ശബരിമലയില്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ചിലതൊക്കെ പറയാതിരിക്കാന്‍ കഴിയില്ല- ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് സി.കെ ഗുപ്തന്‍ സംസാരിക്കുന്നു
Dool Talk
  ശബരിമലയില്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ചിലതൊക്കെ പറയാതിരിക്കാന്‍ കഴിയില്ല- ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് സി.കെ ഗുപ്തന്‍ സംസാരിക്കുന്നു
ശരണ്യ എം ചാരു
Wednesday, 24th October 2018, 11:46 pm

ശബരിമലയിലെ യുവതീപ്രവേശനം ഏറ്റവും വലിയ പ്രശ്നമായി കേരളം ചര്‍ച്ച ചെയ്യുന്ന സമയത്ത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഇ.എം.എസിന്റെ മരുമകനുമായ സി.കെ ഗുപ്തന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. 2008 ല്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വച്ച് ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരര് അന്നത്തെ ദേവസ്വം ഡോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന് വാഗ്ദാനം ചെയ്ത് 1 കോടി രൂപ. ഡൂള്‍ ന്യൂസ്  നടത്തിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഗുപ്തന്‍ വിശദീകരിച്ചത്.

ശബരിമലയിലെ സുപ്രീംകോടതി വിധിയെക്കുറിച്ചും ദേവസ്വം ബോര്‍ഡിന്റെ അധികാരത്തെക്കുറിച്ചും സി.കെ ഗുപ്തന്‍ സംസാരിക്കുന്നു.

…………………………………………………………………………….

സുപ്രീംകോടതി വിധി വന്നതിനുശേഷം സങ്കീര്‍ണ്ണായ സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഇന്ന് നടക്കുന്ന പ്രശ്നങ്ങളോട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്ന നിലയില്‍ താങ്കളുടെ അഭിപ്രായം എന്താണ്?

സ്ത്രീയും പുരുഷനും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. ഭരണഘടനാപരമായും മൗലീകാവകാശങ്ങള്‍ പരിശോധിച്ചാലും സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണ്. ക്ഷേത്രപ്രവേശന വിഷയത്തില്‍ എന്നല്ല, എല്ലാ കാര്യങ്ങളിലും അത് അങ്ങനെ ആണ്. പുരുഷന്‍ അപ്രമാദിത്വം കാണിക്കുന്നത് തെറ്റാണ്. സ്ത്രീയുടെ ആര്‍ത്തവം എങ്ങനെ തെറ്റാകും എന്നും, നിത്യ ബ്രഹ്മചര്യം എന്നത് കൊണ്ട് എന്താണ് ഇവരൊക്കെ ഉദ്ദേശിക്കുന്നതെന്നോ എനിക്ക് മനസ്സിലായിട്ടില്ല. മറ്റു പല വൃത്തികേടുകള്‍ കാണിക്കുന്നവര്‍ക്ക് ദേവപ്രശ്നത്തില്‍ കാണുന്ന ചിലതിന്റെ പേരും പറഞ്ഞ് ശബരിമല പോലെ ഒരു ക്ഷേത്രത്തിനകത്ത് വീണ്ടും സ്ഥാനം ലഭിക്കയാണെങ്കില്‍ പിന്നെ എന്തിന് സ്ത്രീയെ മാറ്റി നിര്‍ത്തുന്നു എന്നതാണ് എനിക്കും അറിയേണ്ടത്.

താങ്കള്‍ ദേവസ്വം പ്രസിഡന്റായിരിക്കുന്ന കാലത്താണ് ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര് മോഹനരര് ഒരു കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ശേഷം തന്ത്രി കാശുമായി താങ്കളെ സമീപിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈയിടെ പോസ്റ്റ് ചെയ്തത്. ഈ വിഷയത്തില്‍ സമൂഹത്തിന് കൂടുതല്‍ വിശദീകരണം ആവശ്യമല്ലേ?

2008 ല്‍ ഞാന്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലം. ആ സമയത്താണ് ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര് മോഹനരെ ശബരിമല തന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുന്നത്. കുറ്റം ലൈംഗിക ആരോപണം. ആരോപണം എന്നതിലുപരി കൊച്ചിയിലെ ഒരു സ്വകാര്യ ഫ്ളാറ്റില്‍ വച്ച് അദ്ദേഹം പൊലീസ് പിടിയില്‍ ആകുന്നു എന്നതായിരിക്കും കുറേക്കൂടി വ്യക്തം. അന്നിതൊക്കെ വലിയ വിഷയമാണ്. ലൈംഗികതയൊന്നും ഇത്രകണ്ട് അംഗീകരിക്കപ്പെട്ടിട്ടില്ല. ഇന്നല്ലേ ഇത്തരം കാര്യങ്ങള്‍ തെറ്റല്ല എന്ന കോടതി വിധിയൊക്കെ വന്നത്.

ലൈംഗീക വിഷയത്തില്‍ പിടിക്കപ്പെട്ട ഒരാളിനെ ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിലനിര്‍ത്തുതിനോട് ദേവസ്വം ബോര്‍ഡിന് പരസ്യമായ യോജിപ്പില്ലായിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ പ്രസിഡന്റായ ബോര്‍ഡ് മോഹനരെ തന്ത്രി സ്ഥാനത്തു നിന്നും പിരിച്ചുവിട്ടു. ഇതോടെ മോഹനര് പ്രത്യക്ഷത്തില്‍ ശബരിമലയില്‍ ഒരു അവകാശവും ഇല്ലാത്ത ഒരു സാധാരണക്കാരന്‍ ആയി.

ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തിയ മോഹനര് കേസില്‍ പരാജയപ്പെട്ടു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചു കൊണ്ടുള്ള വിധി പ്രഖ്യാപിച്ചു. അന്തിമവിധി കണ്ഠരര് മോഹനരര്‍ക്ക് എതിരായി വന്നു. അയാള്‍ ശബരിമല തന്ത്രി സ്ഥാനത്ത് തുടരാന്‍ ഒരു തരത്തിലും യോഗ്യനല്ലെന്നായി.

വിധിവരുന്നത് 2008 ല്‍ ആണ്. ആ വര്‍ഷം മുതല്‍ തന്നെ തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠരര് മോഹനരര് നീക്കപ്പെട്ടിട്ടുണ്ട്. പിന്നീട് എന്നാണ് മോഹനരര് താങ്കളെ കാണാന്‍ വരുന്നത്?

വിധി വന്ന ശേഷം, ആ വര്‍ഷത്തില്‍ തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും തന്ത്രി സ്ഥാനത്തേക്ക് തിരികെയെത്താനുമുള്ള നിരവധി ശ്രമങ്ങള്‍ മോഹനരര് നടത്തിയിട്ടുണ്ട്. ഇതൊക്കെയും എനിക്ക് അറിയാവുന്ന കാര്യവുമാണ്. എന്നാല്‍ അന്നത്തെ ബോര്‍ഡ് മെമ്പര്‍മാരെ സ്വാധീനിക്കുക അത്ര എളുപ്പമായിരുന്നില്ല. ഒരു തരത്തിലും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ ആയിരിക്കണം എന്നെ കാണാന്‍ വന്നത്.

ഒരു കോടി രൂപയോളമാണ് അന്ന് എനിക്ക് മാത്രം വാഗ്ദാനം ചെയ്തത്. മോഹനരര് മാത്രമല്ല അന്നെന്നെ കാണാന്‍ വന്നത്. കണ്ഠരര് മഹേശ്വരരും അമ്മയും മോഹനരരും അടങ്ങുന്ന കുടുംബമാണ് അന്നെന്നെ കാണാന്‍ എത്തുന്നത്. വഴുതക്കാട്ടെ എന്റെ വീട്ടില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്. എന്റെ മുറിയില്‍ വച്ച് കാശിനെ കുറിച്ചും തന്ത്രി സ്ഥാനത്തേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നു. അപ്പോള്‍ തന്നെ ഞാന്‍ വരെ ഇറക്കി വിടുന്നു. ഇത്രയും നീചമായ ഒരു കാര്യത്തിന് കൂട്ട് നില്‍ക്കില്ലെന്ന് മാത്രമേ അന്ന് ഞാന്‍ അയാളോട് പറഞ്ഞുള്ളൂ. അതില്‍ കൂടുതല്‍ എന്തെങ്കിലുമൊന്ന് സംസാരിക്കാന്‍ പോലും അന്നെനിക്ക് തോന്നിയിരുന്നില്ല.

എന്തായിരുന്നു അന്നത്തെ കോടതി വിധി? ഏത് സാഹചര്യത്തിന്റേയും നിയമത്തിന്റെയും മാനദണ്ഡത്തിലാണ് കോടതി നിര്‍ണ്ണായക തീരുമാനം കൈകൊണ്ടത്?

ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തന്ത്രി കുടുംബം അല്ലെന്നുമായിരുന്നു കോടതിവിധി. ദേവസ്വം ബോര്‍ഡിനെതിരെ ആയിരുന്നു അന്ന് കോടതിയില്‍ മോഹനരര് വാദം ഉന്നയിച്ചത്.

ജനാധിപത്യം നിലവില്‍ വന്നപ്പോള്‍ മൂന്ന് തരം ഭൂമികള്‍ ആണ് രാജ്യത്ത് ഉണ്ടായിരുന്നത്. രാജ്യസ്വം, ദേവസ്വം, അല്ലാത്തവ എന്നിവയായിരുന്നു അവ. ദേവസ്വം ഭൂമിയുടെ അധികാരം ആര്‍ക്കാണ് എന്ന വാദം വന്നപ്പോള്‍ അത് ദൈവങ്ങള്‍ക്കാണ് എന്നാണ് ഉത്തരം. ദൈവങ്ങളുടെ പേരില്‍ ഭൂമി എഴുതി വച്ചാല്‍ അതിലുള്ള ക്രയവിക്രയവും മറ്റ് കാര്യങ്ങളും പിന്നീട് വളരെ പ്രയാസമുള്ള പ്രശ്‌നമാകും. എന്നാല്‍ ജീവനില്ലാത്തതോ ചിന്താശേഷി ഇല്ലാത്തതോ ആയ ഒരു വിഗ്രഹമാണ് അതെന്ന് വിശ്വാസികളായ ഭക്തര്‍ സമ്മതിച്ചു തരില്ല. അതുകൊണ്ട്് ട്രസ്റ്റ് നിയമപ്രകാരം സ്വത്ത് ആര്‍ജിക്കാന്‍ ശേഷിയുള്ള ഒരു സംഭവമായി ദൈവത്തെ കണ്ടു.

ദൈവം മൈനര്‍ ആണെന്ന് വരുത്തിതീര്‍ത്തു. മൈനര്‍ ആയി പരിഗണിച്ച് സ്വത്ത് എഴുതിവച്ചാല്‍ ആ സ്വത്ത് കൈകാര്യം ചെയ്യാന്‍ മുതിര്‍ന്ന ഒരാളും, അതിന് കീഴില്‍ മറ്റ് അംഗങ്ങള്‍ ഉള്ള ഒരു കമ്മിറ്റിയും ആവശ്യമാണ്. അങ്ങനെയാണ് ദേവസ്വം സ്വത്ത് കാര്യങ്ങളിലും മറ്റ് വിഷയങ്ങളിലും മേല്‍നോട്ടവും അധികാരിയുമായി മാറുന്നത്.

അങ്ങനെ വരുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നമ്മള്‍ പറയുന്ന ക്ഷേത്രങ്ങള്‍ക്ക് കീഴില്‍ വരുന്ന സ്വത്തുക്കളും ക്ഷേത്രം വക കാര്യങ്ങളുമെല്ലാം തന്നെ നിയന്ത്രിക്കാനുള്ള അവകാശം ദേവസ്വത്തിന് മാത്രമാകും. ആ നിലപാടിന് പുറത്താണ് ഹൈക്കോടതി വിധിയും സുപ്രീംകോടതി വിധിയും ദേവസ്വത്തിന് അനുകൂലമാകുന്നത്. തന്ത്രി കുടുംബത്തിനോ താഴമണ്‍ കുടുംബത്തിനോ ശബരിമലയിലെ വിഷയങ്ങളില്‍ ഒരു തരത്തിലും തീരുമാനം എടുക്കാനുള്ള അവകാശം ഇല്ലാതായി എന്ന് ചുരുക്കം.

ഇന്ന് ശബരിമല വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്താന്‍ എങ്ങനെ ആണ് കണ്ഠരര് മോഹനര്‍ക്ക് സാധിക്കുന്നത്?

കോടതി വിധിയെക്കാള്‍ വലിയ വിധി എന്ന നിലയ്ക്കാണ് ശബരിമലയില്‍ ദേവപ്രശ്നത്തെ കാണുന്നത്. ദേവപ്രശ്നത്തില്‍ എന്ത് തെളിയുന്നുവോ അതാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളിലേയും അവസാന വാക്ക് എന്നാണ് അനുഭവം കൊണ്ട് ഞാന്‍ മനസ്സിലാക്കിയ കാര്യം.
അത്തരത്തില്‍ ഒരു ദേവപ്രശ്നം വയ്ക്കല്‍ ശബരിമലയില്‍ കുറച്ച് നാള്‍ മുന്‍മ്പ് നടന്നിട്ടുണ്ട്.

ശബരിമല കൊടിമര ചുവട്ടില്‍ വെച്ച് നടത്തിയ ആ പ്രശ്നംവയ്ക്കലില്‍ കണ്ഠരര് മോഹനരുടെ അച്ഛന്‍ മഹേശ്വരരുടെ മരണം ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു കൊണ്ട് ആയിരുന്നു എന്നും മകനെ ഓര്‍ത്തുള്ള വിഷമത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല എന്നും കണ്ടു എന്നല്ലൊമാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ മോഹനരെ തിരികെ എടുക്കാനുള്ള ശ്രമങ്ങളും ശബരിമലയില്‍ നടക്കുന്നു. അതിന് സാധിക്കുകയും ചെയ്യും. കാരണം ദേവപ്രശ്നത്തിന് അത്രമേല്‍ പ്രാധാന്യമാണ് ശബരിമല ക്ഷേത്രം നല്‍കുന്നത്.

ഇതിന് പുറമേ ഈ വിഷയത്തില്‍, അതായത് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് സ്വീകരിക്കുന്ന നിലപാടുകള്‍ എന്തെന്ന് നമ്മള്‍ കാണുന്നതാണ്. നിരന്തരം അവരുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയത ഭീകരമായ രീതിയില്‍ ഈ വിഷയത്തിന്‍ അവര്‍ പ്രയോഗിക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യം എതിലുപരി ജനങ്ങളെ തമ്മില്‍ ഭിപ്പിക്കുന്ന രീതി ഇതില്‍ ഉണ്ട് എന്നതിനെ ആഴത്തില്‍ നമ്മള്‍ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

അന്നോ അതിന് ശേഷമോ സാര്‍ ഈ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇത് വൈകിയ ഒരു തുറന്നു പറച്ചില്‍ അല്ലേ?

ഇത് ഒരു വിഷയമാക്കാന്‍ അന്നും ഇന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് ഇത് വരെ ഞാന്‍ ഈ വിഷയം തുറന്നു പറയാതിരുന്നതും. എന്നാല്‍ ഇന്ന് ശബരിമലയില്‍ നടക്കുന്ന സംഭവങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ചിലതൊക്കെ പറയാതിരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ശബരിമലയില്‍ ഒരു അധികാരവും ഇല്ലാത്ത ചിലര്‍ പരസ്യമായി പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരുമ്പോള്‍.

ശബരിമലയില്‍ ഇത്രയും വലിയൊരു ലഹള നടക്കുമ്പോള്‍ ഇത് പറയേണ്ടിയിരിക്കുന്നു എന്ന് തോന്നി. ഭരണഘടന അനുസരിച്ച് സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണ്. ജസ്റ്റിസ് പരിപൂര്‍ണ്ണന് 1992 ല്‍ ചെയ്യാന്‍ തോന്നിയ ഒരു വലിയ അബദ്ധമാണ് ഇന്നത്തെ അല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന് തോന്നിപ്പോകുന്നു. സ്ത്രീ പ്രവേശനം നിഷേധിച്ചു കൊണ്ട് അന്ന് അങ്ങനെ ഒരു വിധി വന്നില്ലായിരുന്നെങ്കില്‍ ഇന്നീ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല.

DoolNews Video