാടുകളില്‍ മാറ്റം വരുത്തുന്നതിനെ നമ്മള്‍ തീര്‍ച്ചയായും അപലപിക്കേണ്ടതുണ്ട്.

ചരിത്രം നോക്കിയാല്‍, കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇത്തരം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. അന്ന് അവര്‍ അത്തരമൊരു കോംപ്രമൈസിന് തയ്യാറായിരുന്നെങ്കില്‍, ഒരുപക്ഷേ വിമോചന സമരം ഇവിടെ സംഭവിക്കില്ലായിരുന്നു. ആ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നിന്നും എത്രയോ കാതം ദൂരേക്ക് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ സഞ്ചരിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.

സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ‘അയ്യപ്പ സംഗമ’ത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താങ്കള്‍ മുഖ്യമന്ത്രിക്ക് ഒരു കത്ത് അയച്ചിരുന്നു. പ്രത്യേക പ്രായവിഭാഗത്തിലുള്ള സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു എന്ന് താങ്കള്‍ അതില്‍ ചൂണ്ടിക്കാട്ടി. എന്തായിരുന്നു അങ്ങനെ ഒരു കത്തെഴുതാനുള്ള പ്രധാന പ്രേരണ? സര്‍ക്കാര്‍ തലത്തില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ ആ കത്തിന് എന്തെങ്കിലും മറുപടി ലഭിക്കുകയുണ്ടായോ?

ഇല്ല, എനിക്ക് ആ കത്തിന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. അതിന്റെ പ്രേരണ എന്താണെന്ന് വച്ചാല്‍, നമ്മള്‍ വളരെ സജീവമായി ഇന്‍വോള്‍വ്ഡ് ആയിട്ടുള്ള ഒരു മൂവ്മെന്റ് ആയിരുന്നു അത്. അപ്പോള്‍ ആ മൂവ്മെന്റുമായി ബന്ധപ്പെട്ട് ഒരു പ്രധാന തീരുമാനം വരുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും അതിനോട് റിയാക്ട് ചെയ്യുമല്ലോ. അത്രയേ ഉള്ളൂ.

അതായത് അതിന്റെ ഭാഗമാകണം എന്നുള്ളതുകൊണ്ടാണോ?

ഭാഗമാകണം എന്നുള്ളതുകൊണ്ടല്ല. യഥാര്‍ത്ഥത്തില്‍ അയ്യപ്പ സംഗമം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ തന്നെ എനിക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ട്. പക്ഷെ, സര്‍ക്കാര്‍ അങ്ങനെയൊരു പരിപാടി നടത്തുകയാണെങ്കില്‍, അതിനകത്ത് ഈ പറയുന്ന പ്രായവിഭാഗത്തിലുള്ള (10നും 50-നും ഇടയില്‍) സ്ത്രീകളെയും പങ്കെടുപ്പിക്കേണ്ടതാണ്. അവരെ ആ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

ദേവസ്വം ബോര്‍ഡ് എന്ന് പറയുന്നത് സര്‍ക്കാരിന്റെ ഭാഗമാണ്, അത് സ്റ്റേറ്റ് ആണ്. അപ്പോള്‍ സ്റ്റേറ്റ് നടത്തുന്ന ഒരു പരിപാടിയില്‍ നിന്ന് ഏതെങ്കിലും ഒരു പ്രത്യേക കാറ്റഗറിയില്‍ പെട്ട സ്ത്രീകളെ മാത്രം മാറ്റി നിര്‍ത്തുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. ആ അനീതി ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ലക്ഷ്യം.

മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് താങ്കള്‍ അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. അവിടെ ഒരു വലതുപക്ഷ സര്‍ക്കാര്‍ പോലും സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയപ്പോള്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടു എന്നായിരുന്നു താങ്കളുടെ വിമര്‍ശനം? 

തീര്‍ച്ചയായും. ഒരു വലതുപക്ഷ, സംഘപരിവാര്‍ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഭരിക്കുന്ന സംസ്ഥാനമായിട്ട് പോലും, മഹാരാഷ്ട്രയില്‍ കോടതി വിധി നടപ്പാക്കാന്‍ വേണ്ടുന്ന എല്ലാ സംവിധാനങ്ങളും അവിടുത്തെ സര്‍ക്കാര്‍ ഒരുക്കി കൊടുത്തു. എന്നാല്‍ അത്രപോലും പുരോഗമനപരമായ ഒരു നിലപാട്, ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കുന്നില്ല എന്നുള്ളത് വളരെയധികം നിരാശയുണ്ടാക്കുന്ന കാര്യമാണ്.

തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ ക്ഷേത്ര പ്രവേശന വിഷയങ്ങളില്‍, പ്രത്യേകിച്ച് ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍, വളരെ പുരോഗമനപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് താങ്കള്‍ നിരീക്ഷിക്കുകയുണ്ടായി. വിവേചനം നേരിടുന്നവരെ സര്‍ക്കാര്‍ നേരിട്ട് പിന്തുണയ്ക്കുന്നു. തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ ഇച്ഛാശക്തിയെ കേരളത്തിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്കള്‍ക്ക് എന്ത് തോന്നുന്നു?

തീര്‍ച്ചയായും വളരെ പോസിറ്റീവ് ആയിട്ടാണ് തമിഴ്നാട്ടിലെ അത്തരം മാറ്റങ്ങളെ ഞാന്‍ കാണുന്നത്. അവിടെ മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കമുള്ള ആളുകള്‍, വിവേചനം അനുഭവിക്കുന്ന ഇത്തരം വിഭാഗങ്ങളില്‍ നിന്നൊക്കെയുള്ള ആളുകളെ മുന്നോട്ട് കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

അതിനെതിരെ ശബ്ദിക്കുന്ന, ഡിസ്‌ക്രിമിനേഷന്‍ അനുഭവിക്കുന്ന ആളുകളുടെ വീടുകളില്‍ നേരിട്ട് പോകുന്നു, അവരെ കാണുന്നു. ഇവിടെ കേരളത്തില്‍ നമ്മളെപ്പോലുള്ള ചിലരെ ഭരണകൂടം തിരസ്‌കരിക്കുമ്പോള്‍, അവര്‍ അവിടെ വിവേചനം നേരിടുന്നവരെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. അത് വലിയൊരു മാതൃകയാണ്.

സുപ്രീം കോടതി വിധിക്ക് ശേഷവും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ ഇപ്പോഴുമുണ്ടെന്നും, സര്‍ക്കാര്‍ അതിന് അവസരം ഒരുക്കാത്തതുകൊണ്ടാണ് അവര്‍ വരാത്തതെന്നും താങ്കള്‍ പറഞ്ഞിരുന്നു. എന്താണ് ഈ വാദത്തിന്റെ അടിസ്ഥാനം? സര്‍ക്കാര്‍ വിചാരിച്ചാല്‍ അത് സാധ്യമാകുമെന്ന് ഇപ്പോഴും കരുതുന്നുണ്ടോ?

ആ വാദത്തിന് വളരെ വ്യക്തമായ വസ്തുതയുടെ പിന്‍ബലമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഓപ്പണ്‍ ആക്കി കൊടുത്ത ആ ചുരുങ്ങിയ സമയത്ത്, ദര്‍ശനത്തിനായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ കണക്കെടുത്താല്‍ മാത്രം അത് മനസ്സിലാകും. സര്‍ക്കാര്‍ അവര്‍ക്ക് സുരക്ഷയൊരുക്കി ഒരു അവസരം ഉണ്ടാക്കിക്കൊടുത്ത് നോക്കട്ടെ, അപ്പോള്‍ അറിയാമല്ലോ എത്ര സ്ത്രീകള്‍ വരുമെന്ന്.

ശബരിമല വിഷയത്തില്‍ സംഘപരിവാറും കോണ്‍ഗ്രസും തുടക്കം മുതലേ ഒരു നിലപാടിലായിരുന്നു. എന്നാല്‍, ആദ്യം പുരോഗമന നിലപാട് സ്വീകരിച്ച ഇടതുപക്ഷം പിന്നീട് അവരെപ്പോലെ തന്നെ നിലപാട് മാറ്റി എന്ന വിമര്‍ശനത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

തീര്‍ച്ചയായും ആ വിമര്‍ശനത്തോട് ഞാന്‍ യോജിക്കുന്നു. സംഘപരിവാറും യു.ഡി.എഫും ഒന്നും അവരുടെ നിലപാട് മാറ്റിയിട്ടില്ല. അവരുടെ നിലപാട് തുടക്കം മുതലേ അതൊക്കെത്തന്നെയായിരുന്നു. അവരുടെ സമീപനം എപ്പോഴും ഒരുതരം മൃദുഹിന്ദുത്വ നിലപാടായിരുന്നു. എന്നാല്‍ സംഭവിച്ചത്, ഇടതുപക്ഷം കൂടി അവരുടെ ആ നിലപാടിലേക്ക് ചെന്ന് പെട്ടു എന്നതാണ്.

‘ഞങ്ങളും വിശ്വാസ സംരക്ഷകരാണ്, ഞങ്ങളും ആചാര സംരക്ഷകരാണ്’ എന്ന് പറഞ്ഞുകൊണ്ട്, സംഘപരിവാറും യു.ഡി.എഫും ഉയര്‍ത്തിയ പിന്തിരിപ്പന്‍ നിലപാടിലേക്ക് ഇടതുപക്ഷം സ്വയം ചെന്നെത്തുകയായിരുന്നു.

ശബരിമല പ്രവേശനത്തിന് മുന്‍പോ ശേഷമോ, സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ നിന്ന് താങ്കള്‍ക്ക് നേരിട്ടുള്ള സഹായങ്ങളോ പിന്തുണയോ ലഭിച്ചിട്ടുണ്ടോ? അതോ പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ താങ്കളെ കൈയൊഴിഞ്ഞതായി തോന്നിയിട്ടുണ്ടോ?

ഇല്ല, സി.പി.ഐ.എം എന്റെ ‘കൈ പിടിച്ചു’ എന്നൊന്നും പറയാന്‍ സാധിക്കില്ല. പക്ഷെ, ശബരിമലയില്‍ നിന്ന് ഇറങ്ങി വന്ന സമയത്ത് എനിക്ക് താത്ക്കാലികമായി ചില സഹായങ്ങള്‍ അവര്‍ ചെയ്തു തന്നിട്ടുണ്ട്. ശബരിമല കയറുന്നതിന് മുന്‍പോ, കയറുന്ന സമയത്തോ എനിക്ക് ഒരു സഹായവും അവരില്‍ നിന്ന് ലഭിച്ചിട്ടില്ല.

മലയിറങ്ങിയ ശേഷം വലിയ സുരക്ഷാ പ്രശ്നങ്ങള്‍ വന്നപ്പോള്‍, പാലയാടുള്ള അവരുടെ ഒരു സഖാവിന്റെ, അതായത് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാളുടെ വീട്ടിലാണ് ഞാന്‍ താമസിച്ചത്. അതുപോലെ, എന്റെ വീട് ആക്രമിക്കപ്പെടാതിരിക്കാന്‍ നാട്ടിലുള്ള ചില ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആ സമയത്ത് സഹായിച്ചിരുന്നു.

പക്ഷെ അതെല്ലാം വളരെ ചെറിയ ഒരു സമയത്തേക്ക് മാത്രമായിരുന്നു. അതുകൊണ്ട് അവര്‍ എന്നെ ‘കൈയൊഴിഞ്ഞു’ എന്നും ഞാന്‍ പറയില്ല. കാരണം, ആ സമയത്ത് അവര്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനങ്ങള്‍ തന്നിട്ടല്ല ഞാന്‍ പോയത്. മറ്റ് പല ആളുകളും എന്നെ സഹായിച്ചപ്പോള്‍, അതിന്റെ കൂടെ അവരും ആ സമയത്ത് നിന്നു, അത്രമാത്രം.

എന്‍.കെ. പ്രേമചന്ദ്രന്‍ ഉന്നയിച്ച ‘പാല ഗസ്റ്റ് ഹൗസിലെ ബീഫ്-പൊറോട്ട’ എന്ന, തികച്ചും വ്യാജമെന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന, കഥയ്ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്നാണ് കരുതുന്നത്? അത്തരം ഒരു വ്യക്തിപരമായ അധിക്ഷേപത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

ഇതൊരു വ്യാജകഥയാണ്. എന്‍.കെ. പ്രേമചന്ദ്രന്‍ സ്വയം മെനഞ്ഞെടുത്ത ഒരു കഥ മാത്രമാണിത്. ‘കഥയില്‍ ചോദ്യമില്ല’ എന്ന് പറയുന്നതുപോലെയാണ് ഈ വിഷയവും. ഈ കഥയെഴുതിയ കഥാകൃത്ത് തന്നെയാണ് ഇതിന് വിശദീകരണം നല്‍കേണ്ടത്. അദ്ദേഹത്തിന്റെ സ്വന്തം ഭാവനയില്‍ നിന്ന് രൂപം കൊണ്ട ഒരു കഥയ്ക്ക് നമ്മള്‍ എങ്ങനെയാണ് മറുപടി നല്‍കുക?

വ്യക്തമായ രാഷ്ട്രീയ താല്‍പര്യത്തോടെയും കൃത്യമായ അജണ്ടയോടെയും പ്രേമചന്ദ്രനും കൂട്ടരും മെനഞ്ഞെടുത്ത ഒന്നാണിത്.

എന്‍.കെ പ്രേമചന്ദ്രന്‍

അതുകൊണ്ടാണ് ‘ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു, ഉറച്ചുനില്‍ക്കുന്നു’ എന്ന് അയാള്‍ ആവര്‍ത്തിച്ചു പറയുന്നത്. യഥാര്‍ത്ഥത്തില്‍ അയാള്‍ക്കുതന്നെ സംശയമുള്ളതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവരുന്നത്.

ഇതൊരു നിഷ്‌കളങ്കമായ പ്രസ്താവനയല്ല. മറിച്ച്, വളരെ കൃത്യമായ, ഗൂഢമായ ലക്ഷ്യത്തോടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുവാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുമുള്ള ഒരു പ്രസ്താവനയാണിത്.

ഭരണഘടനാപരമായ ബാധ്യതയുള്ള ഒരു സ്ഥാനത്താണ് അയാള്‍ ഇരിക്കുന്നത്. ആ പദവിയില്‍ ഇരുന്നുകൊണ്ട് സ്ത്രീകളുടെ തുല്യതയെ നിഷേധിക്കുന്ന തരത്തിലുള്ള ഈ പ്രസ്താവന ഭരണഘടനയെത്തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്.

ഇത് ഭരണഘടനാ സ്ഥാപനമായ സുപ്രീം കോടതിയുടെ ഉത്തരവിനെ പരസ്യമായി നിഷേധിക്കലാണ്. ഭരണഘടനയെയും സുപ്രീം കോടതിയേയും മാനിക്കാത്ത ഒരാള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല.

ഈ വിഷയത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം. കാരണം അദ്ദേഹത്തിന്റെ പരാമര്‍ശം ബിന്ദു അമ്മിണി എന്ന വ്യക്തിക്കെതിരെയല്ല, മറിച്ച് സ്ത്രീ സമത്വത്തിനെതിരായുള്ള നിലപാടാണ്. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടുകൂടിയും ലഹളയും കലാപവും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടിയുമുള്ള നടപടിയാണിത്. തീര്‍ച്ചയായും കേസുമായി മുന്നോട്ട് പോകും.

Content Highlight: Sabarimala Controversy ,Interview With Bindu Ammini

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.