| Wednesday, 4th November 2026, 1:03 pm

മോഹൻലാലിന്റെ ആ ഷോട്ട് ആദ്യം ഇല്ലായിരുന്നു; ഷൂട്ട് ചെയ്തതിനു ശേഷം ക്യാമറ കട്ട് ചെയ്ത് ഞാൻ കരഞ്ഞു; എസ്.കുമാർ

അനുപമ കെ. സീത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും അതേസമയം ആവർത്തിച്ചു കാണാൻ ഇഷ്ടമല്ലാത്തതുമായ സിനിമകളിലൊന്നാണ് പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന താളവട്ടം. മോഹൻലാൽ, കാർത്തിക, നെടുമുടി വേണു, സോമൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം പ്രേക്ഷകരുടെ ഹൃദയം നിറച്ചിട്ടും ക്ലൈമാക്സ് കാണാൻ കെല്പില്ലാത്തതിനാൽ വീണ്ടുമൊരാവർത്തി കൂടെ കാണാൻ പ്രേക്ഷകർ തയ്യാറാവാറില്ല.

ചിത്രത്തിന്റെ അവസാന ഭാഗത്ത് മോഹൻലാലിൻറെ കഥാപാത്രമായ വിനുവിനെ നെടുമുടി വേണുവിന്റെ കഥാപാത്രമായ ഡോക്ടർ രവീന്ദ്രൻ കഴുത്തു ഞെരിച്ചു കൊല്ലുകയാണ്. ശസ്ത്രക്രിയയിലൂടെ ബുദ്ധിയും ഓർമയും നഷ്ടപ്പെട്ട വിനു ജീവച്ഛവമായി കിടക്കുന്നത് കാണുന്ന ഡോക്ടർ തകർന്നു പോകുകയും വിനുവിനെ അങ്ങനെ ജീവിതകാലം മുഴുവൻ കാണാൻ ആഗ്രഹിക്കാത്തതുകൊണ്ട് കൊല്ലുകയാണ്.

മോഹൻലാലിന്റെ കഥാപാത്രത്തെ കൊല്ലുന്ന ക്ലോസ്അപ് ഷോട്ട് ആദ്യം ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് താളവട്ടത്തിന്റെ ഛായാഗ്രാഹകനായ എസ്.കുമാർ പറയുന്നത്. ക്ലോസപ് ഷോട്ടിലുള്ള ആ രംഗം ചിത്രത്തിന്റെ ഡബ്ബിങ് ഉൾപ്പടെ കഴിഞ്ഞിട്ടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഷോസ്‌കേപ് ജേണലിന്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം താളവട്ടം സിനിമയുമായി ബന്ധപ്പെട്ട ഓർമകളെ കുറിച്ച് സംസാരിച്ചത്.

താളവട്ടം.Photo.Screen Grab/Facebook.com/Youtube.com

‘ലാസ്റ്റിൽ ലാലിനെ കൊണ്ട് വന്ന ശേഷം അതിന്റെ ഫിനിഷ് ഷോട്ടുണ്ട്. അവനെ കൊല്ലുക എന്നുള്ളതിന്റെ ഒരു ഓപ്പറേഷൻ ചെയ്തതിനു ശേഷം ഇങ്ങനെ ഒരു ഡെഡ് ബോഡി പോലെ കിടക്കുന്നുണ്ട്. ജീവിതം മുഴുവൻ ഇങ്ങനെ കിടക്കാം. എന്റെ ഉണ്ണിയെ എനിക്ക് ഇനി ഇങ്ങനെ കാണണ്ട എന്നുള്ള ഉദ്ദേശത്തിലാണ് വേണു ചേട്ടൻ അത് ചെയ്ത്. ശരിക്കും ആ ഷോട്ട് ഇല്ലായിരുന്നു.

മുഴുവൻ ഷൂട്ടിങ് കഴിഞ്ഞ് ഡബ്ബിങ് കഴിഞ്ഞതിനു ശേഷമാണ് പ്രിയൻ പറയുന്നത് ഒരു ക്ലോസപ്പ് അവശേഷിക്കുന്നുണ്ടെന്ന്. വേണു ചേട്ടൻ ഞെക്കി കൊല്ലുന്നതൊക്കെ നമ്മൾ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ലാലിന്റെ ഒരു ക്ലോസ്അപ് ഉണ്ടായിരുന്നില്ല. ഒരു മാസമോ രണ്ട് മാസമോ കഴിഞ്ഞതിനു ശേഷമാണ് അത് എടുക്കുന്നത്. അവിടെ ക്യാമറയും ഞാനും പ്രിയനും പിന്നെ വേണു ചേട്ടനും ഒന്ന് രണ്ട് ആൾക്കാരും മാത്രമേയുള്ളൂ.

അവിടെ പോലും നിങ്ങൾക്ക് തോന്നിയ ആ ഷോട്ട് അത് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ മോഹൻലാൽ എന്നൊരു ആക്ടർ മാത്രമാണ്. അതിനകത്ത് ഒരു ആക്ഷൻ പറയുക എന്നുള്ളത് മാത്രമല്ലത്. എത്രയോ ദിവസത്തിന് മുമ്പേ ഷൂട്ട് ചെയ്ത ഒരു സാധനത്തിന്റെ ബാക്കി, ഒരു ക്ലോസ് അപ് എടുക്കുമ്പോൾ, എനിക്ക് തോന്നി മോഹൻലാൽ എന്താണെന്നുള്ളത് മോഹൻലാലിന് ഇപ്പോഴും അറിയില്ലെന്ന്. ഷൂട്ട് ചെയ്തതിനു ശേഷം ക്യാമറ കട്ട് ചെയ്തു. പക്ഷേ ഞാൻ എന്റെ കണ്ണെടുത്തിട്ടില്ലായിരുന്നു, ഞാൻ അവിടെ നിന്ന് കരയുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlight: S. Kumar stated that after filming a specific shot of Mohanlal, he cut the camera and cried right there.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more