| Tuesday, 1st July 2025, 9:41 am

ഫഹദിന്റെ ആ സിനിമ കണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ തീവ്ര ആരാധകനായത്: എസ്.ജെ.സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച എസ്.ജെ. സൂര്യ അജിത്തിനെ നായകനാക്കി 1999ല്‍ റിലീസായ വാലിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു. രണ്ടാം വരവില്‍ അഭിനയത്തില്‍ അദ്ദേഹം ഏവരെയും ഞെട്ടിക്കുകയാണ്.

ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത വീര ധീര സൂരനില്‍ എസ്.ജെ. സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വിപിന്‍ദാസിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനോടൊപ്പം മലയാളത്തില്‍ എസ്. ജെ. സൂര്യ അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ കേട്ടിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

തന്റെ ആദ്യത്തെ മലയാള സിനിമയാണതെന്നും ഫഹദിനോടൊപ്പം ഒന്നിച്ച് അഭിനയിക്കുന്നു എന്നത് വളരേയധികം സന്തോഷം പകരുന്ന കാര്യമാണെന്നും എസ്.ജെ.സൂര്യ പറയുന്നു. ഫഹദ് അഭിനയിച്ച എല്ലാ സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും ആ സിനിമകളൊക്കെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ‘ആവേശം’കണ്ടാണ് താന്‍ ഫഹദിന്റെ തീവ്ര ആരാധകനായതെന്നും വളരെ മനോഹരമായി അദ്ദേഹം അതില്‍ വ്യത്യസ്തമായി അഭിനയിച്ചിട്ടുണ്ടെന്നും എസ്.ജെ.സൂര്യ പറഞ്ഞു. നാന മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ആദ്യത്തെ മലയാള സിനിമയാണത്. അതും ഫഹദിനോടൊപ്പം ഒന്നിച്ച് അഭിനയിക്കുന്നു എന്നത് വളരേയധികം സന്തോഷം പകരുന്നു. അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ആ സിനിമകളൊക്കെ എനിക്ക് ഇഷ്ടവുമായിരുന്നു. എന്നാല്‍ ‘ആവേശം’കണ്ടിട്ട് ഞാന്‍ ഫഹദിന്റെ തീവ്ര ആരാധകനായി. അത്ര മനോഹരമായി അദ്ദേഹം അതില്‍ വ്യത്യസ്തമായി അഭിനയിച്ചിരുന്നു,’ എസ്.ജെ. സൂര്യ പറഞ്ഞു.

Content Highlight: S. J. Suryah about  Fahadh Faasil

We use cookies to give you the best possible experience. Learn more