സംവിധായകനായി കരിയറാരംഭിച്ച് ഇന്ന് തമിഴിലെ മികച്ച നടന്മാരുടെ ലിസ്റ്റില്‍ ഇടംനേടിയ താരമാണ് എസ്.ജെ സൂര്യ. തമിഴ് സൂപ്പര്‍താരം അജിത് കുമാറിനെ അതുവരെ കാണാത്ത രീതിയില്‍ ഡെവിളിഷായി അവതരിപ്പിച്ച വാലിയിലൂടെയാണ് എസ്.ജെ. സൂര്യ സ്വതന്ത്ര സംവിധായകനായത്. തൊട്ടുപിന്നാലെ വിജയ്‌ക്കൊപ്പം ഖുഷി എന്ന ചിത്രം ഒരുക്കി തമിഴിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ചു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഇരൈവിയാണ് എസ്.ജെ സൂര്യ എന്ന നടനെ പ്രേക്ഷകരില്‍ രജിസ്റ്ററാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും അദ്ദേഹം വിസ്മയിപ്പിച്ചു. മാര്‍ക്ക് ആന്റണിയിലെ പ്രകടനത്തിലൂടെ ‘നടിപ്പ് അരക്കന്‍’ (അഭിനയ രാക്ഷസന്‍) എന്ന് സിനിമാലോകം എസ്.ജെ. സൂര്യയെ വിശേഷിപ്പിച്ചു.

റിലീസിനൊരുങ്ങുന്ന ജയിലര്‍ 2ല്‍ പ്രധാന വില്ലനാണ് അദ്ദേഹം. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ മലയാളി താരം മമിത ബൈജുവിനെക്കുറിച്ച് എസ്.ജെ. സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. നടിപ്പ് അരക്കി (അഭിനയ രാക്ഷസി) എന്ന വിശേഷണം ആര്‍ക്ക് ചേരുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നടിപ്പ് അരക്കി എന്ന് വിളിക്കാന്‍ തോന്നിയ നടിമാരെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം വരുന്ന പേര് മമിത ബൈജുവിന്റേതാണ്. സമീപകാലത്ത് ഭയങ്കരമായിട്ടുള്ള പെര്‍ഫോമന്‍സാണ് മമിത കാഴ്ചവെക്കുന്നത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. സൗത്ത് ഇന്ത്യയില്‍ മമിതയാണെങ്കില്‍ ബോളിവുഡില്‍ അത് ആലിയ ഭട്ടാണ്. ഇവര്‍ രണ്ടുപേരുടെയും പെര്‍ഫോമന്‍സ് ഗംഭീരമാണ്,’ എസ്.ജെ സൂര്യ പറയുന്നു.

ജയിലര്‍ 2ല്‍ രജിനികാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രജിനികാന്ത്- നെല്‍സണ്‍ കോമ്പോ ഈ സിനിമയുടെ ഷൂട്ടിനിടയില്‍ തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയെന്നും ഇരുവരുടെയും കെമിസ്ട്രി അപാരമായിരുന്നെന്നും എസ്.ജെ. സൂര്യ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയിലര്‍ 2ന് മുമ്പ് രജിനി സാറിന്റെ ഒരു സിനിമയില്‍ എനിക്കൊരു ചാന്‍സ് കിട്ടിയതായിരുന്നു. പക്ഷേ, അത് വളരെ ചെറിയ റോളായിരുന്നു. എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് ആ റോള്‍ വേണ്ടെന്നുവെച്ചു. ഇപ്പോള്‍ ജയിലര്‍ 2ല്‍ അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന ഒരു വലിയ റോള്‍ തന്നെ എനിക്ക് കിട്ടി,’ എസ്. ജെ സൂര്യ പറഞ്ഞു.

Content Highlight: S J Surya saying Mamitha Baiju is acting monster