| Tuesday, 6th January 2026, 5:34 pm

ആകെയടിച്ചത് ആറ് സിക്‌സര്‍, അഞ്ചും ഒറ്റ ഓവറില്‍! നഷ്ടം മുംബൈക്ക് മാത്രം, ഇവന്‍ ഐ.പി.എല്ലിനില്ല

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ. 20യില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് 34 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു. ഡി കോക്ക് 41 പന്തില്‍ പുറത്താകാതെ 79 റണ്‍സടിച്ചപ്പോള്‍ 45 പന്തില്‍ പുറത്താകാതെ 85 റണ്‍സാണ് ബെയര്‍‌സ്റ്റോ സ്വന്തമാക്കിയത്.

എട്ട് ഫോറും ആറ് സിക്‌സറും അടക്കം 188.89 സ്‌ട്രൈക് റേറ്റിലായിരുന്നു ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന്റെ പ്രകടനം.

ബെയര്‍‌സ്റ്റോ ആകെയടിച്ച ആറ് സിക്‌സറില്‍ അഞ്ച് സിക്‌സറും ഒറ്റ ഓവറിലായിരുന്നു. കേശവ് മഹാരാജെറിഞ്ഞ 12ാം ഓവറിലായിരുന്നു ബെയര്‍സ്‌റ്റോയുടെ താണ്ഡവം.

ഓവറിലെ ആദ്യ പന്തില്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ സിക്‌സറടിച്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബെയര്‍‌സ്റ്റോ, രണ്ടാം പന്ത് മിഡ്‌വിക്കറ്റിന് മുകളിലൂടെയും മൂന്നാം പന്ത് ഡീപ്പ് മിഡ്‌വിക്കറ്റിന് മുകളിലൂടെയും അതിര്‍ത്തി കടത്തി.

നാലാം പന്തില്‍ ഫോറടിച്ച് ബെയര്‍സ്‌റ്റോ അടുത്ത രണ്ട് പന്തുകളും സിക്‌സറിന് പറത്തി ടീം സ്‌കോറും പാര്‍ട്ണര്‍ഷിപ്പും 150 കടത്തി. ക്യാപ്റ്റന്‍ കേശവ് മഹാരാജിന്റെ ഓവറില്‍ ആകെ പിറന്നത് 34 റണ്‍സായിരുന്നു.

അധികം വൈകാതെ ഇരുവരും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തുക്കയും ചെയ്തു.

താരത്തിന്റെ ഈ വെടിക്കെട്ട് ഇത്തവണ ഐ.പി.എല്ലില്‍ കാണാന്‍ സാധിക്കില്ല എന്നതാണ് ആരാധകരെ പാടെ നിരാശരാക്കുന്നത്. ഡിസംബറില്‍ നടന്ന ഐ.പി.എല്‍ 2026 താരലേലത്തില്‍ ഒരു ടീമും ഇംഗ്ലീഷ് സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല.

രോഹിത് ശര്‍മയ്‌ക്കൊപ്പം മുംബൈ ഇന്ത്യന്‍സില്‍

ഐ.പി.എല്‍ 2025ല്‍ താരം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. പരിക്കേറ്റ വില്‍ ജാക്‌സിന് പകരക്കാരനായാണ് മുംബൈ ബെയര്‍സ്‌റ്റോയെ ടീമിലെത്തിച്ചത്. പുതിയ സീസണിനായുള്ള താര ലേലത്തിന് മുമ്പായി ടീം ബെയര്‍‌സ്റ്റോയെ കൈവിടുകയും ചെയ്തു.

എന്നാല്‍ ഇതേ മത്സരത്തില്‍ ബെയര്‍‌സ്റ്റോക്കൊപ്പം ചേര്‍ന്ന് വെടിക്കെട്ട് നടത്തിയ ക്വിന്റണ്‍ ഡി കോക്ക് ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

അടിസ്ഥാന വിലയായ ഒരു കോടിക്കാണ് പ്രോട്ടിയാസ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ പള്‍ട്ടാന്‍സ് സ്വന്തമാക്കിയത്. പുതിയ സീസണില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഡി കോക്കായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും സണ്‍റൈസേഴ്‌സിന് സാധിച്ചു. അഞ്ച് മത്സരത്തില്‍ നിന്നും 17 പോയിന്റാണ് ടീമിനുള്ളത്.

ജനുവരി ഒമ്പതിനാണ് ടീമിന്റെ അടുത്ത മത്സരം. കിങ്‌സ്മീഡില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: SA20: Johnny Bairstow smashed 5 sixes in an over

We use cookies to give you the best possible experience. Learn more