അഫ്ഗാനിസ്ഥാനെ തൂക്കിയടിച്ച പ്രോട്ടീയാസ് കൊടുങ്കാറ്റ്; കൊണ്ടുപോയത് ഇരട്ട റെക്കോഡ്
Sports News
അഫ്ഗാനിസ്ഥാനെ തൂക്കിയടിച്ച പ്രോട്ടീയാസ് കൊടുങ്കാറ്റ്; കൊണ്ടുപോയത് ഇരട്ട റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st February 2025, 6:03 pm

ചാമ്പ്യന്‍സ് ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പാകിസ്ഥാനിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ ബാറ്റിങ് തുടരുന്ന പ്രോട്ടിയാസ് 42.6 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് ആണ് നേടിയത്. ടീമിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണ്‍ റിയാന്‍ റിക്കില്‍ടണ്‍ ആണ്. 106 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് താരം നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പ്രോട്ടിയാസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒരു സെഞ്ച്വറി നേടുന്നത്. അതേസമയം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആകാനും റയാന്‍ റിക്കില്‍ടണ്ണിന് സാധിച്ചു.

ചാമ്പ്യന്‍സ് ട്രോഫി സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, എതിരാളി, റണ്‍സ്, വര്‍ഷം

ആന്‍ഡി ഫ്‌ലവര്‍ (ഓസ്‌ട്രേലിയ) – ഇന്ത്യ – 145 – 2002

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – ഇംഗ്ലണ്ട് – 134* – 2013

ടോം ലാഥം (ന്യൂസിലാന്‍ഡ്) – പാകിസ്ഥാന്‍ – 118* – 2025

റിയാല്‍ റിക്കില്‍ടണ്‍ (സൗത്ത് ആഫ്രിക്ക) – അഫ്ഗാനിസ്ഥാന്‍ – 103 – 2025

റാഷിദ് ഖാന്‍ ഒരു റണ്‍ ഔട്ടിലൂടെയാണ് റിയാനെ പുറത്താക്കിയത്. താരത്തിന് പുറമേ പ്രോട്ടിയാസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ തെംബ ബാവുമയാണ്. 76 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല ടീമിനുവേണ്ടി നാലാമനായി ഇറങ്ങിയ റാസി വാണ്ടര്‍ ഡസന്‍ 46 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സും നേടി അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്.

നിലവില്‍ ടീമിനു വേണ്ടി ക്രീസില്‍ തുടരുന്നത് 19 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും 11 റണ്‍സ് നേടിയ ഡേവിഡ് മില്ലറുമാണ്.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബിയാണ് വിക്കറ്റ് വീഴ്ത്തി തുടങ്ങിയത്. ടോണി ഡി സോസിയെ 11 റണ്‍സിനാണ് താരം പറഞ്ഞയച്ചത്. ശേഷം ക്യാപ്റ്റനെയും നബി പുറത്താക്കി. നൂര്‍ അഹമ്മദ് റാസിയെയും പുറത്താക്കി.

 

Content Highlight: Ryan Rickelton In Great Record Achievement In 2025 Champions Trophy