എസ്.എ20യിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് എം.ഐ കേപ് ടൗണിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്ക് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ടീമുകളാണ് ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സും എം.ഐ കേപ് ടൗണും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെന്ന പോലെ എസ്.എ20യിലും ഇരു ടീമുകളുടെയും ഹെഡ് ടു ഹെഡ് ബാറ്റിലിനും ആരാധകര്‍ ഏറെയാണ്.
അതേസമയം, ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചതിന്റെ സകല ആത്മവിശ്വാസവുമായാണ് എം.ഐ കേപ് ടൗണ്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സറൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെതിരെ ഗംഭീര വിജയമാണ് റാഷിദ് ഖാന്‍ നയിച്ച കേപ് ടൗണ്‍ സ്വന്തമാക്കിയത്.
സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ 97 റണ്‍സിന്റെ മികച്ച വിജയമാണ് ടീം സ്വന്തമാക്കിയത്. കേപ് ടൗണ്‍ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മി 77 റണ്‍സിന് പുറത്തായി.
അഞ്ച് വിക്കറ്റ് നേടിയ ഡെലാനോ പോട്ഗീറ്ററിന്റെ കരുത്തിലാണ് എം.ഐ വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ കിങ്‌സിനെതിരെയും പോട്ഗീറ്ററടക്കമുള്ള ബൗളര്‍മാരുടെ കരുത്തിനെ തന്നെയാണ് എം.ഐ ആശ്രയിക്കുന്നത്.