| Wednesday, 10th June 2026, 9:39 pm

വിരാട് കോഹ്‌ലിയും വൈഭവ് സൂര്യവംശിയും ഒരുമിച്ച് കളിക്കുന്നത് രസകരമായിരിക്കും: ശ്രീശാന്ത്

ശ്രീരാഗ് പാറക്കല്‍

2028ല്‍ വരാനിരിക്കുന്ന ലാ ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശി സ്വര്‍ണമെഡല്‍ നേടിത്തരുമെന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. മാത്രമല്ല വിരമിച്ചില്ലെങ്കില്‍ വിരാട് കോഹ്‌ലിയും വൈഭവ് സൂര്യവംശിയും ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മുന്‍ പേസര്‍ പറഞ്ഞു. സ്‌പോര്‍ട്സ് വിത്ത് രവീഷ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

‘ഈ വര്‍ഷം നമ്മള്‍ നേടിയ ടി-20 ലോകകപ്പ് ടീമില്‍ സൂര്യംശി ഉണ്ടാകേണ്ടതായിരുന്നു. മാത്രമല്ല സൂര്യവംശി നമുക്ക് ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിത്തരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിധി മാറ്റിമറിക്കുന്ന കളിക്കാരനാകാന്‍ പോകുന്നത് അദ്ദേഹമായിരിക്കും. 2028 ലെ ഒളിമ്പിക് ഗെയിംസില്‍, വൈഭവ് സൂര്യവംശിയായിരിക്കും ശ്രദ്ധ നേടുക.

വിരാട് കോഹ്‌ലി വിരമിച്ചില്ലെങ്കില്‍ 2028ലെ ഒളിമ്പിക്‌സില്‍ കളിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കും. ടീമിലെ സീനിയര്‍മാരുടെയും ജൂനിയര്‍മാരുടെയും നല്ല കോമ്പിനേഷനായിരിക്കും അത്. സൂര്യവംശിയും വിരാടും ഒരുമിച്ച് കളിക്കുന്നത് വളരെ രസകരമായിരിക്കും,’ സ്‌പോര്‍ട്സ് വിത്ത് രവീഷ് എന്ന യൂട്യൂബ് ചാനലില്‍ ശ്രീശാന്ത് പറഞ്ഞു.വിരാട് കോഹ്‌ലി വൈഭവ് സൂര്യവംശിയോട് സംസാരിക്കുന്നത് – Photo: Crictoday

2026ലെ ഐ.പി.എല്‍ സീസണില്‍ വമ്പന്‍ ബാറ്റിങ് പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. സീസണില്‍ വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.

മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

ഇതിനെല്ലാം പുറമെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിലും യുവ താരം ഇടം നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു.

Content Highlight: S Sreesanth Talking About Vaibhav Suryananshi And Virat Kohli

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more