| Saturday, 22nd February 2025, 10:26 pm

കോടികള്‍ മുടക്കിയിട്ടുള്ള യുദ്ധ സീനുകളൊന്നും ആ ചിത്രത്തിലില്ല; ഒരുപാട് പേര്‍ തേടിക്കൊണ്ടിരിക്കുന്ന ഉത്തരമാണ് ഉള്ളത്: എസ്. എന്‍ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വര്‍ഷമിറങ്ങിയ സീക്രട്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരും അഭിനയിച്ചിരുന്നു.

സീക്രെട്ട് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍ സ്വാമി. ആരും പറയാത്ത വിഷയത്തെ കുറിച്ചാണ് സീക്രെട്ട് എന്ന സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും ചിത്രത്തില്‍ ത്രില്ലുകളെല്ലാം ആവശ്യത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു. ഓണ്‍ ലൂക്കേഴ്സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍ സ്വാമി.

‘ഇങ്ങനെ ഒരു ഴോണറില്‍ ലോകത്ത് ഒരു സിനിമയും വന്നിട്ടില്ല. അങ്ങനെ പറയാത്തൊരു സബ്ജക്റ്റാണ് നമ്മള്‍ ഇതിനകത്ത് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇത് മിസ്ട്രിയാണ്. ഇതിനകത്ത് ത്രില്ലുകളെല്ലാം ആവശ്യത്തിനുണ്ട്. പറയാത്ത പല കണക്ഷനുകളും ഉണ്ട്.

അന്ധവിശ്വാസം, കേട്ടുകേള്‍വി, പഴയ വിശ്വാസം എന്നൊക്കെ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നതിന് ഒരു ലോജിക്കല്‍ ആയിട്ടുള്ള കണക്ഷന്‍ ഈ സിനിമ കൊടുക്കുന്നുണ്ട്. അപ്പോള്‍ അതെല്ലാം ജനങ്ങളെ സംബന്ധിച്ച് ഒരു പുതിയ അറിവായിരിക്കണം എന്നാണ് എന്റെ വിശ്വാസം.

ഒരു മാറ്റം എന്ന കാര്യത്തിന് ജനങ്ങള്‍ ചെവിക്കോര്‍ക്കുകയാണെങ്കില്‍ ഈ സിനിമ പ്രയോജനപ്പെടും എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും. ഇതില്‍ വ്യത്യസ്തമായ രീതിയിലുള്ള കഥപറച്ചിലാണ്. എന്നാല്‍ ആ ചിത്രം കണ്ണഞ്ചിപ്പിക്കുന്ന സിനിമയാണെന്നൊന്നും ഞാന്‍ പറയില്ല. കോടികള്‍ മുടക്കിയിട്ടുള്ള യുദ്ധ സീനുകളൊന്നും ചിത്രത്തിലില്ല.

ഇതൊരു സോഷ്യല്‍ സിനിമ തന്നെയാണ്. എന്നാല്‍ ആരും ഇതുവരെ പറയാത്ത ഒരു വിഷയം നമ്മള്‍ പറയുന്നുണ്ടെന്ന് മാത്രം. ഒരുപാട് പേര്‍ തേടിക്കൊണ്ടിരിക്കുന്ന ഉത്തരമാണ് ഇതിനകത്തുള്ളത്. ഉത്തരം കിട്ടാതാകുമ്പോള്‍ നമ്മള്‍ പലതും അങ്ങനെ ആയിരിക്കാം ഇങ്ങനെ ആയിരിക്കാം എന്നെല്ലാം പറയാറില്ലേ, എന്നാല്‍ അതിനെല്ലാം കൃത്യമായ ഉത്തരം ഈ സിനിമ തരുന്നുണ്ട്,’ എസ്.എന്‍ സ്വാമി സംസാരിക്കുന്നു.

Content highlight: S N Swamy talks about Secret Movie

We use cookies to give you the best possible experience. Learn more